Movie prime

പട്ടികപ്പോരും  പൊട്ടിത്തെറികളും 

 

ലക്ഷ്യം താണ്ടിയാൽ ചരിത്രം, ഇല്ലെങ്കിൽ അബദ്ധം. കോൺഗ്രസിലെ പൊട്ടിത്തെറിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിലെ കഴിഞ്ഞ ദിവസത്തെ ന്യൂസ്  അവർ അവതാരകനായ അനൂപ് മോഹൻ അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

ലക്ഷ്യം താണ്ടാനുള്ള ശ്രമത്തിൽ കെ.സുധാകരനും വഴി മുടക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സർവ്വ ശക്തിയുമെടുത്ത് പോരാടുമ്പോൾ ചരിത്രം വഴി മാറുമോ എന്ന് കണ്ടറിയണം. ചർച്ചയിൽ കോൺഗ്രസിന്റെ ചർച്ചാവീരൻമാർ ആരും  പങ്കെടുക്കാത്തത് സുധാകരപ്പേടിയിലാണെന്ന് വ്യക്തം. ജെ.എസ്.എസിൽ നിന്ന് ഈയിടെ കോൺഗ്രസിൽ എത്തിയ കെ.കെ.ഷാജുവിന് ചർച്ചയിൽ പുന:സംഘടനയേക്കാൾ താൽപ്പര്യം ചിരകാല വൈരിയായ കൊടിക്കുന്നിൽ സുരേഷിനെ വിമർശിക്കുന്നതിൽ ആയിരുന്നു. ദളിതരുടെ മിശിഹ ആയിരുന്ന കൊടിക്കുന്നിൽ  സുരേഷ് ഇപ്പോൾ അന്തിക്രിസ്തുവായി മാറി എന്ന ഷാജുവിന്റെ പരാമർശം കൊടിക്കുന്നിലിന്റെ ജാതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദമാണോ പരാമർശിച്ചതെന്ന് ഒരാൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

Madhyama lokamചർച്ചയിൽ പങ്കെടുത്ത എ.വി.ഗോപിനാഥിന്റെ പരിഹാസ സ്വരത്തിലുള്ള വാക്കുകൾ അദ്ദേഹം കോൺഗ്രസ് വിട്ടു പോകുന്നതിന്റെ കേളി കൊട്ടായി മാറി.

അല്ലെങ്കിൽ തന്നെ കോൺഗ്രസിൽ എപ്പോഴാണ് സ്ഥാനമാനങ്ങളെ ചൊല്ലി കടിപിടി നടക്കാതിരുന്നിട്ടുള്ളത്? 1960 കളിൽ യൂത്ത് കോൺഗ്രസുകാരുടെ  ആവേശമായിരുന്ന  എം.എ. ജോൺ അണികളെ പഠിപ്പിച്ചത് ഇപ്പോൾ മുതിർന്ന നേതാക്കൾ ഇരിക്കുന്ന താക്കോൽ സ്ഥാനങ്ങൾ നമ്മൾ കൈയ്യടക്കണം എന്നാണ്. അങ്ങനെയാണ് അന്ന് 60 വയസ് മാത്രം പ്രായമുള്ള ആർ.ശങ്കറിന്റെ മുഖത്ത് നോക്കി യൂത്ത് കോൺഗ്രസ് നേതാക്കൾ ഗർജ്ജിച്ചത്.

1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കടൽക്കിഴവൻമാരെ മാറ്റി ആന്റണിയും ഉമ്മൻ ചാണ്ടിയും കൊട്ടറ ഗോപാലകൃഷ്ണനും എ സി. ഷൺമുഖദാസുമെല്ലാം എം.എൽ.എ മാരായി. 1971 ലെ ലോക്സഭാ തെരഞെടുപ്പിൽ വയലാർ രവിയും കടന്നപ്പള്ളി രാമചന്ദ്രനും എം.പിമാരുമായി. ഇവരിൽ ജീവിച്ചിരിക്കുന്നവർ എല്ലാം ഇപ്പോഴും - എൺപതാം വയസിലും കസേര ഒഴിഞ്ഞ് കൊടുക്കുന്നില്ല. ഇവർക്ക് വഴി കാട്ടി ആയിരുന്ന എം.എ. ജോണിനെ എല്ലാവരും ചേർന്ന് പുറത്താക്കി.

ജീവിതത്തിൽ പഞ്ചായത്ത് മെമ്പർ പോലുമാകാതെ ജോൺ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം രൂപീകരിച്ച പരിവർത്തനവാദി കോൺഗ്രസുകാർ എം.എ. ജോൺ നമ്മെ നയിക്കുമെന്ന് നാട് മുഴുവൻ ചുവരെഴുതി എങ്കിലും ജോൺ ആരേയും നയിക്കാതെ സമയതീരത്തിന് അപ്പുറത്തേക്ക് കടന്നുപോയി.

കഴിഞ്ഞ യു.ഡി എഫ് സർക്കാരിന്റെ കാലത്ത് ഭരണതലത്തിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് വിമർശനം ഉന്നയിച്ചത് അന്ന് പി.സി.സി അധ്യക്ഷനായിരുന്ന വി.എം.സുധീരനും ഇന്നത്തെ പ്രതിപക്ഷ നേതാവ്  വി.ഡി.സതീശനുമാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും എഴുതി കൊടുക്കന്നതെല്ലാം അംഗീകരിക്കാൻ ആണെങ്കിൽ തങ്ങൾ എന്തിനാണ് ഈ കസേരയിൽ ഇരിക്കുന്നത് എന്ന സതീശന്റെ ചോദ്യം പാർട്ടി പുതിയൊരു ദിശയിലേക്കാണ് എന്നാണ് സൂചിപ്പിക്കുന്നത്.

കുറേക്കാലമായി കെ.പി.സി.സി പ്രസിഡന്റുമാരെ മാനിക്കാതിരിക്കുക എന്നത് കോൺഗ്രസിന്റെ രീതിയാണ്. സുധീരനും മുല്ലപ്പള്ളിയും ഇത് നന്നായി അനുഭവിച്ചവരാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ   അംഗീകരിച്ച പല സ്ഥാനാർത്ഥികൾക്കും ചില ഡി.സി.സി പ്രസിഡന്റുമാർ പാർട്ടി ചിഹ്നം അനുവദിക്കത്ത കാര്യം ഓർക്കണം.

സ്വന്തം പാർട്ടിക്കാരുടെ കുതികാൽ വെട്ടിൽ ഹൃദയം തകർന്ന് മരിച്ച പി.ടി. ചാക്കോയുടേയും ആർ.ശങ്കറിന്റെയുമെല്ലാം ആത്മാക്കൾ ഇതൊക്കെ കാണുന്നുണ്ടായിരിക്കും. ഉപ്പില്ലാത്ത കറിയില്ല എന്നത് പോലെ ഗ്രൂപ്പില്ലാതെ കോൺഗ്രസും ഇല്ല.

ഒരു കാര്യം മറന്ന് പോയി. കോൺഗ്രസ് അതിന്റെ നേതാക്കൾ പറയുന്നത് പോലെ ജനാധിപത്യ പാർട്ടിയല്ലേ... ഇതൊക്കെ മതി, സ്വസ്തി.