ആര്‍ട്ടീരിയ ചുവര്‍ചിത്ര പദ്ധതി മറ്റ് ജില്ലകളിലേക്കും

 
തിരുവനന്തപുരത്തിന്‍റെ തനത് വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനായി തുടങ്ങിയ ചുവര്‍ച്ചിത്ര പദ്ധതിയായ ആര്‍ട്ടീരിയ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആര്‍ട്ടീരിയ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി പാളയം അടിപ്പാതയില്‍ നടക്കുന്ന ചുവര്‍ച്ചിത്ര ജോലികള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. 
കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയിലുള്ള കലാപ്രവര്‍ത്തനമാണ് 20 ഓളം  കലാകാരന്‍മാര്‍ ചേര്‍ന്ന് മൂന്നാം ഘട്ടത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചെയ്തു വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതു ഇടങ്ങള്‍ മനോഹരമാകും എന്നതിനൊപ്പം സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവര്‍ക്ക് പോസിററീവ് എനര്‍ജി നല്‍കാനും ഈ പദ്ധതിയ്ക്ക് കഴിയും. ഈ ചുവര്‍ച്ചിത്ര രചനാപദ്ധതി സംസ്ഥാനമാകെ പടര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം നഗരത്തിന്‍റെ തനത് സൗന്ദര്യം സൂക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു ചുവടു വയ്പായിരുന്നു ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് 2015 ല്‍ ആരംഭിച്ച ആര്‍ട്ടീരിയ എന്ന ചുവര്‍ചിത്ര പദ്ധതി. തിരുവനനന്തപുരം നഗരത്തിലെ പാതയുടെ ഇരുവശങ്ങളിലെ പൊതു- സ്വകാര്യ- സഹകരണ ഉടമസ്ഥതകളിലുള്ള ചുറ്റുമതിലുകളും കെട്ടിടങ്ങളുടെ ചുവരുകളും സര്‍ഗ്ഗസൃഷ്ടികള്‍ക്കുള്ള ക്യാന്‍വാസുകളാക്കി മാറ്റുകയായിരുന്നു ആര്‍ട്ടീരിയയിലൂടെ ചെയ്തത്.

രണ്ട് ഘട്ടങ്ങളിലായി, 2015, 2016 വര്‍ഷങ്ങളില്‍  പ്രശസ്തരായ 25 ഓളം ചിത്രകാ ന്‍മാരുടെ രചനകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ സുപ്രസിദ്ധ ചിത്രകാരനായ അന്തരിച്ച കെ ജി സുബ്രമണ്യത്തിന്‍റെ ഒരു ബൃഹദ് ചിത്രം ചിത്രകാരന്‍റെ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ മിഴിവോടെ പാളയത്ത് രചിക്കുന്നതിനും ആര്‍ട്ടീരിയയ്ക്ക് കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിന്‍റെ ഒരു മുഖമായിത്തന്നെ മാറുവാന്‍ ആര്‍ട്ടീരിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കാലപ്പഴക്കവും വെയിലിന്‍റെയും മഴയുടെയും ഇടവിട്ടുള്ള ആഘാതവും മൂലം ചിത്രങ്ങളില്‍ ഉണ്ടായ മങ്ങല്‍ 2021 ജനുവരിയില്‍ നടത്തിയ നവീകരണത്തിലൂടെ കൂടുതല്‍ മിഴിവേകി നിലനിര്‍ത്തിയിട്ടുണ്ട്.

നഗരത്തിന്‍റെ കൂടുതല്‍ ഇടങ്ങളിലേക്ക് ചുവര്‍ചിത്രങ്ങള്‍ വ്യാപിപ്പിക്കണമെന്ന അഭ്യര്‍ത്ഥനകളെത്തുടര്‍ന്ന് ആര്‍ട്ടീരിയ മൂന്നാം ഭാഗത്തിലേക്ക് കടന്നത്. തലസ്ഥാനത്തുള്ള പാളയം അടിപ്പാത, ആക്കുളം ബൈപാസ്സില്‍ കുഴിവിള ജംഗ്ഷന്‍, സെന്‍റ് ജോസഫ് സ്കൂള്‍. മ്യൂസിയം എന്നിവിടങ്ങളിലെ ഭിത്തികളില്‍ ആര്‍ട്ടീരിയയുടെ 2021 എഡിഷനിലെ ചിത്രങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.