
ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവാദ സംഭവത്തിൽ ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ് ( Mark Zuckerberg ) പരസ്യമായി മാപ്പ് പറഞ്ഞു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചന സംഭവിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിജ് അനലറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗ് തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞത്.
അഞ്ചു കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് സംഭവം വൻ വിവാദമായതോടെയാണ് മാപ്പപേക്ഷയുമായി ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പ്ലാറ്റ് ഫോമിലുള്ള ആപ്പുകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്നത് നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവരങ്ങള്‍ ചോര്‍ന്നത് വളരെ വലിയ വിശ്വാസ വഞ്ചനയാണെന്നും ഇൗ സംഭവത്തില്‍ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അടിസ്ഥാനപരമായ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും സക്കര്‍ ബര്‍ഗ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും ബ്രെക്സിറ്റ് അനുകൂലികളെയും സഹായിക്കുന്നതിനായി അനുവാദമില്ലാതെ അഞ്ചു കോടിയിലേറെ ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഫേസ് ബുക്കിനെതിരായ പ്രധാന ആരോപണം.
വിവരങ്ങള്‍ ചോര്‍ത്താനായി നിര്‍മിച്ച ആപ്പ് 2,70,000 ഉപയോക്താക്കൾ ഡൗണ്‍ലോഡ് ചെയ്തതായി ഫേസ്ബുക്ക് അധികൃതര്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഫേസ്ബുക്കിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി.
രാഷ്ട്രീയലാഭത്തിനായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഫേസ്ബുക്ക് വിശദീകരണം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടീഷ് നിയമസാമാജികരും ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.