Movie prime

പപ്പുവിന്‍റെ ഓര്‍മകള്‍ക്ക് 20 വയസ്സ്: പപ്പുവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ ഇതാ

നടന് കുതിരവട്ടം പപ്പു മണ്മറഞ്ഞിട്ട് ഇരുപത് വര്ഷം കഴിഞ്ഞിരിക്കുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ നമ്മളെ ഏറെ ചിരിപ്പിക്കുകയും വളരെ കുറവെങ്കിലും ഗൌരവ കഥാപാത്രങ്ങളിലൂടെ ആ തലങ്ങളിലേക്കും പപ്പു നമ്മളെ കൊണ്ടുപോയിട്ടുണ്ട്. ഫെബ്രുവരി 25 2000ലാണ് പപ്പു വിടവാങ്ങിയത്. 1963ല് പുറത്തിറങ്ങിയ ‘മൂടുപടം’ ആയിരുന്നു ആദ്യ ചിത്രം . പിന്നീട് എ.വിന്സെന്റ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്ഗവി നിലയം’ സിനിമയാക്കിയപ്പോള് അതില് ശ്രദ്ധേയമായ വേഷം ലഭിച്ചു. പപ്പു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കുതിരവട്ടം സ്വദേശിയായിരുന്ന പത്മദളാക്ഷനെ ആദ്യമായി കുതിരവട്ടം പപ്പു More
 
പപ്പുവിന്‍റെ ഓര്‍മകള്‍ക്ക് 20 വയസ്സ്: പപ്പുവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ ഇതാ

നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ നമ്മളെ ഏറെ ചിരിപ്പിക്കുകയും വളരെ കുറവെങ്കിലും ഗൌരവ കഥാപാത്രങ്ങളിലൂടെ ആ തലങ്ങളിലേക്കും പപ്പു നമ്മളെ കൊണ്ടുപോയിട്ടുണ്ട്. ഫെബ്രുവരി 25 2000ലാണ് പപ്പു വിടവാങ്ങിയത്.

1963ല്‍ പുറത്തിറങ്ങിയ ‘മൂടുപടം’ ആയിരുന്നു ആദ്യ ചിത്രം . പിന്നീട് എ.വിന്‍സെന്‍റ് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘ഭാര്‍ഗവി നിലയം’ സിനിമയാക്കിയപ്പോള്‍ അതില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു. പപ്പു എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. കുതിരവട്ടം സ്വദേശിയായിരുന്ന പത്മദളാക്ഷനെ ആദ്യമായി കുതിരവട്ടം പപ്പു എന്ന് നാമകരണം ചെയ്തത് സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താനായ വൈക്കം മുഹമ്മദ്‌ ബഷീര്‍ തന്നെയായിരുന്നു. അത് പിന്നീട് പപ്പുവിന്‍റെ ട്രേഡ്മാര്‍ക്കായി മാറി. പിന്നീടുള്ള 37 വര്‍ഷക്കാലയളവില്‍ ആയിരത്തി ഇരുനൂറിലധികം ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം. അദ്ദേഹത്തിന്‍റെ മകന്‍ ബിനു പപ്പു ഇപ്പോള്‍ മലയാള സിനിമയില്‍ സഹസംവിധായകനും നടനുമാണ്‌.

അദ്ദേഹത്തിന്‍റെ വളരെ രസകരമായ ചില കഥകള്‍ വായനക്കാരുമായി പങ്കുവെയ്ക്കാം.

ഒരിക്കല്‍ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് അദ്ദേഹം ഊട്ടിയിലേക്ക് പോവുകയായിരുന്നു. തമിഴ്നാടിനോട് ചേര്‍ന്നുള്ള ഒരു അതിര്‍ത്തിഗ്രാമത്തിലെ ചെറിയ അങ്ങാടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പപ്പു പറഞ്ഞു. നല്ല വിശപ്പ്. കാര്യമായെന്തെങ്കിലും കഴിക്കണം. ചെറുതെങ്കിലും വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടപ്പോഴാണ് കാര്‍ നിര്‍ത്താന്‍ പറഞ്ഞത്.

നിത്യജീവിതത്തില്‍ താരജാഡകളൊന്നും കാണിക്കാത്തയാളാണ് പപ്പു. കൈലിയും ബനിയനും, ചിലപ്പോഴൊരു തലയില്‍ക്കെട്ടുമൊക്കെയായിരിക്കും വേഷം. അതുെകാണ്ട് പപ്പുവിനെ ആരും തിരിച്ചറിഞ്ഞില്ല.

മധ്യവയസ്‌കനായ ഒരു ഹാജിയാരാണ് കടയുടമ. അന്തസ്സുള്ള പെരുമാറ്റം. അതീവ രുചികരമായ ഭക്ഷണം. വയറുനിറയെ പൊറോട്ടയും മട്ടണ്‍കറിയും കഴിച്ച് സംതൃപ്തിയോടെ ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലുടമ വിനയത്തോടെ പപ്പുവിനോട് ചോദിച്ചു: ‘ങ്ങള് കുതിരവട്ടം പപ്പുവല്ലേ?’ പപ്പു അതേയെന്ന് തലയാട്ടി. ‘ഭക്ഷണം മോശമായിട്ടൊന്നൂല്ലല്ലോ?’ഭക്ഷണം അടിപൊളിയാണെന്നും ഇനിയും ഇതുവഴി വരുമ്പോള്‍ കയറാമെന്നുമൊക്കെപ്പറഞ്ഞ് പപ്പു യാത്രയായി.
ലൊക്കേഷനിലെത്തിയിട്ടും ആ മട്ടണ്‍കറിയുടെ രുചി പപ്പുവിന്റെ നാവില്‍നിന്നു പോയിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മറ്റുള്ളവരും അത് ആസ്വദിച്ചുകൊണ്ടിരുന്നു.

ഏതാണ്ട് രണ്ടു വര്‍ഷത്തിനുശേഷമാണ് പപ്പു അതുവഴി വീണ്ടും വന്നത്. പഴയ ഹോട്ടലില്‍ കയറാനുള്ള ആവേശത്തോടെയാണ് വരവ്. ഹോട്ടലിന്റെ കൗണ്ടറില്‍ ഹാജിയാരുണ്ട്. പരിചയഭാവത്തോടെ ഹാജിയാരോട് ചിരിച്ച് പപ്പു ഹോട്ടലിലേക്കു കയറി. അല്ല, ഇതെന്തുപറ്റി? ഹാജിയാര്‍ക്ക് പണ്ടത്തെ സ്നേഹമൊന്നുമില്ല. പപ്പുവിനെ സൂക്ഷിച്ചൊന്ന് നോക്കിയശേഷം ‘ങാഹാ, കാണിച്ചുതരാം’ എന്നു പിറുപിറുത്തുകൊണ്ട് ഹാജിയാര്‍ കടയുടെ വെളിയിലേക്കോടി.

‘എടാ ബീരാനേ, ഉസ്മാനേ, പോക്കറേ, ഓടി ബരിനെടാ, ഇതാടാ കുതിരവട്ടം പപ്പു ബന്നിരിക്ക്ണ്’. ഹാജിയാര്‍ അലറിവിളിക്കുകയാണ്. പപ്പുവിന്റെ ഉള്ളൊന്ന് കാളി. എന്തിനാണിയാള്‍ ആളുകളെ വിളിച്ചുകൂട്ടുന്നത്? എങ്ങനെയെങ്കിലും തടിയൂരണം എന്നാലോചിക്കുമ്പോഴേക്കും അങ്ങാടിയിലെ ആളുകളെല്ലാം ഹോട്ടലിനു ചുറ്റും തടിച്ചുകൂടിയിരുന്നു. വീരപ്പനെ പിടിച്ച എസ്.പി. വിജയകുമാറിന്റെ ഭാവത്തില്‍, ഹാജിയാര്‍ നെഞ്ചുവിരിച്ചുനിന്ന് പൊതുജനത്തോടായി പ്രഖ്യാപിച്ചു:

‘എടാ, നായിന്റെ മക്കളെ, കണ്ടോളിന്‍, കുതിരവട്ടം പപ്പു ഇതാ നിക്കണ്. നാളെ ഞമ്മള് നൊണ പറഞ്ഞൂന്ന് പറയരുത്.’
ആവേശംകൊണ്ട് ഹാജിയാര്‍ കിതയ്ക്കുകയാണ്. ഇതെന്ത് നാടകമെന്ന് പപ്പു അമ്പരന്നുനില്‍ക്കെ ഹാജിയാര്‍ പ്രഖ്യാപിച്ചു: ‘ഇനി എല്ലാരും പൊയ്ക്കോളീ. ഞമ്മള് മൂപ്പര്ക്ക് ഭക്ഷണം കൊടുക്കട്ടെ.’

പപ്പുവിനെ വിളിച്ചിരുത്തി സ്നേഹപൂര്‍വം പൊറോട്ടയും മട്ടണും വിളമ്പിക്കൊടുത്തുകൊണ്ട് ഹാജിയാര്‍ കഥ വിവരിച്ചു. കഴിഞ്ഞ തവണ പപ്പു വന്ന കാര്യം നാട്ടുകാരോട് പറഞ്ഞപ്പോള്‍ ആരുമത് വിശ്വസിച്ചില്ല. ‘പിന്നേ, സിനിമാനടന്മാര് വന്ന് ഭക്ഷണം കഴിക്കുന്ന ഹോട്ടലേയ്’ എന്ന മട്ടില്‍ അവരത് പുച്ഛിച്ചു തള്ളി. മാത്രമല്ല ഹാജിയാരുടെ ‘പെരുംനൊണ’ അങ്ങാടിയിലാകെ ചര്‍ച്ചയാവുകയും ചെയ്തു. പറഞ്ഞുപറഞ്ഞ് അയാള്‍ക്കൊരു വിളിപ്പേരും വീണു. ‘കുതിരവട്ടം ഹാജിയാര്‍!’

നാട്ടുകാരുടെ കാര്യം പോകട്ടെ. ഭാര്യയും കുട്ടികളുംപോലും വിശ്വസിച്ചില്ല. സ്‌കൂളില്‍ പഠിക്കുന്ന മകള്‍ ബാപ്പയോട് പിണങ്ങി. അവള്‍ കൂട്ടുകാരികളോടെന്തെങ്കിലും പറഞ്ഞാല്‍, ‘പോടീ നുണച്ചീ. നീ കുതിരവട്ടം ഹാജിയാരുടെ മോളല്ലേ?’ എന്ന് അവര്‍ കളിയാക്കും. കാരണം, ഷൂട്ടിങ്ങുകളെല്ലാം മദ്രാസില്‍ മാത്രം നടക്കുന്ന അക്കാലത്ത് സിനിമാതാരങ്ങളെ കാണുക എന്നത് അത്രയും അപൂര്‍വസംഭവമായിരുന്നു. ഇങ്ങനെ പരിഹാസം കേട്ടുകേട്ട് ഹാജിയാരുടെ ഹാലിളകി നില്‍ക്കുമ്പോഴായിരുന്നു പപ്പുവിന്റെ വരവ്.

എത്ര നിര്‍ബന്ധിച്ചിട്ടും ഹാജിയാര്‍ ബില്ല് വാങ്ങിയില്ല. പപ്പുവിനെ കാറില്‍ കയറ്റി യാത്രയാക്കിയിട്ടേ ഹാജിയാര്‍ മടങ്ങിയുള്ളൂ. ഏതായാലും പപ്പുവിന്റെ വയറ് നിറഞ്ഞു; ഹാജിയാരുടെ മനസ്സും.

വര്‍ഷം 1996. ഷൂട്ടിങ് സൈറ്റുകളില്‍ പേരുകേട്ട ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയില്‍ സത്യന്‍ അന്തിക്കാട് ചിത്രമായ തൂവല്‍ക്കൊട്ടാരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനുപിരിഞ്ഞ നേരം. മനയായതുകൊണ്ട് നോണ്‍വെജിന് ഇവിടം നിരോധിത മേഖലയാണ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഒരാള്‍ അവിടെ കാത്തിരുന്നു; ഉച്ചഭക്ഷണത്തിന് അല്‍പം അക്ഷമയോടെ. ഭക്ഷണ പാത്രം എത്തിയപ്പോള്‍ കാത്തിരിപ്പിനു വിരാമമായി. പക്ഷേ അപ്പോഴാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്. പാത്രം എങ്ങനെയോ താഴെ വീണു. നോണ്‍വെജ് നിരോധിത മേഖലയില്‍ മീന്‍ കറിയും മീന്‍ വറുത്തതും വീണു ചിതറി.

സെറ്റിലുള്ളവരില്‍ ഏറെപ്പേര്‍ക്കും, ആര്‍ക്കാണ് മീന്‍ കൊണ്ടുവന്നതെന്ന് മനസ്സിലായില്ല. പക്ഷേ എല്ലാമറിയാമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാത്രം ചിരിച്ചു. അതേ സമയം, ഇഷ്ടഭക്ഷണം നഷ്ടപ്പെട്ട വേദനയില്‍ ഒരാള്‍ വിഷണ്ണനായി ഇരുന്നു; മറ്റാരുമല്ല കുതിരവട്ടം പപ്പു തന്നെ. മീന്‍ അദ്ദേഹത്തിന്‍റെ ഒരു ബലഹീനത തന്നെയായിരുന്നു എന്ന് സുഹൃത്തായ മാമുക്കോയ. ഒരു മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില്‍ പപ്പുവിന്‍റെ മീന്‍ കൊതി അദ്ദേഹം പറയുന്നുണ്ട്.

കോരപ്പന്‍ ദി ഗ്രേറ്റ്’ എന്ന സിനിമയുടെ ഷൂട്ടിങ് മലമ്പുഴയില്‍ നടക്കുന്ന സമയം. എത്തിയപാടെ പപ്പു സമീപത്തെ കടയില്‍നിന്ന് ഒരു ചൂണ്ട വാങ്ങി. ഇടവേളകളില്‍ മലമ്പുഴ ഡാമില്‍നിന്ന് മീന്‍പിടിത്തമായിരുന്നു പണി. ”പുറത്ത് 40 രൂപ കിലോവിന് വിറ്റിരുന്ന മീന്‍ അങ്ങനെ പപ്പുവേട്ടന്‍ വെറും അഞ്ചു രൂപയ്ക്ക് സ്വന്തമാക്കി”. സിനിമയും നാടകവുമല്ലാതെ പപ്പുവിനും മാമുക്കോയയ്ക്കും പൊതുവായി എന്തുണ്ടെന്നു ചോദിച്ചാല്‍ ‘മീന്‍ഭ്രാന്ത്’ എന്നായിരിക്കും ഉത്തരം. ”ഞാന്‍ സിനിമയിലെത്തുന്നതിന് എത്രയോ മുമ്പ് സിനിമയിലെത്തിയതാണ് പപ്പുവേട്ടന്‍. അതിനു മുമ്പ് ഞങ്ങളെല്ലാം നാടകരംഗത്തുണ്ട്. സിനിമയില്‍ കോമഡിരംഗത്ത് അടൂര്‍ ഭാസി-ബഹദൂര്‍ ടീം കത്തിനില്‍ക്കുന്ന സമയത്താണ് പപ്പുവേട്ടന്റെ രംഗപ്രവേശം. എന്റെ സുഹൃത്തും വഴികാട്ടിയും അങ്ങനെ എന്തെല്ലാമോ ആയിരുന്നു പപ്പുവേട്ടന്‍. ഷൂട്ടിങ് കഴിഞ്ഞാല്‍ ഞങ്ങള്‍ പപ്പുവേട്ടന്റെ മുറിയില്‍ ഒരുമിച്ചു കൂടുക പതിവായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു”. നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ആലഞ്ചേരി തമ്പ്രാക്കള്‍, ഡോക്ടര്‍ പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പപ്പുവും മാമുക്കോയയും ഒരുമിച്ച് അഭിനയിച്ചു.

”വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന പടത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ നടക്കുന്ന സമയം. തൊട്ടടുത്തു തന്നെ ധര്‍മേന്ദ്ര നായകനായ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അല്‍പനേരം ഒഴിവു കിട്ടിയാല്‍ പപ്പുവേട്ടന്‍ ഹിന്ദി ചിത്രത്തിന്റെ സെറ്റില്‍ ചെന്നിരിക്കും. തിരിച്ചെത്തുമ്പോള്‍, ‘ധര്‍മേട്ടന്റെ അടുത്തായിരുന്നു’ എന്നു പറയും. ധര്‍മേന്ദ്രയെയാണ് നമ്മുടെ അടുത്ത ആള്‍ എന്ന നിലയില്‍ ‘ധര്‍മേട്ടന്‍’ എന്നു സംബോധന ചെയ്തത്. ഷൂട്ടിങ് തീരാറായപ്പോഴേക്കും ഇരുവരും നല്ല സുഹൃത്തുക്കളായി. കാര്‍ണിവല്‍ ഷോകളില്‍ നിരന്തരം നാടകങ്ങള്‍ കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. ‘പൈലറ്റ് പപ്പു’ എന്ന നാടകമൊക്കെ അന്നു ഞങ്ങള്‍ അങ്ങനെ കളിച്ചതാണ്. ജനങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ പിന്നെ ആര്‍ക്കും ഒരു നടനെ തഴയാന്‍ കഴിയില്ലെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പപ്പുവേട്ടന്‍”.

വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പുവേട്ടന്‍ അനശ്വരമാക്കിയ കഥാപാത്രം യഥാര്‍ഥത്തില്‍ താന്‍ ചെയ്യാനിരുന്നതാണെന്ന് മാമുക്കോയ. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം ഷൊര്‍ണൂരില്‍ ഷൂട്ടിങ് തുടങ്ങിയ സമയത്തു തന്നെയാണ് വെള്ളാനകളുടെ നാടിന്റെ ഷൂട്ടിങ് കോഴിക്കോട്ടു തുടങ്ങുന്നത്. ”പൊന്മുട്ടയിടുന്ന താറാവില്‍ എനിക്ക് ആദ്യവസാന വേഷമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍കൂടി വിളിച്ചു പറഞ്ഞാണ് പപ്പുവേട്ടന്‍ ആ വേഷം ഏറ്റെടുക്കുന്നത്. പപ്പുവേട്ടന്‍ ചെയ്തപ്പോള്‍ അതിലെ ‘താമരശ്ശേരി ചുരം…’ ഏറെ ഹിറ്റായി. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം അയാളുടെ അഭാവം ചര്‍ച്ചചെയ്യപ്പെടുകയെന്നുള്ളതാണ്. ‘പെരുമഴക്കാലം’ എന്ന ചിത്രത്തില്‍ സലിംകുമാര്‍ ചെയ്ത റോള്‍ പപ്പുവിനെക്കൊണ്ടേ ചെയ്യാന്‍ പറ്റൂ എന്ന് തിരക്കഥാകൃത്ത് ടി.എ. റസാഖും സംവിധായകന്‍ കമലും പറഞ്ഞത് മാമുക്കോയ സ്മരിക്കുന്നു. പപ്പുവിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് അതുതന്നെയാണ്.