in

മദാം തുസാഡ്‌സിൽ ശ്രീദേവിയുടെ മെഴുക് പ്രതിമ 

സിംഗപ്പൂരിലെ പ്രശസ്ത മെഴുകു മ്യൂസിയമായ  മദാം തുസാഡ്‌സിൽ ശ്രീദേവിയുടെ പ്രതിമ സ്ഥാപിച്ചു. ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി, ഖുശി എന്നിവർ ചേർന്നാണ് അകാലത്തിൽ അന്തരിച്ച താരത്തിന്റെ ജീവൻ തുളുമ്പുന്ന പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. മിസ്റ്റർ ഇന്ത്യയിലെ ഹവാ ഹവായ് എന്ന പാട്ടിൽ  ആകർഷകമായ നൃത്തചുവടുകൾവച്ച് പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ശ്രീദേവിയുടെ ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന രൂപമാണ് മെഴുകിൽ പുനഃസൃഷ്ടിച്ചിട്ടുള്ളത്.

ഗാനരംഗത്ത് കാണുന്ന അതേതരം ഗോൾഡൻ നിറത്തിലുള്ള ഗൗണും അതിനിണങ്ങുന്ന ആക്സസറീസുമാണ് അണിഞ്ഞിട്ടുള്ളത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ തരൺ ആദർശാണ് ബോണികപൂറും രണ്ടു പെൺമക്കളും ശ്രീദേവിയുടെ പ്രതിമയ്ക്കൊപ്പം പോസുചെയ്യുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. താരത്തിന്റെ അമ്പത്താറാം ജന്മദിനത്തിൽ ആദരമർപ്പിച്ചാണ് മദാമ് തുസോഡ്‌സ് പ്രതിമ സ്ഥാപിക്കാൻ നിശ്ചയിച്ചത്. 

1963 ൽ തമിഴ്‌നാട്ടിലെ ശിവകാശിയിൽ ജനിച്ച ശ്രീദേവി ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരമായാണ് അറിയപ്പെടുന്നത്. ബോളിവുഡിന് പുറമേ തമിഴ്, മലയാളം, തെലുഗ്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അവർ ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിരുന്ന അഭിനേത്രിയാണ്. പതിനാറു വയതിനിലെ, സിഗപ്പു റോജാക്കൾ, മീണ്ടും കോകില, പ്രേമാഭിഷേകം, മൂന്ദ്രാം പിറൈ, ജഗദഗ വീരിടു അതിലോക സുന്ദരി, ചാന്ദ്നി, ലംഹേ, മിസ്റ്റർ ഇന്ത്യ, ഗുദാ ഹവാ, ചാൽബാസ്, നഗിന, സദ്മ, ഇംഗ്ലീഷ് വിംഗ്ലീഷ് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. 

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, തമിഴ്നാട്, കേരള സർക്കാർ പുരസ്‌കാരങ്ങൾ, ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികളാണ് ശ്രീദേവിയെ തേടിയെത്തിയത്. ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിൽ ഒന്നായ പദ്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം( മരണാനന്തരം) ലഭിച്ച മോം ആണ് അവസാനമായി അഭിനയിച്ച ചിത്രം. ഒരു വിവാഹച്ചടങ്ങിൽ സംബന്ധിക്കാൻ കുടുംബത്തോടൊപ്പം ദുബൈയിൽ എത്തിയ ശ്രീദേവിയെ 2018 ഫെബ്രുവരി 24 ന് താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വ്യാജ ചികിത്സാ മാഫിയയെ നിലക്ക് നിർത്തണം: ഐ എം എ 

വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം