Movie prime

നമ്മൾ കടലിന്നക്കരെ മറന്നുവെച്ച ഒരു തൊഴിൽപ്പട ഇരമ്പുന്നു

അവർ അവിടെ അവരെത്തന്നെ പോറ്റുകയായിരുന്നില്ല. ഓരോ തുള്ളി വിയർപ്പു കൊണ്ടും കേരളം എന്ന നെടുവീർപ്പിനെ ഒരു ദേശമാക്കി. അതിനുള്ളിൽ തെഴുത്തുറങ്ങുന്ന ഫ്യൂഡൽ സമൂഹം എന്ന പൂച്ചയുടെ കുഞ്ചിക്ക് പിടിച്ച് കുടഞ്ഞു. കേരളത്തിൽ പുതിയ അഭിമാനവും അഹങ്കാരവും പുതിയ അങ്ങാടിയുടെ നല്ലതും ചീത്തകളും ഉണ്ടായി. ഗൾഫുകാരുടെ മിച്ചമൂല്യത്തിൽ നമ്മൾ രാഷ്ട്രീയം കളിച്ചു, കവിത എഴുതി, നൃത്തം ചവിട്ടി, വിദ്യാഭ്യാസം കൊഴുപ്പിച്ചു. സാമ്പത്തിക ചർച്ചകളിൽ അവരെ ഓർത്തു. മറ്റ് ചർച്ചകളിൽ മറവിയിൽ കെട്ടിത്താഴ്ത്തി… മെയ്ദിനത്തിൽ പ്രവാസികളെ ഓർത്ത് പി എൻ More
 
നമ്മൾ കടലിന്നക്കരെ മറന്നുവെച്ച ഒരു തൊഴിൽപ്പട ഇരമ്പുന്നു

അവർ അവിടെ അവരെത്തന്നെ പോറ്റുകയായിരുന്നില്ല. ഓരോ തുള്ളി വിയർപ്പു കൊണ്ടും കേരളം എന്ന നെടുവീർപ്പിനെ ഒരു ദേശമാക്കി. അതിനുള്ളിൽ തെഴുത്തുറങ്ങുന്ന ഫ്യൂഡൽ സമൂഹം എന്ന പൂച്ചയുടെ കുഞ്ചിക്ക് പിടിച്ച് കുടഞ്ഞു. കേരളത്തിൽ പുതിയ അഭിമാനവും അഹങ്കാരവും പുതിയ അങ്ങാടിയുടെ നല്ലതും ചീത്തകളും ഉണ്ടായി. ഗൾഫുകാരുടെ മിച്ചമൂല്യത്തിൽ നമ്മൾ രാഷ്ട്രീയം കളിച്ചു, കവിത എഴുതി, നൃത്തം ചവിട്ടി, വിദ്യാഭ്യാസം കൊഴുപ്പിച്ചു. സാമ്പത്തിക ചർച്ചകളിൽ അവരെ ഓർത്തു. മറ്റ് ചർച്ചകളിൽ മറവിയിൽ കെട്ടിത്താഴ്ത്തി…

മെയ്ദിനത്തിൽ പ്രവാസികളെ ഓർത്ത് പി എൻ ഗോപീകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മിക്കവാറും സാഹിത്യ പ്രേമികൾ ആയ മലയാളികൾ മെയ് ദിനത്തിലേയ്ക്ക് ഉണരുക ഒരു തമിഴ് സംഭാഷണത്തിൻ്റെ മുഴക്കത്തിലാണ് .” ആനാൽ തൊഴിലാളി
വർകം അഴിക്കപ്പെടവില്ലൈ. മേലും ഒൻറുപെട്ടു മുന്നേറുകിന്റതു തിയാകികളുക്ക് പുരട്ചി വണക്കം “. പ്രിയപ്പെട്ട എൻ എസ് മാധവൻ കഥകളിലൊന്നിൽ നിന്ന് ,നാലാം ലോകം, നമ്മുടെ കൈ പിടിച്ചിറങ്ങിയ സംഭാഷണം.

എന്നാൽ ഈ മെയ് 1 നമ്മളോട് മറ്റെന്തോ പറയുന്നുണ്ട്. എന്നും വൈകീട്ട് കോവിഡ് രോഗികളുടെ ഉയർന്ന് താഴുന്ന സ്റ്റാറ്റിസ്റ്റിക്സിൽ കൊളുത്തിയിട്ട മനസ്സ് നിർണ്ണയിക്കുന്ന സ്വാസ്ഥ്യാസ്വാസ്ഥ്യങ്ങളുടെ ഇക്കാലത്ത് (statistics becomes our new metaphysics എന്ന് പ്രതാപ് ഭാനു മേത്ത), നമ്മൾ കടലിന്നക്കരെ മറന്നു വെച്ച ഒരു തൊഴിൽപ്പട ഇരമ്പുന്നു. സ്വന്തം നാട് തൊഴിലോ അന്തസ്സോ ഭക്ഷണമോ തരാത്തതിനാൽ കടലിന്നക്കരെ പോയവരിൽ നിന്നാരംഭിക്കുന്ന ചരിത്രം , യൂറോപ്പിൻ്റെ ആധുനിക പ്രവാസ സങ്കല്പനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കുറേക്കൂടി പഴക്കമുള്ളത്. കുറേക്കൂടി നിശ്ശബ്ദം.

അവർ അവിടെ അവരെത്തന്നെ പോറ്റുകയായിരുന്നില്ല. ഓരോ തുള്ളി വിയർപ്പു കൊണ്ടും കേരളം എന്ന നെടുവീർപ്പിനെ ഒരു ദേശമാക്കി. അതിനുള്ളിൽ തെഴുത്തുറങ്ങുന്ന ഫ്യൂഡൽ സമൂഹം എന്ന പൂച്ചയുടെ കുഞ്ചിക്ക് പിടിച്ച് കുടഞ്ഞു. കേരളത്തിൽ പുതിയ അഭിമാനവും അഹങ്കാരവും പുതിയ അങ്ങാടിയുടെ നല്ലതും ചീത്തകളും ഉണ്ടായി. ഗൾഫുകാരുടെ മിച്ചമൂല്യത്തിൽ നമ്മൾ രാഷ്ട്രീയം കളിച്ചു ,കവിത എഴുതി, നൃത്തം ചവിട്ടി , വിദ്യാഭ്യാസം കൊഴുപ്പിച്ചു. സാമ്പത്തിക ചർച്ചകളിൽ അവരെ ഓർത്തു. മറ്റ് ചർച്ചകളിൽ മറവിയിൽ കെട്ടിത്താഴ്ത്തി.

ഒരു കവി എന്ന നിലയിൽ ഞാനും ഇരുന്നിട്ടുണ്ട് ആ മിച്ചമൂല്യത്തിൽ . ഒമാനിൽ, ഷാർജ ബുക്ക് ഫെസ്റ്റ് ഉൾപ്പെടെ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ, കുവൈത്തിൽ ,ഏറ്റവുമവസാനം ഖത്തറിൽ. അവിടെ സംസാരിച്ചതെല്ലാം മലയാള സാഹിത്യവും കവിതയും രാഷ്ട്രീയവും ആയിരുന്നു. ആ ഇരുപ്പുകൾ അതി മനോഹരങ്ങൾ ആയിരുന്നു. ആ ഊഷ്മളതയ്ക്ക് വ്യക്തിപരമായി ചെയ്യുന്ന കടപ്പാടു തീർക്കൽ അല്ല ,പക്ഷേ, ഇത്. നിവാസികൾ എന്ന മുൻഗണന നമുക്ക് സൃഷ്ടിക്കാൻ കൂടിയാണ് അവർ മറുഭാഷയിൽ പൊതുജീവിതം കൊണ്ടിട്ടത് എന്നത് ഓരോ മലയാളിയും ഓർക്കേണ്ട നിമിഷം ആണത്.

നമ്മുടെ ചെവിയിൽ ,ഫോണിൽ, ശബ്ദം കൊണ്ടും എഴുത്തുകൊണ്ടും നിറക്കാവുന്ന ഏതൊരിടത്തും അവർ ഇപ്പോൾ സങ്കടങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് മറ്റൊരിടത്ത് മുറിച്ചിടപ്പെട്ട നിലയിൽ കിടക്കുന്നിടത്ത് നിന്നാണ് ഈ സംഭവങ്ങളുടെ പ്രഭവം. വൈറസ് തൊട്ടടുത്തുണ്ട്. തൊഴിലില്ലായ്മ തൊട്ടടുത്തുണ്ട്. പട്ടിണി തൊട്ടടുത്തുണ്ട്. അനാഥത്വം അടുത്തല്ല ,ഉള്ളിൽ തന്നെയുണ്ട്

അവരുടെ മിച്ചമൂലം അവരേക്കാൾ ഉണ്ട് ,കൊഴുത്ത് തടിച്ച വെറുപ്പിൻ്റെ വർത്തമാനം പറയുന്ന മലയാളിപ്പരിഷകളെ തത്ക്കാലം വെറുതെ വിടാം. പക്ഷെ, ആ മനുഷ്യരിൽ ഇങ്ങോട്ട് പോരാൻ വെമ്പി നിൽക്കുന്നവർക്ക് മേൽ പതിച്ച കരി വിലക്ക് ആരുടെ ? എന്തു കൊണ്ട് ? എന്തിന് എന്ന് നാം നിരന്തരം ചോദിക്കണം . കേന്ദ്ര ഗവണ്മെൻ്റ് അനങ്ങുന്നില്ലെങ്കിൽ അനക്കണം. അതിന് എല്ലാവരും ചേർന്ന് ഒത്തു പിടിക്കണം. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയെ ഏറ്റവും ചുരുങ്ങിയത് ഇത്തരം സാഹചര്യങ്ങളിൽ ഒരു അമ്മച്ചെവി ഉണ്ടായിരുന്ന സുഷമാ സ്വരാജെങ്കിലും ആക്കണം.

അല്ലെങ്കിൽ നല്ല രാഷ്ട്രീയത്തിനോ നല്ല സാഹിത്യത്തിനോ നല്ല കലയ്ക്കോ നല്ല ജീവിതത്തിനോ നമ്മൾ അർഹരായിരിക്കില്ല.