Movie prime

ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്നു. വേണ്ടത് പ്രാർഥനയല്ല, ഉത്തരവാദിത്ത നിർണയമാണ്

വടക്കുപടിഞ്ഞാറൻ ബ്രസീലിലെ വലിയൊരു സംസ്ഥാനമാണ് ആമസോണാസ്. മുക്കാൽ ഭാഗവും ആമസോൺ മഴക്കാടുകൾ തിങ്ങിനിറഞ്ഞ ഭൂപ്രദേശം. ആമസോണാസ് ഇന്നൊരു കടുത്ത ഭീഷണിയുടെ നിഴലിലാണ്. വർധിച്ചുവരുന്ന കാട്ടുതീ കനത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പെറുവും കൊളംബിയയും ബൊളീവിയയും പരാഗ്വേയുമൊക്കെ അപകട ഭീഷണിയിലാണെങ്കിലും ബ്രസീലാണ് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നത്. ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്സ് റിസർച്ചിന്റെ കണക്കുപ്രകാരം ഈ വർഷം 73000 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 നെ അപേക്ഷിച്ച് 83 % കൂടുതൽ. 2013 നു ശേഷം ഏറ്റവുമധികം. കഴിഞ്ഞ മൂന്നാഴ്ചയായി ആമസോൺ More
 
ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്നു. വേണ്ടത് പ്രാർഥനയല്ല, ഉത്തരവാദിത്ത നിർണയമാണ്

വടക്കുപടിഞ്ഞാറൻ ബ്രസീലിലെ വലിയൊരു സംസ്ഥാനമാണ് ആമസോണാസ്‌. മുക്കാൽ ഭാഗവും ആമസോൺ മഴക്കാടുകൾ തിങ്ങിനിറഞ്ഞ ഭൂപ്രദേശം. ആമസോണാസ് ഇന്നൊരു കടുത്ത ഭീഷണിയുടെ നിഴലിലാണ്. വർധിച്ചുവരുന്ന കാട്ടുതീ കനത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പെറുവും കൊളംബിയയും ബൊളീവിയയും പരാഗ്വേയുമൊക്കെ അപകട ഭീഷണിയിലാണെങ്കിലും ബ്രസീലാണ് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നത്.

ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പെയ്‌സ് റിസർച്ചിന്റെ കണക്കുപ്രകാരം ഈ വർഷം 73000 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 നെ അപേക്ഷിച്ച് 83 % കൂടുതൽ. 2013 നു ശേഷം ഏറ്റവുമധികം. കഴിഞ്ഞ മൂന്നാഴ്ചയായി ആമസോൺ കാടുകൾ നിന്ന് കത്തുകയാണ്. വനവിഭവങ്ങൾ വെന്തുവെണ്ണീറായി. ഒട്ടേറെ വന്യജീവികൾ ചത്തു. അനിയന്ത്രിതമായ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആഗസ്റ്റ് 19 ന് ആമസോണിയ, റൊൺഡോണിയ സംസ്ഥാനങ്ങളിൽനിന്ന് 2700 കിലോ മീറ്റർ അകലെയുള്ള സാവോ പോളോ നഗരത്തിന്റെ ആകാശം പുകപടലങ്ങൾ കൊണ്ട് മൂടിയതായി നഗരവാസികൾ പറയുന്നു. എത്ര ഭീതിതമാണ് അവസ്ഥയെന്ന് നോക്കുക. എന്നാൽ മുഖ്യധാര മാധ്യമങ്ങൾക്ക് ഇത് സുപ്രധാന വിഷയമായില്ല. നവസാമൂഹ്യ മാധ്യമങ്ങളാണ് വിഷയം ഏറ്റെടുക്കുന്നത്.അങ്ങിനെയാണ് ആമസോണിലെ അണയാത്ത തീയെക്കുറിച്ചുള്ള വാർത്താവിശേഷങ്ങൾ ലോകമാകെ കാട്ടുതീ പോലെ പടരുന്നതും

ഫേസ് ബുക്കിലും ട്വിറ്ററിലും #prayforamazonia ഹാഷ് ടാഗുകൾ നിറഞ്ഞു. എന്നാൽ ആമസോണിന് വേണ്ടത് പ്രാർഥനയാണോ? അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ ? കാടുകത്തിനശിക്കുന്നതിന് ഉത്തരവാദികളായവരെ സമൂഹമനഃസാക്ഷിയുടെ മുൻപിൽ കൊണ്ടുവരികയാണ് വേണ്ടത്.

നിലവിലെ ബ്രസീലിയൻ പ്രസിഡണ്ട് ജെയർ ബോൾസൊനാരോ അധികാരത്തിലേറിയതുമുതൽ അനിയന്ത്രിതമായ വനനശീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വിമർശകർ പറയുന്നു. വനസംരക്ഷണ പ്രവർത്തനങ്ങൾ പേരിനുപോലും ഇല്ലാതായി. വികസനത്തിന്റെ പേരിൽ വനനശീകരണം വ്യാപകമായി. പരിസ്ഥിതി നാശത്തിന് ഉത്തരവാദികളാവുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിനു പകരം അവരെ വെറുതേവിടുന്ന പ്രവണത ശക്തമായി.

ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്നു. വേണ്ടത് പ്രാർഥനയല്ല, ഉത്തരവാദിത്ത നിർണയമാണ്

തടി ഉൾപ്പെടെ വനവിഭവങ്ങളെല്ലാം കനത്ത ചൂഷണത്തിന് വിധേയമായി. കാട്ടിൽ അതിന്റെ സ്വാഭാവിക പ്രകൃതിക്ക് കോട്ടം തട്ടാതെ ജീവിച്ചിരുന്ന ജനവിഭാഗങ്ങളെ വികസനത്തിന്റെ പേരിൽ കാടിറക്കുന്ന പ്രവണതകൾക്ക് ആക്കം കൂടി. കാട്ടുതീ എന്നത് ആമസോണിൽ അപൂർവ സംഭവമല്ലെങ്കിലും കാലാകാലങ്ങളായി തദ്ദേശീയമായ മാർഗങ്ങളും ഉപായങ്ങളും പ്രയോഗിച്ച് അവ അതിവേഗം നിയന്ത്രണവിധേയമാക്കുന്ന ജനതയുടെ കാടിറക്കം അതിന്റെ നാശത്തിന് ആക്കം കൂട്ടുകയായിരുന്നു.

കാട്ടുതീ ആമസോൺ വനങ്ങളുടെ സർവ്വനാശത്തിന് കളമൊരുക്കുമ്പോഴും ബോൾസൊനാരോ കുറ്റപ്പെടുത്തുന്നത് പരിസ്ഥിതി പ്രവർത്തകരെയാണ്. അവരാണ് കാട്ടിനുള്ളിൽ തീയിട്ട് അതിന്റെ പേരിൽ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വസ്തുതകളുടെ പിൻബലമില്ലാത്ത ഈ ആരോപണത്തെ പരിസ്ഥിതി പ്രവർത്തകർ പുച്ഛിച്ചു തള്ളുകയാണ്.

ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളാണ് ആമസോൺ. ലോകത്തിനു വേണ്ട ഓക്സിജന്റെ ഇരുപതുശതമാനവും സംഭാവന ചെയ്യുന്നത് ആമസോൺ കാടുകളാണ്. ആഗോള താപനത്തിന്റെ കെടുതികൾ ലഘൂകരിക്കുന്നതിൽ ആമസോണിനുള്ള പങ്ക് വളരെ വലുതാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. 1980 നും 2010 നുമിടയിൽ ആമസോൺ അതിരിടുന്ന ഒൻപത് രാജ്യങ്ങളിലെ ഫോസിൽ ഇന്ധന മാലിന്യത്തിന്റെ അത്ര തന്നെ അളവിൽ കാർബൺ ഡയോക്സൈഡ് ആമസോൺ കാടുകളിലെ വൃക്ഷങ്ങൾ ആഗിരണം ചെയ്തതായാണ് ഒരു കണക്ക്. പത്തു ലക്ഷം ആദിവാസികളുടെ ആവാസകേന്ദ്രമായ ആമസോണിൽ ലോകത്തെ സസ്യമൃഗാദികളുടെ പത്തുശതമാനവും കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. അത്രയേറെ ജൈവവൈവിധ്യ സമ്പന്നമാണ് ആമസോൺ ഭൂമേഖല.

ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്നു. വേണ്ടത് പ്രാർഥനയല്ല, ഉത്തരവാദിത്ത നിർണയമാണ്

കൈയേറ്റക്കാർക്കും കുടിയേറ്റക്കാർക്കും ഖനന മാഫിയക്കും ഒത്താശ ചെയ്യുകയാണ് ബോൾസൊനാരോ ഭരണകൂടം എന്ന് വിമർശകർ ആരോപിക്കുന്നു. നശീകരണ പ്രവർത്തനങ്ങൾ ഇതേ വേഗതയിൽ മുന്നോട്ടുപോയാൽ 2030 ഓടെ ആമസോണിന്റെ നാലിലൊന്ന് വരുന്ന ഭൂഭാഗം മരുവൽക്കരണത്തിനു വിധേയമാകുമെന്നാണ് വേൾഡ് വൈഡ് ഫണ്ടിന്റെ വിലയിരുത്തൽ.

ആമസോൺ ലോകത്തിന്റെ തന്നെ ശ്വാസകോശമാണ്. അത് നശിച്ചാൽ ബ്രസീലിനും കൊളംബിയയ്ക്കും മാത്രമല്ല നഷ്ടം. ബൊളീവിയയ്ക്കും പരാഗ്വേയ്ക്കും ഏൽക്കുന്ന പൊള്ളലിന്റെ ചൂട് പശ്ചിമ ഘട്ടത്തിന്റെ താഴ്‌വരയിൽ ജീവിക്കുന്ന നമുക്കും അനുഭവപ്പെടും. അതിനാൽ അതിവർഷമായും കഠിന വരൾച്ചയായും നമ്മെ വേട്ടയാടുന്ന പ്രകൃതി ദുരന്തങ്ങളിലും പ്രവചനാതീതമായ കാലാവസ്ഥകളിലും നമുക്ക് ആമസോണിനെ കൂടി ഓർക്കാം.

കടപ്പാട്: ദി വയർ