Chinese
ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപേയോ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപേയോയുടെ പ്രതികരണം. Chinese
ചൈനീസ് കമ്പനിയായ ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യ ചെയ്യുന്ന രീതിയിലും രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിലും യുഎസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷണം, രാജ്യ സുരക്ഷ എന്നിവ മുൻനിർത്തി ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കൻ ഭരണകൂടവും നീങ്ങുന്നത്.
നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപേയോ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് വ്യാപന വിഷയത്തിലും ചൈനക്കെതിരേ അമേരിക്ക തുടർച്ചയായ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ചൈനീസ് ആപ്പുകൾക്കെതിരേ നടപടിയിലേക്ക് നീങ്ങുമെന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമർശം.
“ഒരു അമേരിക്കൻ സിഇഒയാണ് ടിക്ക് ടോക്കിനെ നയിക്കുന്നത്.സുരക്ഷ, ഉൽപ്പന്നം, പൊതുനയം എന്നിവയിലുടനീളം നൂറുകണക്കിന് ജീവനക്കാരും ടിക്ക്ടോക്കിന്റെ പ്രധാന നേതാക്കളും ഇവിടെ യുഎസിൽ ഉണ്ട്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് സുരക്ഷിതവുമായ അപ്ലിക്കേഷൻ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണന ഞങ്ങൾക്ക് ഇല്ല. ഞങ്ങൾ ഒരിക്കലും ചൈനീസ് സർക്കാരിന് ഉപയോക്തൃ ഡാറ്റ നൽകിയിട്ടില്ല, ആവശ്യപ്പെട്ടാൽ പോലും ഞങ്ങൾ അങ്ങനെ ചെയ്യില്ല.”പോംപേയോയുടെ അഭിപ്രായത്തെ തുടർന്ന് ടിക്ക് ടോക്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു