in

മാധ്യമങ്ങളെ കാണാൻ മടിയുള്ള പ്രധാനമന്ത്രിയും മാധ്യമങ്ങളെ കണ്ടു തുടങ്ങിയപ്പോൾ പേരുദോഷം മാറിക്കിട്ടിയ മുഖ്യമന്ത്രിയും

പ്രതിപക്ഷ പാർട്ടികളുടെ റോൾ എന്താണ്? എന്തിനേയും അന്ധമായി  വിമർശിക്കുക എന്നതാണോ?  അതിലൂടെയാണോ  തങ്ങളുടെ അസ്തിത്വം ഉറപ്പാക്കേണ്ടത്?  നിർണ്ണായക ഘട്ടങ്ങളിൽ പോലും യോജിച്ചു നിൽക്കാൻ ആകാത്തതെന്തേ?

സുധീഷ് കെ എൻ എഴുതുന്നു

ഈ ലോക്ക് ഡൗൺ കാലത്ത് കേരളത്തിലാരും പട്ടിണി കിടക്കേണ്ടി വരൂല. അതത്ര നിസാര കാര്യമല്ല. മൂന്നര കോടിയോളം പേർക്ക് അന്നം മുട്ടാതെ കഴിഞ്ഞു കൂടാനായെങ്കിൽ, അവർക്കു സൗജന്യമായി ചികിത്സ ലഭ്യമാക്കാനായെങ്കിൽ, നമ്മുടെ ജനാധിപത്യ സംവിധാനങ്ങളുടെ മികവാണത്.  

കോടിക്കണക്കിനാളുകളുടെ ജീവനെടുത്ത പ്ലേഗും കോളറയുമൊക്കെ നടമാടിയ നാളുകളിൽ നിന്നും ഇക്കാലത്തേക്ക് വരുമ്പോൾ ഉള്ളൊരു മാറ്റം, ഗതാഗത വാർത്താ വിനിമയ രംഗത്തുണ്ടായിട്ടുള്ള പുരോഗതി നമ്മെ ഒരാഗോളഗ്രാമമായി തീർത്തു എന്നതാകും. ലോകത്തിന്റെ ഏത് കോണിലുണ്ടാവുന്ന ചലനവും അതിവേഗം വാർത്താ വിനിമയ ശൃഖലയിലൂടെ  നമ്മിലേക്കെത്തും. അതുപോലെ രോഗ പ്രതിരോധ നിർദ്ദേശങ്ങളും തത്സമയം എല്ലാവരിലുമെത്തും

‘കേരളമോഡൽ’ വികസനത്തിൻ്റെ അടുത്തപടി, വിവരസാങ്കേതികതയിലുണ്ടായ ഈ  മുന്നറ്റങ്ങളിലൂടെ ഭരണസംവിധാനം പൂർണ്ണമായും സുതാര്യമാക്കുക എന്നതാവും. റേഷൻ പീടികകൾ ഉൾപ്പെടെ ഹൈടെക്കായി കഴിഞ്ഞു. കാർഡിൽ പേരുള്ളയാൾ വിരൽ പതിപ്പിച്ചെങ്കിലല്ലാതെ സാധനം കിട്ടില്ല. ക്ഷേമ പെൻഷനുകൾ നേരിട്ട് അക്കൗണ്ടിലെത്തുന്നു. ഇനി സാദ്ധ്യമാകേണ്ടത്, സാമൂഹ്യ നീതിക്കായുള്ള നമ്മുടെ നിരന്തര സമരങ്ങളെ, കക്ഷി രാഷ്ട്രീയത്തിൻ്റെ  സങ്കുചിതമായ വീക്ഷണങ്ങൾക്കുള്ളിൽ നിന്നും സ്വാതന്ത്രമാക്കുകയും, ‘സിവിൽ സൊസൈറ്റി’ യെന്ന നിലയിൽ കാമ്പുള്ള പ്രശ്നങ്ങളിൽ എല്ലാവരും അണിചേരുകയും ചെയ്യുന്ന സ്ഥിതിയാണ്.    

പ്രതിപക്ഷ പാർട്ടികളുടെ റോൾ എന്താണ്? എന്തിനേയും അന്ധമായി  വിമർശിക്കുക എന്നതാണോ?  അതിലൂടെയാണോ  തങ്ങളുടെ അസ്തിത്വം ഉറപ്പാക്കേണ്ടത്?  നിർണ്ണായക ഘട്ടങ്ങളിൽ പോലും യോജിച്ചു നിൽക്കാൻ ആകാത്തതെന്തേ? വിവരസാങ്കേതികതയും വിജ്ഞാന വിനിമയ  സംവിധാനങ്ങളും  ഉപയോഗപ്പെടുത്തി ഭരണസംവിധാനത്തെ പരമാവധി സുതാര്യമാക്കാനുള്ള സാദ്ധ്യതകളാണ് നമുക്ക് മുന്നിലിപ്പോൾ തുറന്നിരിക്കുന്നത്.  മുഖ്യമന്ത്രിയുടെ ഓരോ ദിവസത്തെയും വാർത്താ സമ്മേളനത്തിനായി കാത്തിരിയ്ക്കുന്ന മുഖങ്ങളിൽ നമുക്കതു കാണാം. കൃത്യമായ കണക്കുകളും മാർഗ്ഗ നിർദ്ദേശങ്ങളുമായി ജനങ്ങൾക്ക് മുന്നിലെത്തുമ്പോൾ, പാർട്ടിക്കാർ അല്ലാത്തവരിൽ പോലും മതിപ്പുളവാകും.  ഇതാകണം ഇവിടുന്നങ്ങോട്ടുള്ള രീതി. ജനങ്ങളുടെ കാര്യങ്ങൾ ജനങ്ങളുമായി നേരിട്ട് സംസാരിയ്ക്കുന്ന രീതി. ജനങ്ങൾക്കറിയണം, അവർക്കിടപെടാനാകണം, തിരുത്തുകൾ നിർദ്ദേശിയ്ക്കാനാകണം. ഭരിക്കുന്നവരും,
ഭരിക്കപ്പെടുന്നവരും എന്നുള്ള വേർതിരിവുകൾ മാഞ്ഞുപോകുന്നതവിടെയാകും.

അധികാര സംവിധാനത്തെ,  തീരുമാനങ്ങളെ നിഗൂഢവും,  ജനങ്ങൾക്കന്യവുമാക്കി നിർത്തിയ രീതികൾ ഇനിയെങ്കിലും അവസാനിയ്ക്കേണ്ടതുണ്ട്. ഗവൺമെൻറും, തദ്ദേശഭരണ സംവിധാനങ്ങളും, ജനപ്രതിനിധികളുമൊക്കെ ചെയ്യുന്ന പ്രവർത്തനത്തെ തത്സമയം സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാക്കാൻ,  സസൂക്ഷ്മമായി നിരീക്ഷിയ്ക്കാനും, അതിൽ ഇടപെടാനുമൊക്കെ  ജനങ്ങൾക്കാകണം. ഇന്നോളം അധികാരത്തെ കുത്തകയാക്കി വെച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കതിൽ വൈമുഖ്യം കാണും. ഇക്കാര്യത്തിൽ കേരളം മാതൃകയാക്കേണ്ടത്  സ്കാൻഡിനേവിയൻ രാജ്യങ്ങളെയാകണം. അധികാരസ്ഥാനത്തുള്ളവർ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന, പൊതുസമൂഹത്തോട് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള, കണക്കുകളും രേഖകളുമായി ജനങ്ങളുടെ ചോദ്യങ്ങൾക്ക് തത്സമയം മറുപടി പറയുന്നൊരു രീതി പ്രയോഗത്തിൽ വരട്ടെ. ന്യൂസ്‌ലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനെ പോലുള്ളവരാകട്ടെ ഇക്കാര്യത്തിൽ നമ്മുടെ പ്രചോദനം.

മാധ്യമങ്ങളുമായി സംവദിയ്ക്കാൻ മടിയുള്ളൊരു  പ്രധാനമന്ത്രിയും, മാധ്യമങ്ങളെ  കാണാൻ തയ്യാറായപ്പോൾ അതുവരെയുള്ള പേരുദോഷം മാറികിട്ടിയൊരു മുഖ്യമന്ത്രിയും നമുക്ക് മുന്നിലുണ്ട്. ആ ജനപ്രീതിയുടെ കാരണങ്ങളിലേയ്ക്ക് കണ്ണോടിച്ചാൽ മാത്രം മതിയാകും, നമ്മൾ സഞ്ചരിയ്ക്കേണ്ട വഴികൾ തെളിഞ്ഞുകിട്ടാൻ…

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി തെലുങ്ക് സൂപ്പർതാരം മഹേഷ്‌ ബാബു

നവജാത ശിശുക്കൾക്ക് മുഖാവരണം നൽകി ആശുപത്രികൾ