ആർട്ടിക്കിൾ 15: ആയുഷ്മാൻ ഖുറാന പൊലീസ് വേഷത്തിൽ

ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ ചിത്രീകരിക്കുന്ന അസാധാരണ ചലച്ചിത്രം എന്ന അവകാശവാദവുമായി ജൂൺ 28 ന് പുറത്തിറങ്ങുന്ന ആർട്ടിക്കിൾ 15 ൽ ആയുഷ്മാൻ ഖുരാനക്ക് പൊലീസ് ഓഫീസറുടെ വേഷം. മതം, വംശം, ജാതി, ലിംഗം തുടങ്ങി എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾക്കെതിരെ രാജ്യത്തെ പൗരന്മാർക്ക് സമത്വവും തുല്യനീതിയും ഉറപ്പു നൽകുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിനെ മഹത്വവൽക്കരിക്കുന്നതാണ് ആർട്ടിക്കിൾ പതിനഞ്ചിന്റെ പ്രമേയം. ഇന്നലെ പുറത്തിറങ്ങിയ ടീസറിൽ ആയുഷ്മാൻ ഖുരാനയെ പോലീസ് ഓഫീസറുടെ വേഷത്തിൽ കാണാം. അംബേദ്ക്കറുടെ പ്രതിമ അഗ്നിക്കിരയാക്കുന്നതും കാവിയും നീലയും നിറത്തിലുള്ള More
 

ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ ചിത്രീകരിക്കുന്ന അസാധാരണ ചലച്ചിത്രം എന്ന അവകാശവാദവുമായി ജൂൺ 28 ന് പുറത്തിറങ്ങുന്ന ആർട്ടിക്കിൾ 15 ൽ ആയുഷ്മാൻ ഖുരാനക്ക് പൊലീസ് ഓഫീസറുടെ വേഷം.

മതം, വംശം, ജാതി, ലിംഗം തുടങ്ങി എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾക്കെതിരെ രാജ്യത്തെ പൗരന്മാർക്ക് സമത്വവും തുല്യനീതിയും ഉറപ്പു നൽകുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിനെ മഹത്വവൽക്കരിക്കുന്നതാണ് ആർട്ടിക്കിൾ പതിനഞ്ചിന്റെ പ്രമേയം.
ഇന്നലെ പുറത്തിറങ്ങിയ ടീസറിൽ ആയുഷ്മാൻ ഖുരാനയെ പോലീസ് ഓഫീസറുടെ വേഷത്തിൽ കാണാം.

അംബേദ്ക്കറുടെ പ്രതിമ അഗ്നിക്കിരയാക്കുന്നതും കാവിയും നീലയും നിറത്തിലുള്ള കൊടികളേന്തിയ ആൾക്കൂട്ടത്തിന്റെ അക്രമാസക്തമായ മുന്നേറ്റങ്ങളും വെടിവെപ്പിനൊരുങ്ങുന്ന പോലീസുകാരുടെ ദൃശ്യങ്ങളുമെല്ലാം കാണികളുടെ നെഞ്ചിടിപ്പേറ്റുന്നവയാണ്. ഗാന്ധി- അംബേദ്ക്കർ ഇമേജുകളും ഭരണഘടനയുടെ പേജുകളും തെരുവിലെ പ്രക്ഷോഭങ്ങളും ടീസറിൽ മിന്നിമറയുന്നു.

അനുഭവ് സിൻഹയാണ് ചിത്രത്തിന്റെ സംവിധായകൻ. ലോകമെങ്ങും ചർച്ചചെയ്യപ്പെടുന്ന ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം ചിത്രീകരിച്ച മുൾക്ക് എന്ന ശ്രദ്ധേയ ചിത്രത്തിനുശേഷമാണ് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ ചർച്ചാവിഷയമാക്കുന്ന പതിനഞ്ചാം വകുപ്പിൽ കേന്ദ്രീകരിച്ച പ്രമേയവുമായി സിൻഹ വരുന്നത്.

തീവ്രവാദത്തെയും ഭീകരവാദത്തെയും അങ്ങേയറ്റം യാഥാർഥ്യബോധത്തോടെ നോക്കിക്കാണുന്ന രീതിയിലാണ് ആർട്ടിക്കിൾ പതിനഞ്ച് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ആയുഷ്മാൻ അഭിപ്രായപ്പെട്ടു.

ഇഷ തൽവാർ, മനോജ് പഹ്വാ, സയാനി ഗുപ്ത, കുമുദ് മിശ്ര, നാസർ, ആശിഷ് വർമ, സുശീൽ പാണ്ഡെ, ശുഭ്രജ്യോതി ഭാരത്, മുഹമ്മദ് അയൂബ് എന്നിവർ മുഖ്യവേഷത്തിൽ എത്തുന്നു.