കൊച്ചി: യുവനടിയെ ആക്രമിച്ച കേസ് ( actress attack case ) പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26-ലേക്ക് മാറ്റി.

കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്‌ജിയെ വേണമെന്ന നടിയുടെ ഹര്‍ജിയ്ക്ക് പുറമെ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതി ദിലീപിന്റെ ഹര്‍ജി എന്നിവയാണ് കോടതി പരിഗണിക്കുന്നത്.

കൂടാതെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ അഭിഭാഷകരുടെ വിടുതൽ ഹരജിയും കോടതിയിൽ എത്തിയിരുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നാണ് ദിലീപ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലിപീന് നല്‍കിയാല്‍ അത് നടിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണ് ദിലീപിനെതിരെ നിലനിൽക്കുന്നത്. അതിനിടെ, ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്നു ദിലീപ് പ്രചരിപ്പിക്കുകയാണെന്നും ആ ആരോപണങ്ങൾ പിൻവലിച്ചു നടൻ മാപ്പ് പറയാത്ത പക്ഷം 10 കോടി രൂപ നഷടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.