Movie prime

പണിയാൻ പോകുന്ന രാമക്ഷേത്രം കൊറോണയിൽ നിന്ന് രക്ഷിക്കുമെന്ന് പ്രചരിപ്പിക്കുന്നവരുടെ മഹാനേതാവു കൂടിയാണ് അമിത് ഷാ

amit shah ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് എന്ന വാർത്ത പുറത്തുവന്നയുടൻ സാമൂഹ്യ മാധ്യമങ്ങളിൽ അതേപ്പറ്റി വലിയ തോതിലുള്ള കോലാഹലമാണ് ഉണ്ടായത്. അമിത് ഷായെ ട്രോളിയും പുച്ഛിച്ചും അപഹസിച്ചും ട്രോളുകൾ ഇറങ്ങി. കോവിഡിനെ ഫലപ്രദമായി തടയുമെന്ന് സംഘ പരിവാറിൻ്റെ അന്ധരായ അനുയായികൾ തെറ്റായി പ്രചരിപ്പിച്ച ചാണകവും ഗോമൂത്രവും പരീക്ഷിച്ചും പപ്പടം തിന്നുമൊക്കെ തന്നെത്താനെയങ്ങ് രോഗം മാറ്റാനുള്ള വെല്ലുവിളികളുണ്ടായി. ശത്രുവിനുപോലും രോഗം വന്നാൽ ആഹ്ലാദിക്കരുതെന്ന മറുവാദങ്ങളും ഉയർന്നുവന്നു. പ്രാർഥിച്ചും പൂജ നടത്തിയും മാറ്റാനാവാത്ത രോഗങ്ങൾ ബാധിക്കുമ്പോൾ മനുഷ്യർക്ക് അല്പമെങ്കിലും ശാസ്ത്രബോധം More
 
പണിയാൻ പോകുന്ന രാമക്ഷേത്രം കൊറോണയിൽ നിന്ന് രക്ഷിക്കുമെന്ന് പ്രചരിപ്പിക്കുന്നവരുടെ മഹാനേതാവു കൂടിയാണ് അമിത് ഷാ

amit shah

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് എന്ന വാർത്ത പുറത്തുവന്നയുടൻ സാമൂഹ്യ മാധ്യമങ്ങളിൽ അതേപ്പറ്റി വലിയ തോതിലുള്ള കോലാഹലമാണ് ഉണ്ടായത്. അമിത് ഷായെ ട്രോളിയും പുച്ഛിച്ചും അപഹസിച്ചും ട്രോളുകൾ ഇറങ്ങി. കോവിഡിനെ ഫലപ്രദമായി തടയുമെന്ന് സംഘ പരിവാറിൻ്റെ അന്ധരായ അനുയായികൾ തെറ്റായി പ്രചരിപ്പിച്ച ചാണകവും ഗോമൂത്രവും പരീക്ഷിച്ചും പപ്പടം തിന്നുമൊക്കെ തന്നെത്താനെയങ്ങ് രോഗം മാറ്റാനുള്ള വെല്ലുവിളികളുണ്ടായി. ശത്രുവിനുപോലും രോഗം വന്നാൽ ആഹ്ലാദിക്കരുതെന്ന മറുവാദങ്ങളും ഉയർന്നുവന്നു. പ്രാർഥിച്ചും പൂജ നടത്തിയും മാറ്റാനാവാത്ത രോഗങ്ങൾ ബാധിക്കുമ്പോൾ മനുഷ്യർക്ക് അല്പമെങ്കിലും ശാസ്ത്രബോധം കൈവരുമല്ലോ എന്ന ആശ്വാസ വചനങ്ങളും ഇതിനിടയിൽ കേട്ടു. അമിത് ഷായുടെ അസുഖബാധ ജനങ്ങളിൽ ഉണർത്തിയ പ്രതികരണങ്ങളെ സംബന്ധിച്ചാണ് പ്രശസ്ത ചെറുകഥാകൃത്ത് വി എസ് അനിൽകുമാറിൻ്റെ ഈ ഫേസ്ബുക്ക്‌ കുറിപ്പ്.

പാത്രത്തിൽ കൊട്ടിയും, വൈദ്യുത വിളക്കുകൾ അണച്ച് മെഴുകുതിരി കത്തിച്ചും, ഗോ കൊറോണ എന്ന് ജപിച്ചും, യാഗം നടത്തിയും, ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗത്തെ തടുക്കാം എന്നു പ്രചരിപ്പിച്ചും, ഇക്കാലമത്രയും നടന്ന മണ്ടന്മാരുടെ നേതൃപദവിയിലിരിക്കുന്ന ഒരാൾ എന്ന നിലയിൽ രോഗം മാറിവന്ന് ചില മറുപടികൾ ആഭ്യന്തര മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് എന്ന് അദ്ദേഹം എഴുതുന്നു.

രാജ്യത്തെ 17 ലക്ഷത്തിലധികം ആൾക്കാർക്കും ലോകത്തെ ഏതാണ്ട് ഒരു കോടി 80 ലക്ഷം പേർക്കും അമിത് ഷായോടൊപ്പം രോഗമുക്തി ഉണ്ടാവട്ടെ എന്ന് അതിതീവ്രമായി താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ്

‘രോഗത്തിൻ്റെ ദാക്ഷിണ്യം’ എന്ന തലക്കെട്ടിൽ എഴുതിയ ഈ ചെറുകുറിപ്പ് അനിൽകുമാർ അവസാനിപ്പിക്കുന്നത്.

………..

രോഗത്തിൻ്റെ ദാക്ഷിണ്യം

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് കോവിഡ് രോഗം പിടിപെട്ടതായി അറിയുന്നു. അതിൽ സന്തോഷമോ ദു:ഖമോ ഇല്ല. നാലു മാസമായി ഇതുതന്നെ കേട്ട് കേട്ട് അങ്ങനെയായിരിക്കുന്നു. ഞാൻ പ്രാർത്ഥിക്കാറോ പൂജ നടത്താറോ ഇല്ല. ഇനി എല്ലാ കരുതലും ചെയ്യേണ്ടത് വൈദ്യശാസ്ത്രമാണ്. അതു മാത്രമാണ്.

പാത്രത്തിൽ കൊട്ടിയും വൈദ്യുത വിളക്കുകൾ അണച്ച് മെഴുകുതിരി കത്തിച്ചും ഗോ കൊറോണ എന്ന് ജപിച്ചും യാഗം നടത്തിയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചു രോഗത്തെ തടുക്കാം എന്നു പ്രചരിപ്പിച്ചും ഇക്കാലമത്രയും നടന്ന മണ്ടന്മാരുടെ നേതൃപദവിയിലിരിക്കുന്ന ഒരാൾ എന്ന നിലയിൽ രോഗം മാറി വന്ന് ചില മറുപടികൾ ആഭ്യന്തര മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

രസം കുടിച്ചും മഞ്ഞൾ പൂശിയും തമിൾനാട്ടുകാർ രോഗത്തെ തടുക്കുന്നു എന്ന് വിജ്റംഭിച്ചവരാണിവർ. അത്തരം പ്രചരണങ്ങളും ഒട്ടും ശുഷ്ക്കാന്തിയില്ലാത്ത രോഗ പ്രതിരോധ പരിശ്രമങ്ങളും കൂടി ഏറ്റവുമധികം കോവിഡ് രോഗികളുള്ള മൂന്നു രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. പണിയാൻ പോകുന്ന രാമക്ഷേത്രം കൊറോണയിൽ നിന്ന് രക്ഷിക്കും എന്ന് പ്രചരിപ്പിക്കുന്നവരുടെ മഹാനേതാവു കൂടിയാണ് അദ്ദേഹം.

രോഗ വ്യാപനത്തിൻ്റെ ഒരു കാരണം ഈ അന്ധവിശ്വാസങ്ങളാണ് എന്ന കാര്യം തീർച്ച.

അദ്ദേഹത്തിൻ്റെ പൊതുപരിപാടിയിലെ ചില ഫോട്ടോകൾ കണ്ടാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചതായി തോന്നുന്നില്ല. ഇദ്ദേഹം അഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾ കോവിഡ് ഭീതിയാൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ചിലപ്പോൾ മരിച്ച്, ഇടയിൽ തളർന്ന്, ചോര ചിന്തി, വെള്ളം പോലും കുടിക്കാതെയൊക്കെ പിറന്ന നാട്ടിലെത്താൻ ദുരിതപർവ്വം താണ്ടിയത്. തങ്ങൾക്കിതിലൊന്നും ഇടപെടാനാവില്ല എന്ന് സുപ്രീം കോടതിയെക്കൊണ്ട് പറയിക്കുന്ന വാദങ്ങളാണ് അന്ന് ആഭ്യന്തര മന്ത്രിയുടെ സർക്കാർ നിരത്തിയത്.

ആഭ്യന്തര മന്ത്രിക്ക് കോവിഡ് ബാധിച്ചപ്പോൾ ഇരവാദവുമായി കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലും രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ മഹാമനസ്കതയെ അഭിനന്ദിക്കുന്നു.

എൻ്റെ ഒരു സുഹൃത്ത് പറയാറുള്ളതുപോലെ “ദൈവം ഇല്ല എന്ന് അറിയാം. പക്ഷെ, ദൈവനീതിക്ക് ദാക്ഷിണ്യമില്ല”

നമ്മുടെ നാട്ടിലെ 17 ലക്ഷത്തിലധികം ആൾക്കാർക്കും ലോകത്തെ ഏതാണ്ട് ഒരു കോടി 80 ലക്ഷം പേർക്കും അമിത് ഷായോടൊപ്പം രോഗമുക്തി ഉണ്ടാവട്ടെ എന്ന് ഞാൻ അതിതീവ്രമായി ആഗ്രഹിക്കുന്നു.