വിപുലമായ വളർച്ചയ്‌ക്കൊരുങ്ങി കേരള ബാങ്ക്

 

കേരളീയർ ആകമാനം വലിയ സ്വപ്നമായി കാണുന്ന കേരള ബാങ്ക് ദേശസാൽകൃത ബാങ്കുകളും, ന്യൂ ജനറേഷൻ ബാങ്കുകളും നടപ്പിലാക്കുന്ന ആധുനിക സൗകര്യങ്ങൾ ജനങ്ങൾക്ക് നല്കാനാണ് പരിശ്രമിക്കുന്നതെന്ന് സഹകരണ മന്ത്രി  വി.എൻ. വാസവൻ.

കേരള ബാങ്കിന് വിപുലമായ വളർച്ച സാധ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള ബാങ്കിന്റെ ഐടി ഇന്റഗ്രേഷൻ, എറ്റിഎം വാൻ തുടങ്ങിയ പ്രവർത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി.

പ്രൈമറി സഹകരണ ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെടാതെ അവരെ ചേർത്ത് നിർത്തി പരിപോഷിപ്പിക്കാൻ ആവശ്യമായ ശ്രദ്ധ കേരള ബാങ്ക് ചെലുത്തേണ്ടതാണെന്നു മന്ത്രി പറഞ്ഞു.

കേരള ബാങ്ക് സന്ദർശിച്ച മന്ത്രി ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ, സിഇഒ, സിജിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു.  സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ്,  സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറി പി.എസ്. രാജേഷ്, മന്ത്രിയുടെ പി.എസ് ജോർജ് മാത്യു, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി.നായർ എന്നിവരും പങ്കെടുത്തു.