ചലച്ചിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ വിപുലീകരിക്കുമെന്നും ചലച്ചിത്ര പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബിലെ ടി.എന്‍.ജി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സമൂഹത്തിന്‍െറ മുന്നോട്ടുള്ള പ്രയാണത്തില്‍ ചലച്ചിത്രപഠനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയും. അക്കാദമിക് സ്വഭാവമുള്ള ചലച്ചിത്രപഠനവും ഗവേഷണവും നിരൂപണവും സജീവമാവുന്നതിന് ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് പദ്ധതിയും സിഫ്ര എന്ന ഗവേഷണ കേന്ദ്രവും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഴയകാല സിനിമകള്‍ വരും തലമുറയ്ക്കായി സംരക്ഷിക്കുക എന്ന ദൗത്യവും ചലച്ചിത്ര അക്കാദമി നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.രാജന്‍ എഴുതിയ ‘പ്രേതം, വില്ലന്‍, സര്‍പ്പസുന്ദരി: മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമങ്ങള്‍ എന്ന പുസ്തകം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. പി.എസ്.രാധാകൃഷ്ണന്‍ എഴുതിയ ‘വടക്കന്‍പാട്ടു സിനിമകള്‍: ചരിത്രം, സംസ്കാരം, രാഷ്ട്രീയം’ എന്ന പുസ്തകം ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഏറ്റുവാങ്ങി.

ജെ.സി ഡാനിയേല്‍ അവാര്‍ഡ്  ജേതാവായ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ച ‘ഋതുരാഗം’ എന്ന ഡോക്യുമെന്‍്ററിയുടെ യുട്യൂബ് റിലീസ് കെ.ജയകുമാര്‍ നിര്‍വഹിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി സി.അജോയ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി സജീഷ് നന്ദിയും പറഞ്ഞു. ഗ്രന്ഥകര്‍ത്താക്കളായ പി.എസ്.രാധാകൃഷ്ണന്‍, കെ.രാജന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ‘ഋതുരാഗം’ എന്ന ഡോക്യുമെന്‍ററിയുടെ സംവിധായകന്‍ ചിറയിന്‍കീഴ് രാധാകൃഷ്ണനും ചടങ്ങില്‍ സംബന്ധിച്ചു.  പുസ്തകങ്ങൾ ആമസോണിൽ ലഭ്യമാണ് .