ലിയോനാർഡോ ഡാവിഞ്ചി: അനശ്വരതയുടെ 500 വർഷങ്ങൾ

ലിയോനാർഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാം ചരമ വാർഷികമാണ് 2019. മാനവ ചരിത്രത്തിൽ ഉദയം കൊണ്ട ബഹുമുഖ പ്രതിഭകളിൽ യുഗപ്രഭാവ വ്യക്തിത്വമാണ് ലിയോനാർഡോയുടേത്. ചിത്രകാരൻ, ശില്പി, സംഗീതജ്ഞൻ, എഞ്ചിനീയർ, അനാട്ടമിസ്റ്റ്, ജീവശാസ്ത്ര പ്രതിഭ, ഭൂഗർഭശാസ്ത്രകാരൻ, ചരിത്രകാരൻ, ഭൂപട നിർമാണ വിദഗ്ദ്ധൻ തുടങ്ങി ആ അസാമാന്യ വ്യക്തിത്വം കൈവെച്ചതും വിജയം കണ്ടതുമായ മേഖലകൾ അനവധി. വളരെക്കുറച്ച് ചിത്രങ്ങളേ ഡാവിഞ്ചി വരച്ചിട്ടുള്ളൂ. എന്നാൽ ചിത്രകലയുടെ ചരിത്രത്തിൽ അവയുണ്ടാക്കിയ സ്വാധീനം അസാമാന്യമാണ്. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അറിവും, പ്രകാശത്തെക്കുറിച്ചുള്ള തികഞ്ഞ ധാരണ, ജീവസ്സുറ്റ More
 

ലിയോനാർഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാം ചരമ വാർഷികമാണ് 2019. മാനവ ചരിത്രത്തിൽ ഉദയം കൊണ്ട ബഹുമുഖ പ്രതിഭകളിൽ യുഗപ്രഭാവ വ്യക്തിത്വമാണ് ലിയോനാർഡോയുടേത്. ചിത്രകാരൻ, ശില്പി, സംഗീതജ്ഞൻ, എഞ്ചിനീയർ, അനാട്ടമിസ്റ്റ്, ജീവശാസ്ത്ര പ്രതിഭ, ഭൂഗർഭശാസ്ത്രകാരൻ, ചരിത്രകാരൻ, ഭൂപട നിർമാണ വിദഗ്ദ്ധൻ തുടങ്ങി ആ അസാമാന്യ വ്യക്തിത്വം കൈവെച്ചതും വിജയം കണ്ടതുമായ മേഖലകൾ അനവധി.

വളരെക്കുറച്ച് ചിത്രങ്ങളേ ഡാവിഞ്ചി വരച്ചിട്ടുള്ളൂ. എന്നാൽ ചിത്രകലയുടെ ചരിത്രത്തിൽ അവയുണ്ടാക്കിയ സ്വാധീനം അസാമാന്യമാണ്‌. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അറിവും, പ്രകാശത്തെക്കുറിച്ചുള്ള തികഞ്ഞ ധാരണ, ജീവസ്സുറ്റ രൂപങ്ങളുടെ നിർമാണ കലയിൽ സവിശേഷമായി പ്രയോഗിച്ച ‘ സ്‌മോക്കി ‘ സങ്കേതം എന്നിവ ചിത്ര ശില്പരചനാ കലകളിൽ അദ്ദേഹത്തെ അദ്വിദീയനാക്കി. ദൈവത്തിന്റെ പണിശാലയിലെ വേലക്കാരാണ് കലാകാരൻമാർ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ലോകം കണ്ട അസാമാന്യ പ്രതിഭാശാലികളിൽ ആദ്യ സ്ഥാനക്കാരിലൊരാളായി മസാച്യുസെറ്റ്സ് സർവകലാശാലയിലെ പണ്ഡിതർ ഈ അടുത്തകാലത്താണ് ഡാവിഞ്ചിയെ തെരഞ്ഞെടുത്തത്. റെംബ്രാൻഡിനെയും മൈക്കേൽ അഞ്ചലോയെയും പോലെ ലിയനാർഡോ ഡാവിഞ്ചിയും നമ്മുടെ സമകാലികനാണെന്ന് പറയാം.

1452 ഏപ്രിൽ 15 നാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് പിയറോ അതിസമ്പന്നനായ ഒരു നോട്ടറിയായിരുന്നു, മാതാവ് കാതറീന ഒരു കർഷക കുടുംബാംഗവും. ഇരുവരുടെയും വിവാഹേതര ബന്ധത്തിലാണ് ലിയനാർഡോ ജനിക്കുന്നത്.

ജനിച്ച സാഹചര്യങ്ങൾ വെച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസമോ ഉന്നതമായ പൈതൃകമോ അവകാശപ്പെടാൻ അദ്ദേഹത്തിന് അർഹതയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻമാരിൽ ഒരാളായ വാൾട്ടർ ഐസക്‌സൺ അതിനെ ഒരു മഹാഭാഗ്യമായാണ് കണക്കാക്കിയത്. പിതാവിനെപ്പോലെ ഒരു വലിയ നോട്ടറിയോ മറ്റോ ആയി ഒതുങ്ങിപ്പോവുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം മറ്റൊന്നായി മാറിയതിന് പിന്നിൽ ഈ ജനന പശ്ചാത്തലം തന്നെയായിരുന്നു. തന്റെ അസ്തിത്വവും പ്രതിഭയും ശേഷിയുമെല്ലാം ലിയനാർഡോക്ക് സ്വന്തം നിലയിൽ തെളിയിക്കേണ്ടിയിരുന്നു.

അസാമാന്യ സുന്ദരനായിരുന്നു ഡാവിഞ്ചിയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. തന്റെ കൈപതിഞ്ഞ എന്തിനെയും അദ്ദേഹം സുന്ദരമാക്കി. അവസാനത്തെ അത്താഴവും മോണലിസയും പോലെ ലോകത്തെ ഏറ്റവും സുന്ദരവും അപൂർവവുമായ ചിത്രങ്ങൾ മഹാനായ ആ ചിത്രകാരൻ വരച്ചു. ഉന്നതമായ ശില്പങ്ങൾ മെനഞ്ഞു. തന്റെ രണ്ടു ശിഷ്യരുമായി പ്രണയ ബന്ധത്തിലായിരുന്നു ലിയനാർഡോ എന്ന് അദ്ദേഹത്തിന്റെ സമകാലീനർ രേഖപ്പെടുത്തിയിട്ടുണ്ട്.

20 ൽ താഴെ ചിത്രങ്ങളേ ഡാവിഞ്ചി വരച്ചിട്ടുള്ളൂ, എന്നാൽ 7000 ത്തോളം പേജുകളിലായി അതി വിശാലമാണ് ആ നോട്ട് ബുക്കുകൾ .വിൻഡ്സർ കാസിൽ, ദ് ലവ്രെ, മാഡ്രിഡിലെ സ്പാനിഷ് ദേശീയ മ്യൂസിയം എന്നിവിടങ്ങളിലായി ചിത്ര ശേഖരവും നോട്ട് ബുക്ക് വർക്കുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വൈവിധ്യപൂർണമായ ഉള്ളടക്കമാണ് നോട്ട് ബുക്ക് വരകൾക്കുള്ളത്. വെർച്യൂവിയൻ മാൻ മുതൽ താൻ ഭാവനയിൽ കണ്ടെത്താൻ ആഗ്രഹിച്ചതും, ശാസ്ത്ര സാങ്കേതിക രചനകളും കടന്ന് ഷോപ്പിംഗ് ലിസ്റ്റുകൾ കൂടി അക്കൂട്ടത്തിലുണ്ട്. മനുഷ്യ ഭാവനയുടെ ആഴത്തെ, അതിരുകൾക്കുള്ളിൽ ഒതുങ്ങാത്ത ജിജ്ഞാസയെ, അന്വേഷണത്വരയെ എല്ലാം ആ വരകളിൽനിന്നു കണ്ടെടുക്കാനാവും. മരണ ശേഷമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവ നോട്ട് പുസ്തകങ്ങളായി ബൈൻഡ് ചെയ്യുന്നത്.

സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഡാവിഞ്ചി പലപ്പോഴും സ്വയം വിശേഷിപ്പിച്ചിരുന്നത് അക്ഷരജ്ഞാനമില്ലാത്തവൻ എന്നായിരുന്നു. എന്നാൽ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് അദ്ദേഹത്തിൽ സ്വതന്ത്ര ബുദ്ധി വളർത്തിയതെന്ന്‌ പറയാം. പാരമ്പര്യത്തിന്റെ ഒരു ഭാരവും ആ പ്രതിഭാധനന് പരിമിതിയായി മാറിയില്ല. പുസ്തകജ്ഞാനത്തേക്കാൾ അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത ധാരണകളെ മാത്രം ആശ്രയിച്ച് മുന്നേറാൻ അത് അദ്ദേഹത്തെ പ്രാപ്തനാക്കി. അസാമാന്യമായ നിരീക്ഷണ പാടവവും പരീക്ഷണത്വരയും ഡാവിഞ്ചിക്കുണ്ടായിരുന്നു.

ക്രിയാത്മകതയുടെ അവസാനവാക്കായിരുന്നു അദ്ദേഹം. എന്നാൽ കാര്യങ്ങൾ പിന്നീടേക്ക് മാറ്റിവെക്കുന്ന ശീലം ഡാവിഞ്ചിയിൽ രൂഢമൂലമായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റെടുത്ത പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നത് തന്നെ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായിരുന്നു. അപ്പോഴെല്ലാം ഉദാത്തമായ തന്റെ രചനയുടെ മാഹാത്മ്യത്തെക്കുറിച്ച് ഊറ്റം കൊള്ളും. ഒരു ഒഴിവുകഴിവ് കണ്ടെത്തലിനുള്ള മുന്നുപാധിയായിരുന്നു അത്. ഒരു ഉദാഹരണം പറയാം.

മിലാനിലെ ഒരു ഡ്യൂക്കിനുവേണ്ടി ഒരു അശ്വാരൂഢന്റെ പടുകൂറ്റൻ പ്രതിമ ചെയ്യാനുള്ള കരാർ ഡാവിഞ്ചി ഏറ്റെടുത്തിരുന്നു. ഏതാണ്ട് 70 ടണ്ണോളം വെങ്കലമാണ് വേണ്ടിയിരുന്നത്. പൂർത്തിയാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശില്പം അതാകുമായിരുന്നു, ഏറ്റവും മഹത്തരമായതും. എന്നാൽ 1482 ൽ കമ്മീഷൻ ചെയ്ത് പത്ത് വർഷം പിന്നിട്ടിട്ടും അതിന്റെ ഒരു ക്ലേ മോഡൽ മാത്രമാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഫ്രഞ്ച് സൈനിക അധിനിവേശത്തിൽ അതും നശിച്ചുപോയി.

നവോത്ഥാന കാലത്തെ അനശ്വര പ്രതിഭകളായ മൈക്കേൽ ആഞ്ജലോയുടെയും ഡാവിഞ്ചിയുടെയും വ്യക്തിത്വങ്ങളെ താരതമ്യം ചെയ്യുന്നത് രസകരമായിരിക്കും. അതീവ സുന്ദരനായിരുന്നു ലിയോനാർഡോ. ഒട്ടും വിശ്വാസിയായിരുന്നില്ല. മതപരമായ കാര്യങ്ങളിൽ തീരെ താല്പര്യം പുലർത്തിയിരുന്നില്ല.

നേരെ മറിച്ചായിരുന്നു മൈക്കേൽ ആഞ്ജലോയുടെ വ്യക്തിത്വം. വലിയ വിശ്വാസിയായിരുന്നു അദ്ദേഹം. എന്നാൽ മതവിശ്വാസികളുടെ ചിട്ടയോ, ആരോഗ്യകാര്യങ്ങളിൽ പൊതുവെയുള്ള വൃത്തിയോ വെടിപ്പോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ചിത്ര-ശില്പ കലകളുടെ ലോകത്ത് ഇരുവരും ഒരേ ആദരവോടെ ഓർമിക്കപ്പെടുന്നു. മൈക്കേൽ ആഞ്ജലോയെ അനശ്വരനാക്കുന്നവയാണ് സിസ്റ്റീൻ ചാപ്പലിലെ വിശാലമായ മച്ചിൽ ചെയ്തതുപോലുള്ള പടുകൂറ്റൻ ചിത്രങ്ങളും “ഡേവിഡ് ” അടക്കമുള്ള ശില്പങ്ങളും.

1519 മെയ് രണ്ടാം തിയ്യതി തന്റെ 67 ആം വയസ്സിലാണ് ഡാവിഞ്ചി മരിക്കുന്നത്. 2017 നവംബറിൽ അദ്ദേഹത്തിന്റെ സാൽവറ്റോറെ മുണ്ടി (ലോകത്തിന്റെ രക്ഷകൻ) ലേലത്തിൽ പോയത് ലോകത്ത് അന്നേവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയ്ക്കാണ്- 450 ദശലക്ഷം അമേരിക്കൻ ഡോളറിന് ! ഇടതുകൈയിൽ ഭൂഗോളത്തെ എടുത്തുപിടിച്ച്, വലതുകൈകൊണ്ട് ആശീർവദിച്ചു നിൽക്കുന്ന യേശുക്രിസ്തുവിന്റെ ആ എണ്ണഛായാചിത്രം കാലങ്ങളായി അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഡാവിഞ്ചിയുടെ ശിഷ്യരിൽ ആരെങ്കിലും ചെയ്തതായിരിക്കും എന്നായിരുന്നു ചിത്രത്തെപ്പറ്റി അതേവരെയുള്ള ധാരണ. 2005 കാലഘട്ടത്തിൽ ബട്ടൺ റോഗിലെ ഒരു വ്യാപാരിയുടെ എസ്റ്റേറ്റിലേക്ക് കേവലം 10000 ഡോളറിനാണ് അത് വിറ്റുപോയത്.

മരണശേഷം അദ്ദേഹത്തിന്റെ ജീവചരിത്രകാരൻമാരിൽ ഒരാൾ എഴുതിയ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം ” അസാമാന്യ പ്രതിഭാശേഷി കൊണ്ട് അനുഗ്രഹീതരായ നിരവധി മനുഷ്യർ ഈ ഭൂമുഖത്ത് പിറന്നുവീണിട്ടുണ്ട്. എന്നാൽ അനേകകഴിവുകൾ അതിശയിപ്പിക്കും വിധത്തിൽ ഒരൊറ്റ വ്യക്തിയിൽ സമ്മേളിക്കുന്നത് അത്യപൂർവ്വമാണ്. സ്വർഗീയ സൗന്ദര്യം, ഐശ്വര്യം, പ്രതിഭ എല്ലാത്തിലും മറ്റു പ്രതിഭകളെ ബഹുദൂരം പിന്നിലാക്കുക. കൈവെച്ച സകലതിലും ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുക. ഭൂമുഖത്ത് ഒരേയൊരു വ്യക്തിയിലേ ഈ അത്ഭുതം സംഭവിച്ചിട്ടുള്ളൂ ”

മരണത്തിന് അഞ്ചുനൂറ്റാണ്ടിന് ശേഷവും ഈ വാക്കുകൾ സത്യമായി അവശേഷിക്കുന്നു.

ഇന്ത്യാന സർവകലാശാല പ്രൊഫസർ റിച്ചാർഡ് ഗുണ്ടർമെൻ എഴുതിയ അനുസ്മരണ കുറിപ്പിന്റെ സ്വതന്ത്ര വിവർത്തനം

കടപ്പാട്: ദി വയർ