Movie prime

ശ്വാസകോശ അര്‍ബുദം: നിങ്ങളറിയേണ്ടത് 

 

ലോകമെമ്പാടും 1.5 മുതല്‍ 2 ദശലക്ഷം ജനങ്ങളാണ് ശ്വാസകോശ അര്‍ബുദത്താല്‍ പ്രതിവര്‍ഷം മരണപ്പെടുന്നത്. അടുത്ത ദശാബ്ദത്തില്‍ ഈ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കും. പുരുഷന്‍മാരുടെ മരണ കാരണമായി പൊതുവായി കാണപ്പെടുന്ന ഒരു തരം അര്‍ബുദമാണിത്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളിലും ഇത് കൂടുതലായി കണ്ടുവരുന്നു.

ശ്വാസകോശ അര്‍ബുദത്തിന് കാരണം?

പുകവലിയാണ് പ്രധാന കാരണം. പ്രത്യക്ഷ-പരോക്ഷ പുകവലിയുടെ ഫലമാണ് എണ്‍പത് ശതമാനത്തോളം ശ്വാസകോശ അര്‍ബുദവും.  കുട്ടിക്കാലത്തോ, കൗമാരപ്രായത്തിലോ ആരംഭിച്ച് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതും സിഗരറ്റും അനുബന്ധ ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ഉപേഭാഗവും സുപ്രധാന ഘടകങ്ങളാണ്. പുകവലിക്കുന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം പ്രതിദിനം കൂടുതല്‍ സിഗരറ്റ് ഉപയോഗിക്കുന്നതിനും വിഷലിപ്തമായ പുക അധികം ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനുമുള്ള പ്രവണത കൂടുതലാണ്.  

വൈകി പുകവലി ആരംഭിച്ചവരെക്കാളും പുകവലി അവസാനിപ്പിക്കുന്ന ശീലം ഇവരില്‍ വിരളമാണ്. കൗമാരക്കാര്‍ പുകവലി ആരംഭിക്കുന്നത് ശ്വസന എത്തീലിയത്തിലെ അസാധാരണ ക്ലോണല്‍ വ്യാപനമായ ഫീല്‍ഡ് കാന്‍സെറൈസേഷന്‍ എന്ന പ്രക്രിയക്ക് കാരണമാകുന്നു.  ഇത് കാലക്രമേണ മാരകമായ അര്‍ബുദത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ കൗമാരക്കാരിലെ പുകവലി തടയുക എന്നതാണ് പുകവലിയിലൂടെയുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകം. അപ്രകാരം ശ്വാസകോശ അര്‍ബുദ സാധ്യത ഇല്ലാതാക്കാനാകും.

ശ്വാസകോശ അര്‍ബുദത്തിന് പുകവലിയാണ് കാരണമെന്ന് നിസംശയം പറയാമെങ്കിലും  10 മുതല്‍ 20 ശതമാനം വരെ ശ്വാസകോശ അര്‍ബുദം ഉണ്ടാകുന്നത് ജീവിതകാലത്ത് നൂറോളം സിഗരറ്റുകള്‍ മാത്രം വലിച്ച, അധികം പുകവലി ശീലമില്ലാത്തവരിലാണ്. പുകവലി ഒഴികെയുള്ള ശ്വാസകോശ അര്‍ബുദത്തിന്റെ ഇതര അപകടങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.  പുകവലിക്കാത്ത സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തിന് കാരണം  പ്രകൃതിയില്‍ തങ്ങിനില്‍ക്കുന്ന പുകയിലയുടെ പുകയാണ്. മറ്റു ഹാനികരമായ വസ്തുക്കളുമായുള്ള തൊഴിലിടങ്ങളിലെ സമ്പര്‍ക്കമാണ് പുകവലിക്കാത്ത പുരുഷന്‍മാരിലെ രോഗകാരണം.

പുകവലിക്കുന്നവരോടൊപ്പം താമസിക്കുന്ന പുകവലിക്കാത്തവര്‍ക്ക്, പുകവലിക്കാത്ത മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശ അര്‍ബുദത്തിന് 24 ശതമാനം വരെ സാധ്യതയുണ്ട്. സ്ത്രീകളിലെ ആര്‍ത്തവ വിരാമത്തിനുശേഷമുളള ഹോര്‍മോണ്‍ മാറ്റിവയ്ക്കല്‍ തെറാപ്പി, റാഡോണ്‍, ആസ്ബറ്റോസ്, നിക്കല്‍, ക്രോമിയം, ടാര്‍, പുകപ്പൊടി, വീടിനുള്ളിലെ പുക എന്നിവയുമായുള്ള സമ്പര്‍ക്കവും വായു മലിനീകരണവും ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നു.
ഇത്തരം അപകട ഘടകങ്ങളൊന്നുമില്ലാതെ ചിലരില്‍ ശ്വാസകോശ അര്‍ബുദം ഉണ്ടാകാം. പാരമ്പര്യ ഘടകങ്ങളും വ്യക്തിഗത ജനിതക സംവേദനക്ഷമതയും ശ്വാസകോശ അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്.

ശ്വാസകോശ അര്‍ബുദം വ്യാപകമാകുന്നത് എന്തുകൊണ്ട്?

ശ്വാസകോശ അര്‍ബുദ സാധ്യതയിലും മരണനിരക്കിലുമുള്ള ആഗോളതല വ്യത്യാസങ്ങള്‍ക്ക് കാരണം പുകവലിയുടെ ശൈലിയാണ്. കഴിഞ്ഞ മൂന്ന്-നാല് ദശാബ്ദങ്ങളായി  വ്യാവസായിക രാജ്യങ്ങളില്‍ പുകവലിയിലും ശ്വാസകാശ അര്‍ബുദത്തിലും വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യ പോലുള്ള  വികസ്വര രാജ്യങ്ങളില്‍ പുകവലിയും ശ്വാസകോശ അര്‍ബുദവും വര്‍ദ്ധിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  സിഗരറ്റ്, ബീഡി എന്നിവയുടെ ഉപയോഗം, ഗാര്‍ഹികമായതും ജൈവവസ്തുക്കളിലെ ഇന്ധനങ്ങളില്‍ നിന്നുമുള്ളതുമായ  ഉള്‍ത്തളങ്ങളിലെ വായു മലിനീകരണം, തൊഴില്‍പരമായ സമ്പര്‍ക്കം,  ശ്വാസകോശത്തിലെ ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോബാക്ടീരിയം എന്നിവ നമ്മുടെ വെല്ലുവിളിയാണ്. ജനങ്ങള്‍ക്കിടയില്‍ പുകവലി നിര്‍ത്തലാക്കുന്ന പരിപാടികള്‍ നടപ്പിലാക്കുന്നതിന് സാമൂഹിക സാംസ്‌കാരിക തടസ്സങ്ങളെ തരണം ചെയ്യേണ്ടതുണ്ട്. വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ ശ്വാസകോശ അര്‍ബുദം ബാധിക്കുന്നത് താരതമ്യേന കുറവാണെങ്കിലും വികസിത രാജ്യങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലാണ്. ചികിത്സാ സംവിധാനങ്ങള്‍ പ്രാപ്യമല്ലാതെയാകുക, സാമൂഹിക - സാംസ്‌കാരിക തടസ്സങ്ങള്‍, പ്രകൃതി മലിനീകരണം  എന്നിവയാല്‍  നിര്‍ണയത്തിലും ചികിത്സയിലുമുള്ള കാലതാമസമാണ് കാരണം.

സ്ത്രീകളില്‍ ശ്വാസകോശ അര്‍ബുദം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായാണ് നിരീക്ഷണം. കൃത്യമായ കാരണം ലഭ്യമല്ലെങ്കിലും ജനിതക വ്യതിയാനങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ഓങ്കോജെനിക് വൈറസുകള്‍, ഹോര്‍മോണ്‍ ഘടകങ്ങള്‍ എന്നിവയെല്ലാം പങ്ക് വഹിക്കുന്നുണ്ട്.

മുന്‍നിര്‍ണ്ണയം 

ശ്വാസകോശ അര്‍ബുദത്താലുള്ള 5 വര്‍ഷത്തെ അതിജീവന നിരക്ക് 18 ശതമാനം മാത്രമാണ്.   രോഗം കണ്ടെത്തി ചികിത്സിക്കുന്ന നൂറുപേരില്‍ 18 പേര്‍ 5 വര്‍ഷത്തിധികം ജീവനോടെയിരിക്കും. അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുന്‍പേ ചികിത്സിക്കുകയാണെങ്കില്‍ അതിജീവനത്തിനുള്ള സാധ്യത ഏറെയാണ്.

പരിശോധന

ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുന്‍പേ  പ്രാരംഭഘട്ടത്തില്‍ രോഗം കണ്ടെത്തുന്നതിന് പരിശോധന സഹായകമാണ്. കടുത്ത പുകവലിക്കാര്‍ക്കും പുകവലി ഉപേക്ഷിച്ച അന്‍പതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും യുഎസ് പ്രിവന്റീവ് സര്‍വീസ് ടാസ്‌ക് ഫോഴ്‌സിന്റെ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.  നെഞ്ചിന്റെ  CT സ്‌കാന്‍ പരിശോധനാ മാര്‍ഗമായി കണക്കാക്കാവുന്നതാണ്.
മുന്‍പ് സൂചിപ്പിച്ചതുപോലെ പുകവലിക്കാരല്ലാത്തവരിലും സ്ത്രീകളിലുമുള്ള ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിച്ചുവരികയാണ്. നിര്‍ഭാഗ്യവശാല്‍ ഇവരിലുള്ള പരിശോധന ഇതുവരെയും വിജയകരമായിട്ടില്ല.

പ്രതിരോധം

പുകവലി ആരംഭിക്കാതിരിക്കുകയാണ്  ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. നേരത്തെ പുകവലി തുടങ്ങിയ വ്യക്തിയാണെങ്കില്‍ ഈ ശീലം അവസാനിപ്പിക്കണം. ഈ ശീലം ഉപേക്ഷിക്കാനുള്ള സമയം വൈകിയിട്ടില്ല.  എത്രകാലം എത്രത്തോളം പുകവലിച്ചു എന്നത് പ്രശ്‌നമല്ല.  പുകവലി ഉപേക്ഷിക്കുന്നത് എല്ലായ്‌പ്പോഴും അര്‍ബുദത്തിനുള്ള അപകട സാധ്യത പൂര്‍ണമായും ഇല്ലാതാക്കുന്നില്ലെങ്കിലും അപകട സാധ്യത കുറയ്ക്കുന്നതിന് പ്രയോജനകരമാണ്.

ലക്ഷണങ്ങള്‍

ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും പ്രകടമാകാറില്ല. തുടര്‍ച്ചയായ ചുമ, രക്തംപുരണ്ട കഫം,   നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തൊണ്ടയടപ്പ്,  വിശപ്പ് കുറവ്, ശരീര ഭാരം കുറയുക  എന്നിവയുണ്ടെങ്കില്‍ കാലതാമസം കൂടാതെ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങളിലൂടെ ശ്വാസകോശ അര്‍ബുദം  നിര്‍ണയിക്കാമെങ്കിലും ചിലപ്പോള്‍ ആകസ്മികമായും ഉണ്ടാകാറുണ്ട്.

രോഗനിര്‍ണയം

നെഞ്ചിലെ എക്‌സ്‌റേകളില്‍ മുഴയോ, വീക്കമോ, അവ്യക്തതയോ ഉണ്ടാകുമ്പോള്‍ സാധാരണയായി ശ്വാസകോശ അര്‍ബുദം സംശയിക്കപ്പെടുന്നു. CT, PET ഇമേജിംഗിലൂടെ ഇത്തരം അസാധാരണത്വം കണ്ടെത്താവുന്നതാണ്.  മുഴയുടെ വ്യാപനവും ഘട്ടവും മനസ്സിലാക്കുന്നതിന് PET, CT സഹായിക്കും. മുഴയില്‍ നിന്നും ടിഷ്യു സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുന്ന പ്രക്രിയയാണ് ബയോപ്‌സി.  ടിഷ്യുവും മുഴയുടെ ലഭ്യമാകുന്ന ഭാഗങ്ങളും പരിശോധിക്കുന്ന ബയോപ്‌സി പ്രക്രിയ വിവിധ തരത്തിലുണ്ട്. ട്രാന്‍സ്റ്റോറാസിക് ബയോപ്‌സി, എന്‍ഡോസ്‌കോപിക് അള്‍ട്രാസൗണ്ട് ഗൈഡഡ് ബയോപ്‌സി, വീഡിയോ അസിസ്റ്റഡ് തോറാകോസ്‌കോപ്പിക് സര്‍ജറി, മെഡിയാസ്റ്റിനോസ്‌കോപ്പിക് ബയോപ്‌സി, ഓപ്പണ്‍ ബയോപ്‌സി എന്നിങ്ങനെ.

നോണ്‍ സ്‌മോള്‍ സെല്‍ ശ്വാസകോശ അര്‍ബുദം (NSCLS), സ്‌മോള്‍ സെല്‍ ശ്വാസകോശ അര്‍ബുദം (SCLC) എന്നിങ്ങനെ ശ്വാസകോശ അര്‍ബുദത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.  NSCLC യെ അഡിനോകാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, ലാര്‍ജ് സെല്‍ കാര്‍സിനോമ എന്നും തരംതിരിച്ചിട്ടുണ്ട്.

ചികിത്സ

ശ്വാസകോശ അര്‍ബുദത്തിന്റെ പരമ്പരാഗത ചികിത്സയില്‍ അടുത്തകാലം വരെ ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ ഉള്‍പ്പെട്ടിരുന്നു. അര്‍ബുദത്തിന്റെ ഘട്ടം, കോശങ്ങളുടെ ഘടന, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക.

മുന്‍കാലങ്ങളില്‍ ശ്വാസകോശ അര്‍ബുദം മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുമായിരുന്നു. സങ്കീര്‍ണമായ ഇത്തരം ശസ്ത്രക്രിയ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ മുഴയുടെ വലുപ്പവും വ്യാപനത്തിന്റെ തോതും അനുസരിച്ചാണ് ശ്രദ്ധാപൂര്‍വ്വം ശസ്ത്രക്രിയ തെരഞ്ഞെടുക്കുക.

നീക്കം ചെയ്യാനാകാത്ത മുഴയുള്ള രോഗികള്‍ക്ക് ഒരേസമയം കീമോതെറാപ്പി ഉപയോഗിച്ചോ അല്ലാതെയോ ശ്വാസകോശത്തിലെ മുഴകളിലേക്ക് റേഡിയേഷന്‍ നടത്തുന്നു.  SBRT, IMRT,3D CRT, ബ്രാച്ചിതെറാപ്പി തുടങ്ങിയ റേഡിയോതെറാപ്പി എത്തിക്കുന്നതിനുള്ളപുതിയ സാങ്കേതികവിദ്യകളുടെ ആവീര്‍ഭാവത്തോടെ അടുത്തുള്ള കോശങ്ങളിലേക്ക് അര്‍ബുദം വ്യാപിക്കുന്നത് കുറയ്ക്കാനാകും. നിയോഅഡ്ജുവന്റ് (ശസ്ത്രക്രിയക്കു മുന്‍പ്), റേഡിയേഷനൊപ്പം, അഡ്ജുവന്റ് (ശസ്ത്രക്രിയക്കു ശേഷം),  പാലിയേറ്റീവ് പരിചരണം എന്നീ ഘട്ടങ്ങളിലാണ് കീമോതെറാപ്പി ചെയ്യുന്നത്.

ശ്വാസകോശ അര്‍ബുദ ചികിത്സയിലെ മാറ്റം

ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയാണ് ശ്വാസകോശ അര്‍ബുദത്തിലെ നൂതന ചികിത്സാ രീതികള്‍. വിവിധ മരുന്നുകളുടെ ലഭ്യതയും ശ്വാസകോശ അര്‍ബുദ രോഗികളുടെ ചികിത്സയില്‍ ഗണ്യമായ മാറ്റം വരുത്തുന്നുണ്ട്.

ടാര്‍ഗെറ്റുചെയ്ത മരുന്നുകള്‍ കീമോതെറാപ്പിയില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും പ്രത്യേക മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.  ശ്വാസകോശ അര്‍ബുദത്തിലെ ചലനാത്മകമായ മോളിക്യുലര്‍ നിയന്ത്രിക്കുന്നവയില്‍ EGFR, ALK, ROS എന്നിവ ഉള്‍പ്പെടുന്നു. ഇവ ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവരില്‍ NSCLC യില്‍ മാത്രമായി ഉണ്ടാകുന്നു. ഇത്തരം മരുന്നുകള്‍ EGFR ജീനുകളെ ലക്ഷ്യമിടുകയും കോശങ്ങള്‍ വിഭജിച്ച് വളരുന്നതിന് സഹായകമാകുകയും ചെയ്യുന്നു. എക്‌സ്പ്രസ് EGFRന് മുകളിലുള്ള ശ്വാസകോശ അര്‍ബുദത്തില്‍ EGFRല്‍ നിന്നുള്ള സിഗ്നലിനെ തടയുന്ന ടാര്‍ഗെറ്റുചെയ്ത ഏജന്റുകള്‍ മുഴയുടെ വളര്‍ച്ചയെ തടയും.  ഏകദേശം അഞ്ചു ശതമാനം ശ്വാസകോശ അര്‍ബുദങ്ങള്‍ക്ക് ALK ജീനുകളെ പുനക്രമീകരിക്കാനാകും.  അസാധാരണമായ ALK പ്രോട്ടീന്‍ ലക്ഷ്യമിടുന്ന മരുന്നുകളും മുഴയുടെ വളര്‍ച്ചയെ നിയന്ത്രിക്കും. അതുപോലെ രണ്ടു ശതമാനം വരെയുള്ള ശ്വാസകോശ അര്‍ബുദത്തില്‍ കാണുന്ന BRAF, NTRK, RET, MET പോലെയുള്ള അപൂര്‍വ മ്യൂട്ടേഷനുകള്‍ തിരിച്ചറിയുകയും  അസാധാരണ ജീനുകളില്‍ നിന്ന് പ്രോട്ടീനുകളെ പ്രവര്‍ത്തന രഹിതമാക്കാനാകുന്ന പ്രത്യേക മരുന്നുകള്‍ മുഴയുടെ വളര്‍ച്ചയെ തടയുകയും ചെയ്യും. വിപുലമായ ശ്വാസകോശ അര്‍ബുദങ്ങളില്‍ ഇത്തരം മ്യൂട്ടേഷനുകള്‍ തടയുന്നത് പരമ്പരാഗത കീമോതെറാപ്പിയേക്കാള്‍ കൂടുതല്‍ ഫലപ്രദവും വിഷാംശം കുറഞ്ഞതുമാണ്.

അര്‍ബുദകോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിന് ഒരു വ്യക്തിയുടെ സ്വന്തം പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്ന  ചികിത്സാ രീതിയാണ് ഇമ്മ്യൂണോതെറാപ്പി. വിവിധ തലങ്ങളിലുള്ള ചികിത്സകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ഇമ്മ്യൂണോ തെറാപ്പിയിലൂടെ ലഭിക്കുന്നത്.

എന്നിരുന്നാലും എല്ലാതരം ശ്വസകോശ അര്‍ബുദങ്ങള്‍ക്കും ഇമ്മ്യൂണോതെറാപ്പി പരിഹാരമാകില്ല. ഇമ്മ്യൂണോതെറാപ്പിക്ക് മികച്ച പ്രതികരണശേഷിയുള്ള ബയോമാര്‍ക്കറുകള്‍ തിരിച്ചറിയുന്നതിനുള്ള പഠനങ്ങള്‍ നടന്നുവരികയാണ്.  മികച്ച പ്രതികരണത്തിനായി കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവയുമായി ഇമ്യൂണോതെറാപ്പിയേയും ഗവേഷകര്‍  കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഉപസംഹാരം

ശ്വാസകോശ അര്‍ബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. ശ്വാസകോശ അര്‍ബുദം വരാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം പുകവലി ഉപേക്ഷിക്കലാണ്. എന്നാല്‍ പുകവലിക്കാത്തവര്‍ക്കും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യതയുണ്ട്. ശ്വാസകോശ അര്‍ബുദം മറ്റു ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നത് നിര്‍ഭാഗ്യകരമാണ്. വളരെ കുറച്ച് ശ്വാസകോശ അര്‍ബുദങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനുമാകും.  ശ്വാസകോശ അര്‍ബുദം കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം പുരോഗതികളുണ്ടാകുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നിരുന്നാലും ഇത്രയൊക്കെ പുരോഗമിച്ചിട്ടും പ്രത്യേക ഘട്ടങ്ങളിലെ ശ്വാസകോശ അര്‍ബുദ ചികിത്സ വെല്ലുവിളിയായി തുടരുകയാണ്.

ഡോ. രജിത എല്‍
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
കിംസ്‌ഹെല്‍ത്ത് കാന്‍സര്‍ സെന്റര്‍