കാര്‍ഷിക രംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് 

തിരുവനന്തപുരം: കേരളത്തിന്റെ ഇപ്പോഴത്തെ കാര്‍ഷിക സാഹചര്യത്തില്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് സമ്പ്രദായം അവലംബിക്കുന്നത് കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് കൃഷി മന്ത്രി  അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ആന്ധ്രയിലേക്കാള്‍ ഫലപ്രദമായി ഈ സമ്പ്രദായം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.  കാര്‍ഷിക, കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ഏകദിന ശില്പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 2010 ല്‍ ജൈവകാര്‍ഷിക നയം രൂപീകരിച്ചതിനു ശേഷം ആ നയത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചത് ഈ സര്‍ക്കാരാണ്. ജൈവകാര്‍ഷിക നയത്തിന്റെ ഭാഗമായി കാര്‍ഷിക സര്‍വകലാശാലയുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചും തീരുമാനങ്ങള്‍ എടുത്തിരുന്നു. അങ്ങനെ ഇന്ത്യയില്‍ത്തന്നെ ആദ്യമായി ജൈവകൃഷിരീതി പ്രാബല്യത്തില്‍ വന്ന സംസ്ഥാനമായി കേരളം മാറി.

കേരളത്തിന്റെ മണ്ണിന് വലിയതോതില്‍ അപകടകരമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. കൃഷി ഉപജീവനമായി കാണുന്നവര്‍ക്ക് ഉത്പാദനക്ഷമത സംഭവിച്ച സംശയങ്ങള്‍ സ്വാഭാവികമാണ്. അതിന് വലിയൊരളവില്‍ മറുപടിയാവാന്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

വനിതാ ഓഫീസര്‍മാര്‍ കൃഷിവകുപ്പില്‍ വളരെയധികമുണ്ട് എന്നത് കൃഷിവകുപ്പിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. സര്‍വകലാശാലയില്‍ നിന്നു പഠിച്ച പാഠങ്ങള്‍ കാര്‍ഷികരംഗത്ത് ഗുണപരമായി വിനിയോഗിക്കുക എന്നത് വെല്ലുവിളിയായി ഓരോരുത്തരും ഏറ്റെടുക്കണം. കാര്‍ഷിക സംരക്ഷണത്തിലൂടെ ആരോഗ്യമുള്ള ജനതയെയും അന്തരീക്ഷത്തെയും മണ്ണിനെയും ആര്‍ജ്ജിച്ചെടുക്കാനും സാധിക്കണം. ലോകം മുഴുവന്‍ പ്രകൃതിയുമായി ബന്ധപ്പെട്ട കാര്‍ഷിക രീതിയിലേക്ക് തിരിച്ചുപോകുകയാണ്. പുതിയതലമുറ കീടനാശിനികളും രാസവസ്തുക്കളും ധാരാളമായി കമ്പോളത്തില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പ്രകൃതിക്കിണങ്ങുന്ന ശാസ്ത്രീയമായ കൃഷിരീതികള്‍ സംബന്ധിച്ച ഗവേഷണങ്ങളും ധാരാളമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിന്റെ ഉപജ്ഞാതാവും പദ്മശ്രീ ജേതാവുമായ സുഭാഷ് പലേക്കര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. കൃഷി നടത്താന്‍ വായ്പകളോ അമിത ചെലവുകളോ ആവശ്യമില്ലാത്ത കൃഷിരീതിയാണിത് എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയോടിണങ്ങി രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെയുള്ള കൃഷിരീതി ആന്ധ്രയിലും മറ്റു ചില സംസ്ഥാനങ്ങളിലും വിജയം കണ്ടിരിക്കുന്നു. കാര്‍ഷിക രംഗത്തിന്റെ ഭാവിക്ക് അനിവാര്യമാണ് ഈ കൃഷിരീതിയെന്നും പല വിളകള്‍ കൃഷി ചെയ്യലാണ് ഇതിന്റെ ഒരു സവിശേഷതയെന്നും ഇതിലൂടെ കര്‍ഷകന് ലാഭം ഉറപ്പായിരിക്കുമെന്നും പലേക്കര്‍ പറഞ്ഞു.

സുഭാഷ് പലേക്കറിന് വകുപ്പിന്റെ ഉപഹാരം മന്ത്രി കൈമാറി. 2018ലെ വൈഗ കൃഷി ഉന്നതി മേളയുടെ വെബ്സൈറ്റും മന്ത്രി ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. നവകേരളം കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്, മുന്‍ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ്, തണല്‍ പ്രോഗ്രാം ഡയറക്ടര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ദേവേന്ദ്രകുമാര്‍ സിംഗ്, വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കാര്‍ഷിക സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, സമേതി ഡയറക്ടര്‍ ലീന കെ.ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല: ടാറ്റ പ്രൊജക്ട്സ് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു

സാധാരണ ജീവിതം മെച്ചപ്പെടുത്താന്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍