വരയുടെ മൂർച്ചയും വാക്കിന്റെ തീർച്ചയും

ഉന്നാവോ പീഢനവും ഷുഹൈബ് വധക്കേസും വാർത്തകളായ പത്രങ്ങൾ വായിച്ച് “ഇതെന്തുരാജ്യം” എന്ന് കണ്ണീരൊഴുക്കുന്ന മുതല. ഐ എൻ എക്സ് വിവാദത്തിൽ ധനമന്ത്രി ചിദംബരത്തെ ഓടിച്ചിട്ട് പിടികൂടുന്ന സി ബി ഐ എന്ന വേട്ടപ്പട്ടി. റിസർവ് ബാങ്കിന്റെ കരുതൽ ധനവുമെടുത്ത് അതിന്റെ കടിഞ്ഞാൺ കൈക്കലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി. “അതിവേഗം ബഹുദൂരം” ഒച്ചിൻപുറത്ത് പോകുന്ന ഉമ്മൻചാണ്ടി. കാർട്ടൂൺ എന്ന ജനപ്രിയ കലയുടെ രാഷ്ട്രീയവും സാമൂഹികതയും നിറയുന്ന രചനകളാണ് ഹ കു വിന്റേത്. ആയിരം വാക്കുകളേക്കാൾ തീവ്രതയുണ്ട് ഏതാനും സ്ട്രോക്കുകൾകൊണ്ട് ഒരു കാർട്ടൂണിസ്റ്റ് തീർക്കുന്ന ആശയപ്രപഞ്ചത്തിനെന്ന് ഇവ സാക്ഷ്യപ്പെടുത്തും. പൊളിട്രിക്സ് എന്ന പേരിലാണ് ലളിതകലാ അക്കാദമി ഹ More
 

ഉന്നാവോ പീഢനവും ഷുഹൈബ് വധക്കേസും വാർത്തകളായ പത്രങ്ങൾ വായിച്ച് “ഇതെന്തുരാജ്യം” എന്ന് കണ്ണീരൊഴുക്കുന്ന മുതല. ഐ എൻ എക്സ് വിവാദത്തിൽ ധനമന്ത്രി ചിദംബരത്തെ ഓടിച്ചിട്ട് പിടികൂടുന്ന സി ബി ഐ എന്ന വേട്ടപ്പട്ടി. റിസർവ് ബാങ്കിന്റെ കരുതൽ ധനവുമെടുത്ത് അതിന്റെ കടിഞ്ഞാൺ കൈക്കലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി. “അതിവേഗം ബഹുദൂരം” ഒച്ചിൻപുറത്ത് പോകുന്ന ഉമ്മൻ‌ചാണ്ടി. കാർട്ടൂൺ എന്ന ജനപ്രിയ കലയുടെ രാഷ്ട്രീയവും സാമൂഹികതയും നിറയുന്ന രചനകളാണ് ഹ കു വിന്റേത്.

ആയിരം വാക്കുകളേക്കാൾ തീവ്രതയുണ്ട് ഏതാനും സ്ട്രോക്കുകൾകൊണ്ട് ഒരു കാർട്ടൂണിസ്റ്റ് തീർക്കുന്ന ആശയപ്രപഞ്ചത്തിനെന്ന് ഇവ സാക്ഷ്യപ്പെടുത്തും. പൊളിട്രിക്സ് എന്ന പേരിലാണ് ലളിതകലാ അക്കാദമി ഹ കു കാർട്ടൂണുകളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയം അടിമുടി നിറയുന്ന രചനകൾക്ക് ചേരുന്ന തലക്കെട്ട്. തിരഞ്ഞെടുത്ത അൻപതോളം കാർട്ടൂണുകളാണ് പ്രദർശനത്തിലുള്ളത്. രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം.

ഹ കു എന്ന പേരിൽ പ്രശസ്തനാണ് കാർട്ടൂണിസ്റ്റ് കെ ബി ഹരികുമാർ. സമകാലീന സംഭവങ്ങളോട് നിരന്തരം പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ രചനാരീതിയെ പ്രസക്തമാക്കുന്നത് അനുവാചകനിൽ അവയുണ്ടാക്കുന്ന പ്രതികരണതീവ്രതകൊണ്ടാണ്. ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിൽ പതിയുന്ന വരയും വാക്കും അവയെ സവിശേഷമാക്കുന്നു.

ഹ കു

മുതലയെക്കൊണ്ടുതന്നെ പത്രം വായിപ്പിച്ചാണ് കാർട്ടൂണിസ്റ്റ് തന്റെ വിമർശന ബുദ്ധിയെ തീക്ഷ്ണമാക്കുന്നത്. ആർ ബി ഐ എന്ന സിംഹത്തെ തന്നെയാണ് മോദി കടിഞ്ഞാണിട്ട് പിടിച്ചിരിക്കുന്നത്. ഇങ്ങനെ വാക്കിന്റെ തീർച്ചയും വരയുടെ മൂർച്ചയും ഒട്ടുമിക്ക രചനകളിലും കാണാം.

സമകാലീന ജീവിതവും അതിന്റെ വ്യത്യസ്ത വ്യവഹാര മേഖലകളിലെ വൈരുധ്യങ്ങളും അവ ഉല്പ്പാദിപ്പിക്കുന്ന സംഘർഷങ്ങളും രാഷ്ട്രീയാന്തർനാടകങ്ങളുമെല്ലാം കാർട്ടൂണിസ്റ്റ് തന്റെ രചനകൾക്ക് വിഷയമാക്കുന്നു. ചാട്ടുളി പോലെ അനായാസം അവ അനുവാചകമനസ്സുകളിൽ കേറിപ്പറ്റുന്നു.

ഒരാഴ്ച നീളുന്ന പൊളിട്രിക്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചത് സമാരാധ്യനായ കാർട്ടൂണിസ്റ്റ് പി വി കൃഷ്‌ണനാണ്. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ, വിനോദ് വൈശാഖി, കെ ഉണ്ണികൃഷ്ണൻ, ബിന്നി സാഹിതി, മധു ഓമല്ലൂർ, ജി ഹരി, ടി കെ സുജിത്, പ്രതാപൻ പുളിമാത്ത്, ടി എസ് ഇന്ദ്രൻ, ദിലീപ് തിരുവട്ടാർ, കൃഷ്ണകുമാർ വട്ടപ്പറമ്പിൽ, സതീഷ് എ, വാമനപുരം മണി, രഞ്ജിത്ത് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. സെപ്റ്റംബർ 28 ശനിയാഴ്ച വരെ പ്രദർശനമുണ്ട്.