സ്‌ക്രീൻ ചലച്ചിത്രോത്സവം ഇന്നു മുതൽ

കാൻ, ബെർലിൻ ഉൾപ്പെടെയുള്ള ലോകോത്തര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തി സ്ക്രീൻ ഫിലിം സൊസൈറ്റി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വാടാനപ്പിള്ളി ഇ എം എസ് ഹാളാണ് പ്രദർശനവേദി. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പ്രദർശനങ്ങൾ തുടങ്ങും. നാളെ രാവിലെ പത്തിനാണ് ഔപചാരികമായ ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിൽ സംവിധായകൻ സുരേഷ് നാരായണൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും. ‘മെമ്മറീസ് ഓഫ് മർഡർ’ , ‘ദി ഹോസ്റ്റ്’, ‘സ്നോപീസർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ചിത്രമായ ‘പാരസൈറ്റ്’ ആണ് More
 

കാൻ, ബെർലിൻ ഉൾപ്പെടെയുള്ള ലോകോത്തര ചലച്ചിത്രോത്സവങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തി സ്‌ക്രീൻ ഫിലിം സൊസൈറ്റി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വാടാനപ്പിള്ളി ഇ എം എസ് ഹാളാണ് പ്രദർശനവേദി. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പ്രദർശനങ്ങൾ തുടങ്ങും. നാളെ രാവിലെ പത്തിനാണ് ഔപചാരികമായ ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിൽ സംവിധായകൻ സുരേഷ് നാരായണൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും.

‘മെമ്മറീസ് ഓഫ് മർഡർ’ , ‘ദി ഹോസ്റ്റ്’, ‘സ്നോപീസർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ചിത്രമായ ‘പാരസൈറ്റ്’ ആണ് ഉദ്ഘാടന ചിത്രം. കാനിൽ പാം ദ് ഓർ നേടിയ പാരസൈറ്റ് ലോകത്തെ മികച്ച ചലച്ചിത്രോത്സവങ്ങളിലെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഡ്രൈവറായ കിം കിക്ക് ജോലി നഷ്ടപ്പെട്ടു. ഭാര്യ ചൂങ് സൂക്കും മകൻ കി വൂവും മകൾ കി ജ്യോങ്ങുമൊത്ത് തീർത്തും ദരിദ്രമായ ചുറ്റുപാടിലാണ് അയാളുടെ ജീവിതം. വിദേശത്ത് ജോലിക്ക് പോകുന്ന കി വൂവിന്റെ ചങ്ങാതി മിൻ ഹ്യുക്കിന്റെ നിർദേശപ്രകാരം അയാൾക്ക്‌ പകരമായി കോടീശ്വരന്മാരായ പാർക്ക് കുടുംബത്തിൽ ഇംഗ്ലീഷ് ട്യൂട്ടറായി പോകുകയാണ് കി വൂ. പാർക്കിന്റെ മകൾ ദാ ഹൈയെ ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങുന്ന കി വൂ മിസിസ് പാർക്കിന്റെ വിശ്വാസം പിടിച്ചുപറ്റുന്നു. പലതരം കൗശലങ്ങൾ പ്രയോഗിച്ച് കി വൂ കൊട്ടാരം പോലുള്ള ആ വീട്ടിലെ ഡ്രൈവറായും ഹൌസ് കീപ്പറായും ആർട്ട് ടീച്ചറായും സ്വന്തം അച്ഛനമ്മമാരെയും സഹോദരിയെയും മാറ്റുന്നു. വലിയൊരു ആൾ മാറാട്ടമാണ് അവിടെ നടക്കുന്നത്. നൂറ്റി മുപ്പത്തിരണ്ട് മിനിറ്റ് ദൈർഘ്യമുള്ള ബ്ലാക്ക് കോമഡി ത്രില്ലർ ഴോണറിൽ പെടുന്ന ചിത്രം വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

യിം സുൻ-റൈ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ചിത്രമായ ‘ലിറ്റിൽ ഫോറസ്ററ്’ ലോകമെമ്പാടും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ്. മനോഹരമായ ഒരു കൊറിയൻ ഗ്രാമത്തിന്റെ ആന്തരിക ജീവിതത്തിലേക്ക് പ്രേക്ഷകരെ കൈപിടിച്ച് നടത്തുന്ന ചിത്രം ഫീൽ ഗുഡ് അനുഭവം സമ്മാനിക്കും. ഗ്രാമ നഗര ജീവിതങ്ങൾ തമ്മിലുള്ള അന്തരമാണ് പ്രമേയം. ഗ്രാമ ജീവിതം വെറുത്ത് നഗരത്തിലേക്ക് ചേക്കേറുന്ന ഹേ-വൂ എന്ന യുവതി അവിടം വിരസമാവുമ്പോൾ ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. കിം-റ്റേരി യാണ് ഹേ-വൂ ആയി വേഷമിടുന്നത്. കണ്ണിനും മനസ്സിനും ഇമ്പമുള്ള രീതിയിൽ കൃഷിയും പാചകവും ചിത്രീകരിച്ചിരിക്കുന്നു. നൂറ്റി മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മലയാളം സബ് ടൈറ്റിലോടെയാണ് പ്രദർശിപ്പിക്കുന്നത്.

ഗുസ്താവ് മുള്ളർ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമായ ‘ദി ഗിൽറ്റി’ ഒരു കോപ്പൻഹേഗൻ പൊലീസ് ഓഫീസറുടെ ജീവിതത്തിലെ നിർണായകമായ ഏതാനും മണിക്കൂറുകളാണ് ചിത്രീകരിക്കുന്നത്. പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ച് എമർജൻസി ഡെസ്കിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അസ്ഗർ ഹോമിന് ഒരു ദിവസം ഒരു സ്ത്രീയുടെ ഫോൺ കോൾ വരുന്നു. തുടർന്നുണ്ടാകുന്ന നാടകീയ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ആകെയുള്ള എൺപത്തഞ്ചു മിനിറ്റും പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഡാനിഷ് നടൻ യാക്കോബ് സിഡാഗ്രെൻ ആണ് പൊലീസുകാരന്റെ വേഷത്തിൽ. പൂർണമായും ഒരു കോൾ സെന്ററിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

റോബൻ ഒസ്‌ലാൻഡ് സംവിധാനം ചെയ്ത ‘ദി സ്‌ക്വയർ’ ആണ് മേളയിൽ പ്രദർശിപ്പിക്കുന്ന മറ്റൊരു ചിത്രം. സ്റ്റോക് ഹോമിലെ പ്രശസ്തമായ ഒരു മ്യൂസിയത്തിലെ മുഖ്യ ക്യൂറേറ്ററുടെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും സംഘർഷങ്ങളിലൂടെ കടന്നുപോകുകയാണ്. അയാളുടെ മൊബൈൽ ഫോൺ മോഷണം പോയി. അഭിമുഖം നടത്താനെത്തിയ ഒരു പത്ര പ്രവർത്തകയുമൊത്തുള്ള ലൈംഗിക ബന്ധവും അയാളെ നിനച്ചിരിക്കാത്ത കുഴപ്പങ്ങളിൽ പെടുത്തിയിരിക്കുന്നു. ഇതിനിടയിൽ മ്യൂസിയത്തിൽ പുതിയൊരു ഇൻസ്റ്റലേഷൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഒരുക്കുന്ന പ്രൊമോഷണൽ വീഡിയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പൊളിറ്റിക്കൽ കറക്റ്റ്നസ്സിന്റെയും ചൂടേറിയ ചർച്ചകളിൽ കുരുങ്ങുന്നു. 2017 -ൽ കാനിൽ മികച്ച ചിത്രത്തിനുള്ള പാം ദ് ഓർ നേടിയ സ്ക്വയർ വേറിട്ട അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും.

ആന്റി ക്രൈസ്റ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലാർസ് വോൺ ട്രയറിന്റെ ‘ ദി ഹൌസ് ദാറ്റ് ജാക്ക് ബിൽറ്റ് ‘; 2018 ലെ ഓസ്കർ അവാർഡ് നേടിയ പീറ്റർ ഫരേലിയുടെ ‘ഗ്രീൻ ബുക്ക്’; സത്യജിത് റേയുടെ ‘പഥേർ പാഞ്ജലി’ എന്നിവയും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.