in

വ്യക്തിഗത സഞ്ചാരാനുഭവത്തിന് മിഴിവ് പകരാന്‍ നിര്‍മ്മിത ബുദ്ധി അനിവാര്യം

പരമ്പരാഗത ടൂറിസം വ്യവസായം നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വിദ്യയിലേക്ക് മാറേണ്ട കാലമായെന്ന് കൊച്ചിയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി സമ്മേളനം അഭിപ്രായപ്പെട്ടു.
വ്യക്തിഗത സഞ്ചാരാനുഭവത്തിന് നിര്‍മ്മിത ബുദ്ധി അനിവാര്യമാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ട്രാവല്‍ റവല്യൂഷന്‍ എന്ന വിഷയത്തില്‍ സംസാരിച്ച ലിമെന്‍ഡോ ടെക്നോളജീസിന്‍റെ സ്ഥാപകന്‍ ഹാന്‍സ് ലോഷ് പറഞ്ഞു. അതത് ടൂറിസം മേഖലയ്ക്ക് അനുയോജ്യമായ സന്ദര്‍ശകനെ കണ്ടെത്താനും അതു വഴി കൂടുതല്‍ വാണിജ്യസാധ്യതകള്‍ രൂപപ്പെടുത്താനും നിര്‍മ്മിത ബുദ്ധിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

എന്നാല്‍ നിര്‍മ്മിത ബുദ്ധി ടൂറിസം രംഗത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് വിശ്വസിക്കരുതെന്ന് ലോഷ് പറഞ്ഞു. നിര്‍മ്മിത ബുദ്ധിക്ക് എന്തെല്ലാം ചെയ്യാനാകും എന്തെല്ലാം ചെയ്യാനാകില്ല എന്ന് വ്യക്തമായി തിരിച്ചറിയണം. കറന്‍സി രഹിത വിപണിയിലേക്ക് മാറുന്ന ഇന്ത്യന്‍ സാഹചര്യത്തിന് നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും ക്രിയാത്മകമായി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോഗ്രാഫിയില്‍ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചാണ് സമൂഹമാധ്യമ വിദഗ്ധനും ലോകപ്രശസ്ത ട്രാവല്‍ ഫോട്ടോഗ്രാഫറുമായ ഷേന്‍ ഡലാസ് സംസാരിച്ചത്. ലളിതവും മികച്ചതുമായ ഫോട്ടോകള്‍ എടുക്കുന്നതിലെ നുറുങ്ങുകള്‍ അദ്ദേഹം സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു. ഓരോ ചിത്രങ്ങളും ആയിരം വാക്കുകള്‍ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

നിരന്തരമായി ഉള്ളടക്കത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മാത്രമേ ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിനുകളില്‍ പിടിച്ചു നില്‍ക്കാനാകൂ എന്ന് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ഡിആര്‍ ബ്രാന്‍ഡ് കമ്പനിയുടെ സീനിയര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആന്‍ഡ് ഇന്‍ഫ്ളുവന്‍ഷ്യല്‍ മാനേജര്‍ ഡേവിഡ് കാറല്ലോ പറഞ്ഞു. സീക്രട്ട് ഓഫ് സെര്‍ച്ച് എന്‍ജിന്‍  റാങ്കിംഗ്സ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ലോകത്തില്‍ എപ്പോഴും പുതിയ ഉള്ളടക്കത്തിന് പ്രാധാന്യമുണ്ട്. ആവര്‍ത്തനമുള്ള വാക്കുകളും വാചകങ്ങളും ഉപേക്ഷിക്കണം. ആവശ്യത്തിനു മാത്രം വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതും സെര്‍ച്ച് എന്‍ജിനുകളില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയി)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഇന്ന്സമാപിക്കും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ടൂറിസം വ്യവസായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം:  മന്ത്രി

ഇ സിഗരറ്റ് നിരോധനത്തിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി