Movie prime

500 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് അക്ഷയ്

നടൻ സുശാന്ത് സിങ്ങ് രജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് യൂ ട്യൂബർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. നിരുപാധികം മാപ്പു പറഞ്ഞ് അപകീർത്തികരമായ വീഡിയോകൾ പിൻവലിച്ചില്ലെങ്കിൽ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്നാണ് യൂ ട്യൂബർക്കയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്. അൽ റഷീദ് സിദ്ദിഖ് എന്ന 25 കാരനാണ് കുറ്റാരോപിതൻ. സിദ്ദിഖിൻ്റെ എഫ് എഫ് ന്യൂസ് എന്ന യു ട്യൂബ് ചാനലാണ് വിവാദമായ വീഡിയോകൾ നൽകിയത്. More
 
500 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് അക്ഷയ്

നടൻ സുശാന്ത് സിങ്ങ് രജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് യൂ ട്യൂബർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. നിരുപാധികം മാപ്പു പറഞ്ഞ് അപകീർത്തികരമായ വീഡിയോകൾ പിൻവലിച്ചില്ലെങ്കിൽ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്നാണ് യൂ ട്യൂബർക്കയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.

അൽ റഷീദ് സിദ്ദിഖ് എന്ന 25 കാരനാണ് കുറ്റാരോപിതൻ. സിദ്ദിഖിൻ്റെ എഫ് എഫ് ന്യൂസ് എന്ന യു ട്യൂബ് ചാനലാണ് വിവാദമായ വീഡിയോകൾ നൽകിയത്.

അക്ഷയ് കുമാറിനെതിരെ യു ട്യൂബർ നടത്തിയതായി പറയുന്ന കള്ള പ്രചരണം ഇവയാണ്. കാനഡയിലേക്ക് കടക്കാൻ നടി റിയ ചക്രവർത്തിയെ താരം സഹായിച്ചു. നടൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിനെപ്പറ്റി സംസാരിക്കാൻ ആദിത്യ താക്കറെ, മുംബൈ പൊലീസ് ടീം അംഗങ്ങൾ, മുംബൈ പൊലീസ് കമ്മീഷണർ എന്നിവരുമായി നടൻ രഹസ്യ കൂടിക്കാഴ്ചകൾ നടത്തി, എം എസ് ധോണി, ദി അൺ ടോൾഡ് സ്റ്റോറി എന്ന സിനിമയിൽ ധോണിയുടെ വേഷം തനിക്ക് നഷ്ടമായതിലും സുശാന്ത് സിങ്ങിന് ലഭിച്ചതിലും അക്ഷയ് കുമാറിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന സുശാന്ത് സിങ്ങിൻ്റെ ഡയറിക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

തീർത്തും തെറ്റായതും അപകീർത്തികരവും അവഹേളനപരവുമായ പരാമർശങ്ങളാണ് യു ട്യൂബർ തൻ്റെ ചാനലിലൂടെ നടനെതിരെ നടത്തിയതെന്ന് നടൻ്റെ അഭിഭാഷകൻ ആരോപിച്ചു. ആരാധകർക്കും പൊതു സമൂഹത്തിനും ഇടയിൽ അഭിനേതാവിൻ്റെ പ്രതിച്ഛായ ഇടിച്ചു കാണിക്കാനായി മന:പൂർവം കെട്ടിച്ചമച്ച വാർത്തകളാണ് ചാനൽ പ്രക്ഷേപണം ചെയ്തത്.

ഉദ്വേഗജനകവും പ്രകോപനപരവുമായ തലക്കെട്ടുകൾ നൽകിയാണ് വീഡിയോകൾ നൽകിയത്. വിലകുറഞ്ഞ പ്രചാരണത്തിലൂടെ കൂടുതൽ കാണികളേയും വരിക്കാരേയും നേടാനും പണം സമ്പാദിക്കാനുമാണ് വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ വീഡിയോകൾ പ്രക്ഷേപണം ചെയ്തത്.

എഫ് എഫ് ന്യൂസിനു പുറമേ മറ്റ് നിരവധി പ്ലാറ്റ് ഫോമുകളിൽ സമാനമായ കള്ള പ്രചാരണങ്ങൾ നടനെതിരെ നടക്കുന്നുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തിനുളളിൽ നിരുപാധികം മാപ്പു പറയുകയും അപകീർത്തികരമായ വീഡിയോ ഉള്ളടക്കം യൂ ട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് താരത്തിൻ്റെ ആവശ്യം. വീഴ്ച വരുത്തിയാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

സുശാന്ത് സിങ്ങിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ മുംബൈ സെഷൻസ് കോടതി ഈ മാസം ആദ്യം സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.