ശമ്പളം വെട്ടിക്കുറച്ചത് സ്വാഗതാർഹം; എം പി ഫണ്ട് മരവിപ്പിച്ചത് അന്യായം

കേന്ദ്ര മന്ത്രിമാരുടെയും എം പി മാരുടെയും ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണ്. എന്നാൽ പ്രാദേശിക വികസനത്തിൻ്റെ ഊർജ സ്രോതസ്സായ എം പി ഫണ്ട് രണ്ടു വർഷത്തേക്ക് നിർത്തലാക്കുന്ന നടപടി തെറ്റാണ്. അത് പിൻവലിക്കണം. ഡോ. ആസാദ് എഴുതുന്നു കൊറോണയേല്പ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന് ഒരു വര്ഷത്തേക്ക് കേന്ദ്ര മന്ത്രിമാരുടെയും എംപി മാരുടെയും ശമ്പളത്തിന്റെ മുപ്പതുശതമാനം കുറയ്ക്കുന്ന കേന്ദ്ര സര്ക്കാര് തീരുമാനത്തെ സ്വാഗതം ചെയ്യണം. അതേസമയം രണ്ടു വര്ഷത്തേക്ക് എം പി ഫണ്ടു നല്കില്ലെന്ന തീരുമാനം More
 

കേന്ദ്ര മന്ത്രിമാരുടെയും എം പി മാരുടെയും ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണ്. എന്നാൽ പ്രാദേശിക വികസനത്തിൻ്റെ ഊർജ സ്രോതസ്സായ എം പി ഫണ്ട് രണ്ടു വർഷത്തേക്ക് നിർത്തലാക്കുന്ന നടപടി തെറ്റാണ്. അത് പിൻവലിക്കണം.

ഡോ. ആസാദ് എഴുതുന്നു

കൊറോണയേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരു വര്‍ഷത്തേക്ക് കേന്ദ്ര മന്ത്രിമാരുടെയും എംപി മാരുടെയും ശമ്പളത്തിന്റെ മുപ്പതുശതമാനം കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യണം. അതേസമയം രണ്ടു വര്‍ഷത്തേക്ക് എം പി ഫണ്ടു നല്‍കില്ലെന്ന തീരുമാനം പിന്‍വലിക്കണം. പ്രാദേശിക പ്രതിരോധത്തിന്റെ ഊര്‍ജ്ജമാവേണ്ട ധനസ്രോതസ്സാണത്.

ക്ഷേത്ര നിര്‍മ്മാണത്തിനും പ്രതിമാ നിര്‍മ്മാണത്തിനും നീക്കിവെച്ച കോടിക്കണക്കിനു രൂപ ഈ സാഹചര്യത്തില്‍ തിരിച്ചു പിടിക്കാനാണ് കേന്ദ്രം ഉത്സാഹിക്കേണ്ടത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകള്‍ക്കും നിയന്ത്രണമാവാം. ആരാധനാലയങ്ങളുടെ ഭീമമായ സ്വത്തില്‍നിന്ന് ഒരു നിശ്ചിത ശതമാനം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കുകയുമാവാം. അതിനു ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെങ്കില്‍ അതു ചെയ്യാം.

കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ സമഗ്രമായ ചെലവു ചുരുക്കല്‍നയം പ്രഖ്യാപിക്കുമെന്നാണ് നാം കരുതിയിരുന്നത്. ജനങ്ങളിലേക്ക് അഭ്യര്‍ത്ഥനയുമായി പോകുംമുമ്പ് മന്ത്രിമാരും എം എല്‍ എമാരും എന്തു നല്‍കുമെന്ന് പറയണമായിരുന്നു. അധികച്ചെലവ് ഏതൊക്കെ വെട്ടിക്കുറയ്ക്കുമെന്ന് പറയാമായിരുന്നു.

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, എസ്കോര്‍ട്ട് വേണ്ടെന്നു വെയ്ക്കുക, ബിസിനസ് ക്ലാസിലെ യാത്ര ഒഴിവാക്കുക, ഉല്‍ഘാടന ആഘോഷങ്ങള്‍ നിര്‍ത്തുക, പരസ്യങ്ങള്‍ക്കു ചെലവഴിക്കുന്ന തുക കുറയ്ക്കുക, കേസുകള്‍ക്കു വേണ്ടിയുള്ള അനാവശ്യ പണച്ചെലവു വേണ്ടെന്നു വെയ്ക്കുക, പുതിയ വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നത് തല്‍ക്കാലത്തേക്കു നിര്‍ത്തുക എന്നിങ്ങനെ സ്വീകരിക്കാവുന്ന നടപടികള്‍ ഏറെയുണ്ട്. ഇതു ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. കൈയയച്ചു സഹായിക്കാന്‍ പ്രേരണയുമാവും.

കേന്ദ്ര കാബിനറ്റ് അവസരോചിതമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. മന്ത്രിമാരും എം പിമാരും ഒരു വര്‍ഷത്തേക്ക് ശമ്പളത്തിന്റെ മുപ്പതു ശതമാനം വേണ്ടെന്നു വെയ്ക്കും. ഇതു മാതൃകാപരമായ സാലറി ചാലഞ്ചാണ്. കേരളത്തില്‍നിന്ന് ജീവനക്കാരെ രാജ്യസ്നേഹം പഠിപ്പിക്കുന്ന പ്രസംഗങ്ങളേ ഉയരുന്നുള്ളു. സാലറി ചാലഞ്ചു മതി പ്രതിസന്ധി മറി കടക്കാനെന്ന തെറ്റായ ബോധമാണ് അതുണ്ടാക്കിയിരിക്കുന്നത്.

കേരളം വരാനിരിക്കുന്ന സാമ്പത്തിക സ്ഥിതികൂടി കണ്ട് സമഗ്രമായ സാമ്പത്തിക അച്ചടക്ക നയം പ്രഖ്യാപിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അസൂയാര്‍ഹമായ നേട്ടം കൈവരിച്ച കേരളത്തിലെ സര്‍ക്കാറിന് മുകള്‍ത്തട്ടില്‍നിന്നു വേണം ചെലവു ചുരുക്കല്‍ ആരംഭിക്കാനെന്ന് ഇനിയും തോന്നാത്തത് എന്തുകൊണ്ടാവും?