വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് 

 

വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പും കെ. എസ്. ആർ. ടി. സിയും സംയുക്തമായി സമുദ്ര എന്ന പേരിൽ സൗജന്യ ബസ് സർവീസ് ആരംഭിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകൾ വിപണനത്തിനായി പോകുമ്പോൾ നേരിടുന്ന യാത്രാക്‌ളേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് ലോഫ്‌ളോർ ബസുകളാണ് കെ. എസ്. ആർ. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 

24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും.  മത്സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ലാറ്റഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇതിനായി പ്രതിവർഷം 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചു കഴിഞ്ഞു. പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

തിരുവനന്തപുരം പാളയം മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, ജി. ആർ. അനിൽ, എം. എൽ. എ മാരായ കെ. അൻസലൻ, വി. കെ പ്രശാന്ത്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.