ബീഹാറിലെ മുപ്പത്തിയെട്ട് ജില്ലകളിൽ ഇരുപതിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മസ്തിഷ്ക ജ്വരബാധ സംസ്ഥാനത്തെ ഒട്ടാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ്. ജനങ്ങളാകെ ഭീതിയിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു. ഞായറാഴ്ച ശ്രീകൃഷ്ണ മെഡിക്കൽ കോളെജ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ ഇന്റെൻസീവ് കെയർ യൂണിറ്റിന്റെ മേൽക്കൂര ഇടിഞ്ഞുവീണതും ആശങ്ക പരത്തി. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മധ്യപ്രദേശിൽ എട്ടുവയസ്സുകാരന്റെ മരണം മസ്തിഷ്കജ്വരം മൂലമാണെന്ന് വാർത്ത വന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എം വൈ ആശുപത്രിയിലാണ് ബ്രെയിൻ ഫീവർ ആയി കൊണ്ടുവന്ന കുട്ടി മരിച്ചത്. മരണകാരണം മസ്തിഷ്കജ്വരം ആണെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. രോഗം സ്ഥിരീകരിക്കാനായി കുട്ടിയുടെ രക്തസാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ അയച്ചിട്ടുണ്ട്.