വനിതകൾ സംവിധാനം ചെയ്ത എട്ട് സ്ത്രീപക്ഷ സിനിമകളുടെ പ്രദർശനം സംഘടിപ്പിച്ച് തൃശൂർ ചലച്ചിത്രകേന്ദ്രം

Thrissur അന്താരാഷ്ട്ര വനിതാ ദിനത്തിൽ സെൻ്റർ ഫോർ മീഡിയാ സ്റ്റഡീസിലാണ് ചിത്രങ്ങളുടെ പ്രദർശനംThrissur അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് തൃശൂർ ചലച്ചിത്രകേന്ദ്രം എട്ട് സ്ത്രീപക്ഷ സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. സെൻ്റർ ഫോർ മീഡിയാ സ്റ്റഡീസുമായി സഹകരിച്ചാണ് മേള നടത്തുന്നത്. തൃശൂർ സെൻ്റ് തോമസ് കോളെജിലെ ജൂബിലി ബ്ലോക്കിലുള്ള മീഡിയാ സ്റ്റഡീസാണ് വേദി. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ഫീച്ചർ ഫിലിമുകളും ഡോക്യുമെൻ്ററികളുമാണ് പ്രദർശിപ്പിക്കുന്നത്. ഇൻ ദി ലാൻഡ് ഓഫ് പോയ്സൺ വിമൺ മഞ്ജു ബോറ സംവിധാനം More
 

Thrissur
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സെൻ്റർ ഫോർ മീഡിയാ സ്റ്റഡീസിലാണ് ചിത്രങ്ങളുടെ പ്രദർശനംThrissur

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് തൃശൂർ ചലച്ചിത്രകേന്ദ്രം എട്ട് സ്ത്രീപക്ഷ സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. സെൻ്റർ ഫോർ മീഡിയാ സ്റ്റഡീസുമായി സഹകരിച്ചാണ് മേള നടത്തുന്നത്. തൃശൂർ സെൻ്റ് തോമസ് കോളെജിലെ ജൂബിലി ബ്ലോക്കിലുള്ള മീഡിയാ സ്റ്റഡീസാണ് വേദി. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ഫീച്ചർ ഫിലിമുകളും ഡോക്യുമെൻ്ററികളുമാണ് പ്രദർശിപ്പിക്കുന്നത്.

ഇൻ ദി ലാൻഡ് ഓഫ് പോയ്സൺ വിമൺ

മഞ്ജു ബോറ സംവിധാനം ചെയ്ത പാങ്ചെൻപ ഭാഷയിലുള്ള ചിത്രമാണ് ഇൻ ദി ലാൻഡ് ഓഫ് പോയ്സൺ വിമൺ. അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തുള്ള മോൻപ ഗോത്രവർഗക്കാരുടെ സംസാരഭാഷയാണ് പാങ്ചെൻപ. ഏതാണ്ട് അയ്യായിരത്തോളം പേരാണ് ഇന്ന് ഈ ഭാഷയിൽ സംസാരിക്കുന്നത്.

ലുസാങ്ങ് തയ്യാറാക്കിയ തദ്ദേശീയമായ മദ്യം കഴിച്ച് സാങ്ഗ്രയുടെയും ലുസാങ്ങിൻ്റെയും രണ്ടു മക്കളും മറ്റ് നാലുപേരും മരണമടയുന്നു. അതോടെ പോയ്സൺ വുമൺ എന്ന് മുദ്രകുത്തി ലുസാങ്ങിന് സമുദായം ഭ്രഷ്ട് കൽപിക്കുന്നു. അതിനെ മറികടക്കാനും അന്ധമായ വിശ്വാസങ്ങളിൽ ജീവിതം മുറിപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷനേടാനും ഒരു ഗോത്രവർഗ സ്ത്രീ നടത്തുന്ന അതിജീവന ശ്രമങ്ങളാണ് മഞ്ജു ബോറ പറയുന്നത്.

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം പാങ്ചെൻപ ഭാഷയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ഡോൻഡുപ് ദ്രേമ, കെൻഡൻ ടാഷി, ലൊബ്സാങ്ങ് ദ്രേമ എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 104 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ഗതാഗത യോഗ്യമായ റോഡായ
സേലാ പാസിനപ്പുറത്തുള്ള മനോഹരമായ ഒരു ഗ്രാമത്തിലാണ് സിനിമ ചിത്രീക- രിച്ചിട്ടുള്ളത്. മുംബൈ, ഗുവാഹതി എന്നിവിടങ്ങളിൽ നിന്നുള്ള ഫിലിം ക്രൂവിന് അരുണാചലിൽ നിന്ന് നാലു ദിവസം യാത്ര ചെയ്യേണ്ടി വന്നു ഷൂട്ടിങ്ങിനായി ലൊക്കേഷനിൽ എത്തുവാൻ എന്ന് സംവിധായിക പറഞ്ഞു.

സ്റ്റാൻഡ് അപ്പ്

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘മാൻഹോൾ’ എന്ന ചിത്രത്തിനു ശേഷം വിധു വിൻസൻ്റ് സംവിധാനം ചെയ്ത സിനിമയാണ് സ്റ്റാൻഡ് അപ്പ്. ഉമേഷ് ഓമനക്കുട്ടനാണ് തിരക്കഥ. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയായി നിമിഷ സജയൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ രജിഷ വിജയൻ, അർജുൻ അശോകൻ, സീമ, സേതുലക്ഷ്മി, സജിത മഠത്തിൽ, ജോളി ചിറയത്ത്, ദിവ്യ ഗോപിനാഥ്, സുനിൽ സുഖദ, രാജേഷ് ശർമ, വെങ്കിടേശ്, ധ്രുവ് ധ്രുവൻ, ജുനൈസ് എന്നിവർ അഭിനയിക്കുന്നു. 118 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.

ഹോളി റൈറ്റ്സ്

ട്രിപ്പിൾ തലാക്ക് പ്രമേയമായ ഡോക്യുമെൻ്ററി ചിത്രത്തിൻ്റെ സംവിധായിക ഫർഹ ഖാത്തുൻ ആണ്. ഇഫിയിലും കൊൽക്കത്ത മേളയിലും പ്രദർശിപ്പിച്ചിട്ടുള്ള ഉർദു ചിത്രം മുസ്ലിം സമൂഹത്തിലെ സ്ത്രീകൾ നേരിടുന്ന അനീതിയും അവസര സമത്വമില്ലായ്മയും ചർച്ച ചെയ്യുന്നു. ട്രാൻസ്ജെൻഡർ ഫുട്ബോളറുടെ കഥ പറഞ്ഞ ‘ഐ ആം ബോണി’ എന്ന ചിത്രത്തിൻ്റെ സഹസംവിധായിക കൂടിയാണ് ഫർഹ. മതത്തിനുള്ളിലെ പുരുഷാധിപത്യ പ്രവണതകളെയാണ് ചിത്രം ചോദ്യം ചെയ്യുന്നത്. സ്വന്തം സമുദായത്തിനകത്തും പുറത്തും മുസ്ലിം വനിതകൾ നേരിടുന്ന സെൻസർഷിപ്പിനെതിരെയുള്ള നിലപാട് കൂടിയാണ് ചിത്രം ഉയർത്തിപ്പിടിക്കുന്നതെന്ന് സംവിധായിക അഭിപ്രായപ്പെടുന്നു.

ദി ഡേ ഐ ബികേം എ വുമൺ

മൗപിയ മുഖർജി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെൻ്ററി ചലച്ചിത്രമാണ് ദി ഡേ ഐ ബി കേം വുമൺ. 35 മിനിറ്റ് ദൈർഘ്യമുള്ള ബംഗാളി ചിത്രം കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലു വർഷത്തോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഫിലിംസ് ഡിവിഷനാണ് നിർമാണം.

ആർത്തവം എന്ന വാക്കു പോലും അശുദ്ധിയായി കണക്കാക്കപ്പെടുന്ന ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങൾ വേരുറച്ച ഒരു സമൂഹത്തിൽ ആദ്യമായുണ്ടാവു- ന്ന ആർത്തവാനുഭവമാണ് മൗപിയ ചാറ്റർജി തൻ്റെ ഡോക്യുമെൻ്ററിയിലൂടെ പറഞ്ഞു തരുന്നത്.

പന്ത്രണ്ടാം വയസ്സിൽ യോനിയിൽ നിന്ന് രക്തം വരുന്നത് കണ്ട ഒരു പെൺകുട്ടി താൻ മരിക്കാൻ പോവുകയാണെന്ന് ഭയപ്പെടുന്നു. വീട്ടിൽനിന്നും അമ്മയിൽ നിന്നും അകന്നു നിൽക്കേണ്ടിവരുന്ന ഒരു ദിവസമാണ് ഇത് സംഭവിക്കുന്നത്. പെൺകുട്ടികളുടെ ശാരീരികമായ മാറ്റത്തെ കുറിച്ചുള്ള യാതൊരുവിധ അറിവോ ധാരണയോ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്.

അട്ടാസി

53 മിനിറ്റ് ദൈർഘ്യമുള്ള ബംഗാളി-ഹിന്ദി ദ്വിഭാഷാ ഡോക്യുമെൻ്ററി ചലച്ചിത്രമാണ് അട്ടാസി. ബംഗാളിയായ പുതുൾ മഹ്മൂദ് ആണ് ചിത്രത്തിൻ്റെ സംവിധായിക.

മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ഈ ചിത്രംരോഗിയിലല്ല, മറിച്ച് രോഗത്തിലാണ് ഊന്നൽ നൽകേണ്ടത് എന്ന് ഓർമപ്പെടുത്തുന്നു. വർഷങ്ങളോളം അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കു ശേഷം സ്നേഹത്തിൻ്റെ കരുത്തിൽ അതിജീവനം കണ്ടെത്തുന്ന അട്ടാസി എന്ന സ്ത്രീയുടെ ജീവിതമാണ് ചിത്രം പറഞ്ഞു തരുന്നത്.

മാനസിക രോഗിയായി മുദ്ര കുത്തപ്പെട്ട് ഏറെക്കാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന അട്ടാസിയെ അംഗീകരിക്കാനും സ്വീകരിക്കാനും കുടുംബത്തിനും സമൂഹത്തിനും കഴിയുന്നില്ല. മാനസിക രോഗം വന്നവരോടുള്ള സമൂഹത്തിൻ്റെ നീതീകരിക്കാനാവാത്ത മനോഭാവമാണ് ചർച്ച ചെയ്യുന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട ദീപ് എന്ന ചെറുപ്പക്കാരൻ അവൾക്ക് അതിജീവനത്തിനുള്ള കാരണവും കരുത്തുമായി മാറുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രൊഫസറാണ് സംവിധായികയായ പുതുൾ മഹ്മൂദ്. കേരളത്തിൽ നടന്ന അന്താരാഷ്ട്ര ഡോക്യുമെൻ്ററി, ഹ്രസ്വ ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു.

ബീഗമൻ കാ ബോപ്പാൽ

രചിത ഗോരോവാല സംവിധാനം ചെയ്ത 27 മിനിറ്റുള്ള ഉർദു ഡോക്യുമെൻ്ററി ഫിലിമാണ് ബീഗമൻ കാ ബോപ്പാൽ.

എഴുത്തുകാരനും ചലച്ചിത്ര സൂക്ഷിപ്പുകാരനും രാജകീയ പിൻഗാമികളുമാണ്
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അവരുടെ ദൈനംദിന ജീവിത യാത്രയാണ് ചിത്രീകരിക്കുന്നത്. ഭോപ്പാലിൻ്റെ പഴയൊരു കാലഘട്ടം നൊസ്റ്റാൾജിയയിലൂടെ ഇതൾ വിരിയുന്നു. ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാലത്തെയും സമയത്തെയും ഉൾക്കൊള്ളുന്നതും ജീവിതത്തോട് ചേർത്ത് പിടിക്കുന്നതും. മനോഹരമായ ഒരുലിറിക്കൽ, മ്യൂസിക്കൽ,ഇൻട്രോസ്പെക്റ്റീവ് യാത്ര എന്ന് ചിത്രത്തെ ചുരുക്കി പറയാം. ‘ഹുസുൻ’ എന്ന് പേർഷ്യൻ ഭാഷയിൽ അർഥമാക്കുന്ന, വിവരിക്കാൻ പ്രയാസമുള്ള നൊസ്റ്റാൾജിയയാണ് ഡോക്യുമെൻ്ററി ചിത്രീകരിക്കുന്നത്.

അനാഹിതാസ് ലോ

2015-ൽ പുറത്തിറങ്ങിയ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ ദി പാത്ത് ഓഫ് സരതുസ്ട്ര’ എന്ന മുഴുനീള ഫീച്ചർ ഫിലിമിനു ശേഷം ഊർവശി ഇറാനി എന്ന പാഴ്സി സംവിധായിക ചെയ്ത ഹ്രസ്വ ചലച്ചിത്രമാണ് അനാഹിതാസ് ലോ. 21 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ജാതിയും ലിംഗ വിവേചനവും തുല്യതയും ചർച്ചാ വിഷയമാക്കുന്നു.

യൂണിഫോം സിവിൽ കോഡിനെക്കുറിച്ച് സമൂഹത്തിൽ വ്യാപകമായി നടന്ന ചർച്ചകളാണ് തനിക്ക് സിനിമ ചെയ്യാൻ പ്രചോദനമായതെന്ന് സംവിധായിക പറയുന്നു. മൂന്ന് പാഴ്സി സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഫാറൂഖ് ദോണ്ഡിയുടെ തിരക്കഥ സ്ത്രീപക്ഷ ചിന്തകൾക്ക് കരുത്തു പകരുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇമാജിനറി ഹോംസ്

17 മിനിറ്റ് മാത്രം ദൈർഘ്യമുള്ള പഞ്ചാബി ഹ്രസ്വ ചിത്രമാണ് ഇമാജിനറി ഹോംസ്. പ്രിയ നരേഷാണ് സംവിധായിക.