covid vaccine
in

കോവിഡ് വാക്സിൻ: ആദ്യഘട്ടത്തിൽ 50 ലക്ഷം ഡോസ് സംഭരിക്കാൻ ശ്രമം

Covid vaccine

പ്രാഥമിക ഘട്ടത്തിൽ കോവിഡ് വാക്സിൻ്റെ 50 ലക്ഷത്തോളം ഡോസുകൾ സംഭരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, സൈനിക ഉദ്യോഗസ്ഥർ, മറ്റു മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കാവും ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്.Covid vaccine

റെഗുലേറ്ററി നടപടിക്രമങ്ങൾ മറികടന്ന് വാക്സിൻ ലഭ്യമാകുമ്പോൾ മുൻഗണന നല്കേണ്ട വിഭാഗങ്ങളെപ്പറ്റിയുളള ചർച്ച വിവിധ തലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. വിതരണ ശൃംഖലകളെ പറ്റിയും ചർച്ച നടക്കുന്നുണ്ട്. മുൻ‌നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഏറ്റവും ദുർബലരായ വിഭാഗങ്ങളിൽ വരുന്നവർക്കുമാണ് പ്രതിരോധ വാക്സിൻ ആദ്യം ലഭ്യമാക്കുക. വിതരണ ശൃംഖല ശക്തിപ്പെടുത്തി ജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ എത്രയും വേഗം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള വിപുലമായ സംവിധാനത്തെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.  

ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ ആയി ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ മാത്രം ഒന്നിലേറെ വാക്സിനുകൾ ലഭ്യമാവാനുള്ള സാധ്യതയാണ് കാണുന്നത്. അതിനാൽ നിർമാതാക്കൾക്ക് ഇതു സംബന്ധിച്ച് മുൻകൂർ ഉറപ്പ് നല്‌കേണ്ടി വരുമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.  

പ്രമുഖ വാക്സിൻ ഉത്പാദകരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ വാക്സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്ധ സമിതി മേധാവിയും നീതി ആയോഗ് അംഗവുമായ വി കെ പോൾ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർ പങ്കെടുത്തു. യോഗത്തിൽ വാക്സിൻ്റെ ഉത്പാദനം, വില പരിധി എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളും വാക്സിൻ നിർമാതാക്കളെ സർക്കാർ എങ്ങനെ പിന്തുണയ്ക്കണം എന്നതു സംബന്ധിച്ച നിർദേശങ്ങളും ചർച്ച ചെയ്തു.  

വാക്സിൻ വികസനത്തിന്  വൻ മുതൽമുടക്ക് ആവശ്യമാണ്. വൻതോതിലുള്ള ഉത്പാദനത്തിന് കമ്പനികൾക്ക് തങ്ങളുടെ ചില ശേഷികൾ പൂർണമായും  വിനിയോഗിക്കേണ്ടി വരും. അതുകൊണ്ടുതന്നെ വിപണിയെ സംബന്ധിച്ച സർക്കാരിൻ്റെ ഉറപ്പാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്.

ആവശ്യമെങ്കിൽ വാക്സിൻ നിർമാണത്തിന് മുൻകൂട്ടി  സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെ വിവിധ മാർഗങ്ങൾ വിദഗ്ധ സമിതി പരിഗണിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഇനിയും നിരവധി കൂടിക്കാഴ്ചകൾ നടത്താനാണ് സാധ്യത.

നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടിഎ‌ജി‌ഐ) ആണ് പ്രതിരോധ കുത്തിവെപ്പുകളെ സംബന്ധിച്ച് രാജ്യത്തെ പരമോന്നത ഉപദേശക സമിതി. അതിൻ്റെ സ്റ്റാൻഡിംഗ് ടെക്നിക്കൽ സബ് കമ്മിറ്റിയിൽ നിന്നും ഇതു സംബന്ധിച്ച നിർദേശങ്ങൾ തേടേണ്ടതുണ്ട്.

നിലവിൽ മൂന്ന് വാക്സിനുകളാണ്  മനുഷ്യരിൽ പരീക്ഷിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയും  ആസ്ട്രാസെനെകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ പരീക്ഷണം നടത്തുന്നത് പുണെ ആസ്ഥാനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ) ആണ്.  ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് അതുള്ളത്. ഇന്ത്യൻ കമ്പനികളായ ഭാരത് ബയോടെക്, സൈഡസ് കാഡില എന്നിവ വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകൾ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.

ബ്രിട്ടനിൽ നടന്ന പരീക്ഷണങ്ങളിൽ വിജയം കണ്ട ഓക്സ്ഫഡ് വാക്സിനാവും റെഗുലേറ്ററി അംഗീകാരം ആദ്യം നേടുക എന്നാണ് കരുതപ്പെടുന്നത്. സുരക്ഷയും കാര്യക്ഷമതയും വിജയകരമായി തെളിയിച്ചാൽ പ്രാദേശികമായി വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകളും അധികം താമസിയാതെ തന്നെ ലഭ്യമാകുമെന്നും  റെഗുലേറ്ററി വൃത്തങ്ങൾ അറിയിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

immunity

രോഗ പ്രതിരോധശേഷി ദുര്‍ബലമാണോയെന്ന് എങ്ങനെ തിരിച്ചറിയാം? 

breast milk

മുലപ്പാലിലൂടെ കോവിഡ്-19 പകരില്ലെന്ന് പഠനം