Movie prime

പാട്ടുകേട്ടാൽ മാറുന്നതല്ല വിഷാദരോഗം, പാട്ടുകേൾക്കാനേ തോന്നാത്ത അവസ്ഥയാണത്

കാരശ്ശേരി മാഷോട് സ്നേഹപൂർവം വിയോജിക്കുന്നു വേണ്ടത്ര ഗ്രാഹ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായ പ്രകടനത്തിന് പോകരുത് എന്ന് അറിവുള്ളവർ പറയാറുണ്ട്.കാരശ്ശേരി മാഷിൻ്റെ വിഷാദ രോഗത്തെ കുറിച്ചുള്ള വീഡിയോ സന്ദേശം കാണുമ്പോൾ പെട്ടന്ന് ഓർമ വരുന്നതും അതാണ്.വ്യക്തികൾക്ക് മനസ്സുവെച്ചാൽ സ്വന്തം നിലയിൽ പരിഹരിക്കാൻ കഴിയുന്നതാണ് വിഷാദം എന്ന മാഷിൻ്റെ അഭിപ്രായം തീർത്തും തെറ്റും അബദ്ധ ജടിലവും അശാസ്ത്രീയവും അസംബന്ധവും ഒരു ജനസമൂഹത്തെയാകെ വഴി തെറ്റിക്കുന്നതുമാണെന്ന് പറയാതെ വയ്യ.വിഷാദം സങ്കീർണമായ ഒരു മന:ശാസ്ത്ര പ്രശ്നമാണ് എന്ന യാഥാർഥ്യത്തെ മറന്നു കൊണ്ടാണ് മാഷ് അതിനുള്ള ചെറിയ ചെറിയ More
 
പാട്ടുകേട്ടാൽ മാറുന്നതല്ല വിഷാദരോഗം, പാട്ടുകേൾക്കാനേ തോന്നാത്ത അവസ്ഥയാണത്

കാരശ്ശേരി മാഷോട് സ്നേഹപൂർവം വിയോജിക്കുന്നു


വേണ്ടത്ര ഗ്രാഹ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായ പ്രകടനത്തിന് പോകരുത് എന്ന് അറിവുള്ളവർ പറയാറുണ്ട്.
കാരശ്ശേരി മാഷിൻ്റെ വിഷാദ രോഗത്തെ കുറിച്ചുള്ള വീഡിയോ സന്ദേശം കാണുമ്പോൾ പെട്ടന്ന് ഓർമ വരുന്നതും അതാണ്.
വ്യക്തികൾക്ക് മനസ്സുവെച്ചാൽ സ്വന്തം നിലയിൽ പരിഹരിക്കാൻ കഴിയുന്നതാണ് വിഷാദം എന്ന മാഷിൻ്റെ അഭിപ്രായം തീർത്തും തെറ്റും അബദ്ധ ജടിലവും അശാസ്ത്രീയവും അസംബന്ധവും ഒരു ജനസമൂഹത്തെയാകെ വഴി തെറ്റിക്കുന്നതുമാണെന്ന് പറയാതെ വയ്യ.
വിഷാദം സങ്കീർണമായ ഒരു മന:ശാസ്ത്ര പ്രശ്നമാണ് എന്ന യാഥാർഥ്യത്തെ മറന്നു കൊണ്ടാണ് മാഷ് അതിനുള്ള ചെറിയ ചെറിയ ‘പൊടിക്കൈകൾ’ നിർദേശിക്കുന്നത്.
രോഗത്തെ അറിയാതെയുളള ഇത്തരം ‘ചികിത്സകൾ’ സമൂഹത്തിന് ദോഷകരമാണ് എന്ന തിരിച്ചറിവിലേക്ക് മാഷ് വരേണ്ടതുണ്ട്.
വിഷാദം എന്നത് ചികിത്സ അനിവാര്യമായ ഒരു രോഗാവസ്ഥയാണ്.
മന:ശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരുമാണ് അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കേണ്ടത്. 
ശാരീരികവും മാനസികവുമായ കാരണങ്ങൾക്ക് പുറമേ സാമൂഹ്യവും ജനിറ്റിക്കലുമായ  കാരണങ്ങളും വിഷാദ രോഗത്തിലേക്ക് നയിക്കുന്നതായി പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.


അതിസങ്കീർണവും വൈവിധ്യ പൂർണവുമായ മാനസികാസ്ഥകളാണ് വിഷാദ രോഗികൾ അനുഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
എന്നാൽ എത്ര ലളിതമായ യുക്തികൾ കൊണ്ടാണ് എം എൻ കാരശ്ശേരി മാഷ് അതിനെ വിശദീകരിക്കുന്നതെന്ന് നോക്കുക…
“എന്നോട് പലവട്ടമായി പലരും പറയുന്നു, വിഷാദത്തെപ്പറ്റി സംസാരിക്കണമെന്ന് ” എന്ന മുഖവുരയോടെയാണ് അദ്ദേഹത്തിൻ്റെ വിഷാദ വീഡിയോ സന്ദേശത്തിൻ്റെ തുടക്കം.
“ജീവിതത്തിൽ ദു:ഖങ്ങളുണ്ട്.
അതിൽ സംശയമില്ല.
ബുദ്ധൻ പറയുന്നുണ്ട്, രഥത്തെ ചക്രമെന്നതു പോലെ ജീവിതത്തെ ദു:ഖം പിന്തുടരുന്നു എന്ന് “… 
… തികച്ചും ഫിലോസഫിക്കലായാണ് പിന്നീടുള്ള മാഷിൻ്റെ സംഭാഷണം പുരോഗമിക്കുന്നത്.
നമ്മുടെ അമ്മയും പ്രിയപ്പെട്ട കുഞ്ഞും അച്ഛനും ആത്മാർഥ സുഹൃത്തും മരിക്കുന്നു…
ഇഷ്ടപ്പെട്ട ജോലി കിട്ടുന്നില്ല…
ഇഷ്ടപ്പെട്ട കല്യാണം കഴിക്കാൻ പറ്റുന്നില്ല…
പ്രണയം പരാജയപ്പെടുന്നു…
അങ്ങിനെ ദു:ഖങ്ങളെപ്പറ്റിയും നിരാശാഭരിതമാവാനുള്ള  സാഹചര്യങ്ങളെപ്പറ്റിയുമാണ് തുടർന്ന് മാഷ് വിശദീകരിക്കുന്നത്.
താനിത് പറയുന്നത് മന:ശാസ്ത്രമോ മാനസിക ചികിത്സാ ശാസ്ത്രമോ ഒന്നും പഠിച്ചിട്ടല്ലെന്ന് തുടക്കത്തിൽ തന്നെ അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്.
താൻ പഠിപ്പിച്ച കുട്ടികൾക്കും തൻ്റെ പല കൂട്ടുകാർക്കും കുടുംബത്തിലെ പലർക്കും വിഷാദരോഗം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
വിഷാദത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉപരിപ്ലവമായ വിശകലനങ്ങളെ അതിൻ്റെ തന്നെ വഴിക്ക് വിടാം…
എന്നാൽ വിഷാദം എന്ന അതി സങ്കീർണവും അടിയന്തര ചികിത്സ അർഹിക്കുന്നതുമായ രോഗാവസ്ഥയെ മറികടക്കാനുള്ള ‘ലളിതമായ’ നിർദേശങ്ങൾ മുന്നോട്ടു വെയ്ക്കുന്നിടത്താണ് ആ വീഡിയോ സന്ദേശത്തിലെ അപകടങ്ങൾ പതിയിരിക്കുന്നത്.
സംഗീതം ആസ്വദിക്കുന്നതും പുസ്തകങ്ങൾ വായിക്കുന്നതും സിനിമ കാണുന്നതും കായിക കളികളിൽ ഏർപ്പെടുന്നതും കൂട്ടുകാരോടൊത്ത് സംസാരിക്കുന്നതും “നല്ല” , ” ഒന്നാന്തരം” മരുന്നാണെന്ന് കാരശ്ശേരി മാഷിലെ “അനുഭവസ്ഥൻ” സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കൗതുകകരമായ കാര്യം ഇതാണ്.
സംഗീതം ആസ്വദിക്കാനോ, 
പുസ്തകങ്ങൾ വായിക്കാനോ,
സിനിമ കാണാനോ,
കായിക വിനോദങ്ങളിൽ ഏർപ്പെടാനോ,
എന്തിന് കൂട്ടുകാരോടൊത്ത് സംസാരിച്ചിരിക്കാനോ പോലും
സാധിക്കാത്ത അവസ്ഥയെയാണ് ‘കഠിനമായ വിഷാദം’ എന്ന രോഗാവസ്ഥയായി ഡോക്ടർമാർ തിരിച്ചറിയുന്നത്.
ദു:ഖങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാവർക്കും ഉണ്ടാകുമെന്നും അതിനെ നേരിടാനുള്ള തൻ്റേടമാണ് വിഷാദ രോഗികൾ ആർജിക്കേണ്ടതെന്നും ആദരണീയനായ കാരശ്ശേരി മാഷ് പറഞ്ഞു വെയ്ക്കുന്നുണ്ട്.
അതിനൊന്നും സാധിക്കാത്തവണ്ണം അപകടകരമായ അവസ്ഥയിലാണ് വിഷാദ രോഗികളുള്ളത്. 

ആത്മഹത്യയിൽപ്പോലും അഭയം പ്രാപിക്കുന്നത്… 
ആധുനിക മന:ശാസ്ത്ര വിശകലനങ്ങൾ അക്കാര്യം പറഞ്ഞുതന്നിട്ടും അതേപ്പറ്റി അശാസ്ത്രീയമായ ധാരണകളാണ് മാഷ് പങ്കുവെയ്ക്കുന്നതെന്ന് തുറന്നു  പറയേണ്ടിയിരിക്കുന്നു.
കവികളും കലാകാരന്മാരും എഴുത്തുകാരുമെല്ലാം അവരവരുടെ മേഖലകളിൽ ആധികാരികമായി സംസാരിക്കുന്നത് എല്ലാവരും ഇഷ്ടപ്പെടും. 
എല്ലാവരും അംഗീകരിക്കും.
എന്നാൽ അറിയാത്ത കാര്യത്തെപ്പറ്റി ആധികാരികമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുന്നത് നല്ലതല്ല.
അത് അപകടകരവുമാണ്.
രോഗങ്ങളെപ്പറ്റി ഡോക്ടർമാർ മാത്രമേ അഭിപ്രായം പറയാവൂ എന്ന സങ്കുചിത ബോധത്തോടെയല്ല ഇക്കാര്യം പറയുന്നതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
ശാസ്ത്രീയമെങ്കിൽ, 
യുക്തിസഹമെങ്കിൽ, 
പൊതു സമൂഹത്തിന് ഗുണകരമായ ഏതു വിവരവും കൈമാറാൻ 
ജനാധിപത്യപരമായ അവകാശം എല്ലാവർക്കുമുണ്ട്.
എന്നാൽ തെറ്റായ കാര്യങ്ങൾ കൈമാറാതിരിക്കാനുള്ള പക്വതയും വിവേകവും കാണിക്കേണ്ടത് സാമൂഹ്യ ജീവിതത്തിൻ്റെ തന്നെ നിലനിൽപ്പിന് അനിവാര്യമാണ്. 
വിഷാദരോഗത്തിന് ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ടെന്നും അത് ഒരു മോട്ടിവേഷണൽ സ്പീച്ചിലെ ലളിതമായ ക്രിയകൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ലെന്നും തിരിച്ചറിയണം.   
വിഷാദത്തിന് മരുന്ന് കഴിക്കരുതെന്ന് മാഷെപ്പോലെ ഉന്നതശീർഷനായ ഒരാൾ ഉപദേശിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം ചില്ലറയല്ലല്ലോ… 
അപകടകരമായ ആ അപാകത ചൂണ്ടിക്കാട്ടുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.

‘പോസിറ്റിവിറ്റി’ വാരിവിതറി മറ്റുള്ളവരുടെ ജീവിതം മാറ്റി മറിക്കാൻ ഉത്സാഹിക്കുന്ന ആവേശഭരിതരായ ഒട്ടേറെ ‘അഭ്യുദയ കാംക്ഷികളെ’ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെല്ലാം നാം കണ്ടുമുട്ടാറുണ്ട്.   
മെഡിറ്റേഷൻ ചെയ്യാനും… 
വ്യായാമങ്ങളിൽ നിരന്തരം ഏർപ്പെടാനും… 
ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കാതെ ചങ്ങാതിമാർക്കൊപ്പം സമയം ചിലവഴിക്കാനും… 
പാട്ടു കേൾക്കാനും…
പൂന്തോട്ട പരിപാലനത്തിൽ ഏർപ്പെടാനും…  
പുസ്തകങ്ങൾ വായിക്കാനും… 
‘ഫീൽ ഗുഡ് ‘ സിനിമകൾ കാണാനുമെല്ലാം അവർ ഉപദേശ നിർദേശങ്ങൾ വാരിക്കോരി നല്കിക്കൊണ്ടിരിക്കും.
മോട്ടിവേഷണൽ സ്പീക്കർമാരും ടിക്ടോക്  പ്രമുഖരും ആറുമാസ മന:ശാസ്ത്ര കോഴ്സിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരുമാണ് അത്തരം അവതാരങ്ങൾ.
ആ കൂട്ടത്തിലല്ല എം എൻ കാരശ്ശേരി മാഷിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.
അതിനാൽ അങ്ങേയറ്റം ആദരവോടെ മാഷുമായി വിയോജിക്കാൻ സദയം അനുവദിക്കുക.