in

പന്ത്രണ്ടാമത് ‘കണ്‍വെന്‍ഷന്‍സ് ഇന്ത്യ’ സംഗമം ഓഗസ്റ്റ് 29 മുതല്‍ 31 വരെ കൊച്ചിയില്‍ 

തിരുവനന്തപുരം: മൈസ് (എംഐസിഇ-മീറ്റിംഗ്സ്, ഇന്‍സെന്‍റീവ്സ്, കോണ്‍ഫെറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) ടൂറിസത്തിലെ പന്ത്രണ്ടാമത് രാജ്യാന്തര സമ്മേളനമായ ‘കണ്‍വെന്‍ഷന്‍സ് ഇന്ത്യ കോണ്‍ക്ലേവ്’ (സിഐസി)-ന് കൊച്ചി വേദിയാകുന്നു. ബോള്‍ഗാട്ടിയിലെ  ഗ്രാന്‍ഡ് ഹയാത്തില്‍ ഓഗസ്റ്റ് 29 മുതല്‍ 31 വരെ നടക്കുന്ന  സംഗമം കേന്ദ്ര ടൂറിസം  മന്ത്രാലയത്തിന്‍റേയും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റേയും സംയുക്ത സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബ്യൂറോ (ഐസിപിബി) നേതൃത്വം നല്‍കുന്ന സംഗമത്തില്‍ മൈസ് മേഖലയിലെ പ്രമുഖരും ലോകത്തെമ്പാടുമുള്ള അനുബന്ധ പങ്കാളികളും ബിസിനസ് ഇടപാടുകള്‍ക്കായി ഒത്തുചേരുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു.   

‘ഇന്ത്യയുടെ സുസ്ഥിര മൈസ് ഭാവി ഭൂപടം’ എന്നതാണ് മുഖ്യപ്രമേയം. ബിസിനസ് വികസനത്തിന്‍റെ  പുത്തന്‍ മേഖലകളില്‍   പ്രതിനിധികള്‍ക്ക്  അവസരം സൃഷ്ടിക്കുന്നതിന് സമ്മേളനം പ്രാമുഖ്യം നല്‍കും. പ്രദര്‍ശനവും ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകളുമാണ് സുപ്രധാന ആകര്‍ഷണങ്ങള്‍.

അന്താരാഷ്ട്ര തലത്തിലുള്ള ബയേഴ്സിന് നമ്മുടെ രാജ്യത്തെ കണ്‍വെന്‍ഷന്‍ സാധ്യതകളെക്കുറിച്ച് സമഗ്രമായ വിവരം നല്‍കുന്നതാണ് ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിഐസി സമ്മേളനം. സ്പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന ഇഐബിടിഎം വേള്‍ഡ് (ഇന്‍സന്‍റീവ് ആന്‍റ് ബിസിനസ് ട്രാവല്‍ ആന്‍ഡ് മീറ്റിംഗ്) ഫ്രാങ്ക്ഫര്‍ട്ട് ഐമെക്സ്, ലാസ് വെഗാസ് ഐമെക്സ് തുടങ്ങിയ ബൃഹദ് സമ്മേളനങ്ങളുടെ മാതൃകയിലാണ് സിഐസിയും ഒരുക്കിയിട്ടുള്ളത്.

 ഉന്നതതല സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും അവസരം നല്‍കുന്ന ഒഴിവുകാല വിനോദസഞ്ചാരത്തിന് അന്തരീക്ഷമുള്ള കൊച്ചിയേയും സമീപ പ്രദേശങ്ങളേയും മികച്ച മൈസ്  കേന്ദ്രമായി അനാവരണം ചെയ്യുന്നതിനാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നത്.

സിഐസിയിലൂടെ ബൃഹദ് കണ്‍വെന്‍ഷനുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ആഗോള കേന്ദ്രമായി കൊച്ചി മാറ്റപ്പെടുമെന്ന്  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിപുലമായ ആഭ്യന്തര, രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് അനുയോജ്യമായ മികച്ച അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവ ശേഷിയും കൊച്ചി പ്രദാനം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കാലവര്‍ഷക്കെടുതി ബാധിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കയില്ല. മാറ്റിവച്ച പ്രഥമ ചാമ്പ്യന്‍സ്  ബോട്ട് ലീഗ് മത്സരങ്ങള്‍ നടത്തും. വള്ളക്കാര്‍, തുഴച്ചിലുകാര്‍, ഭാരവാഹികള്‍, സംഘാടകര്‍ എന്നിവരില്‍ നിന്ന് ബോട്ട് ലീഗ് ഉടന്‍ നടത്തുന്നതിന് സമ്മര്‍ദ്ദമുണ്ടെന്നും മന്ത്രി പറഞ്ഞു. 

പ്രമുഖ പ്രഭാഷകര്‍, ദേശീയ-അന്തര്‍ദേശീയ  ബയേഴ്സ്, എഴുപതോളം പ്രദര്‍ശകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ മുന്നൂറ്റി അന്‍പതോളം പ്രതിനിധികള്‍ സംഗമത്തില്‍  പങ്കെടുക്കും. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുര്‍ക്കി, സൈപ്രസ്, ബ്രസീല്‍, അസര്‍ബെയ്ജന്‍, കസാഖ്സ്ഥാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതോളം ബയേഴ്സ് തങ്ങളുടെ പങ്കാളിത്തം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. നൂറ് ആഭ്യന്തര ബയര്‍മാരും 70 പ്രദര്‍ശകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന വിനോദസഞ്ചാരമേഖലയിലെ നൂതന ഉല്‍പ്പന്നങ്ങളാണ് മൈസ് ടൂറിസവും സാഹസിക ടൂറിസവുമെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. ഇവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അതിന്‍റെ ഭാഗമാണ് സിഐസി സമ്മേളനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ കീഴില്‍ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബ്യൂറോയുടെ കേരള ചാപ്റ്റര്‍ കേരളത്തെ മികച്ച മൈസ് കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ  ഈ സമ്മേളനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിലൂടെ  ലോക കണ്‍വെന്‍ഷന്‍ വ്യവസായ ഭൂപടത്തില്‍ കേരളത്തെ കൊണ്ടുവരുമെന്നും ഐസിപിബി വൈസ് ചെയര്‍മാന്‍ ശ്രീ ചന്ദേര്‍ മന്‍ഷരമണി പറഞ്ഞു. 2023 നകം ഇന്ത്യയെ ലോകത്തിലെ പത്ത് മികച്ച കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മന്ത്രാലയത്തിന്‍റെ കീഴില്‍ ഐസിപിബി നേതൃത്വം നല്‍കിയ മൈസ് ടൂറിസത്തിന്‍റെ സാമ്പത്തിക സ്വാധീനം എന്ന ഗവേഷണ റിപ്പോര്‍ട്ടും സംഗമത്തില്‍ അവതരിപ്പിക്കും. 

ബിസിനസ് ശ്യംഖല രൂപീകരണം, വിജ്ഞാന വിനിമയം, സമകാലിക വിവരശേഖരണം എന്നിവയ്ക്ക്  മികച്ച വേദിയാകുന്ന സംഗമത്തില്‍ ആഭ്യന്തര, രാജ്യാന്തര വിപണി സ്രോതസുകളില്‍ നിന്നെത്തുന്ന  സംഘാടകരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തും. മെഡിക്കല്‍-ഇതര, വിദ്യാഭ്യാസ, കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്നുള്ള വിവിധ ഇന്ത്യന്‍ അസോസിയേഷേനുകളില്‍  ആസൂത്രണ രംഗത്തു പ്രവര്‍ത്തിക്കുന്നവരുമായും ആശയവിനിമയം നടത്താം.  

മേഖലയിലെ പ്രമുഖ വിതരണക്കാരായ പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഴ്സ്, പ്രൊഫഷണല്‍ എക്സിബിഷന്‍ ഓര്‍ഗനൈസേഴ്സ്, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ഹോട്ടലുകള്‍, യാത്രാസംഘാടകര്‍, സേവന ദാതാക്കള്‍ എന്നിവര്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കും. അനുബന്ധ വിഷയങ്ങളില്‍ അറിവു പകരുന്ന വിജ്ഞാനപ്രദമായ സെഷനുകളും പാനല്‍ ചര്‍ച്ചകളും നടക്കും.

ഇന്ത്യയിലെ കണ്‍വെന്‍ഷന്‍ വേദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന  ഐസിപിബി എംഐസിഇ പ്ലാനറിന്‍റെ  പ്രകാശനമാണ് സംഗമത്തിലെ മറ്റൊരു സവിശേഷത.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ബയോടെക്നോളജിയില്‍ ആര്‍ജിസിബി നൂതന എംഎസ്സി കോഴ്സുകള്‍ തുടങ്ങി

പരിനീതി മനസ്സ് തുറക്കുന്നു