വിക്രം സാരാഭായിക്ക് ആദരം അർപ്പിച്ച് ഗൂഗ്ൾ ഡൂഡ്ൽ

ജന്മശതാബ്ദി ദിനത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ ഉജ്ജ്വല വ്യക്തിത്വം വിക്രം സാരാഭായിക്ക് ആദരമേകി ഗൂഗ്ളിന്റെ ഡൂഡ്ൽ. മുംബൈ ആസ്ഥാനമായ പ്രശസ്ത ചിത്രകാരൻ പവൻ രജുർക്കറാണ് മനോഹരമായ ഡൂഡ്ൽ ഡിസൈൻ ചെയ്തത്. നീലയും വെള്ളയും നിറത്തിലുള്ള പോർട്രെയ്റ്റിൽ ചന്ദ്രനും നക്ഷത്രങ്ങളും റോക്കറ്റുമുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തെ പ്രഗത്ഭ വ്യക്തിത്വത്തിന്റെ തലയെടുപ്പും മഹത്വവും ഉചിതമായി വെളിപ്പെടും വിധത്തിലാണ് ഡൂഡ്ൽ ഡിസൈൻ ചെയ്തിട്ടുള്ളത്. 1962 ലാണ് വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐ എസ് ആർ More
 

ജന്മശതാബ്ദി ദിനത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ ഉജ്ജ്വല വ്യക്തിത്വം വിക്രം സാരാഭായിക്ക് ആദരമേകി ഗൂഗ്ളിന്റെ ഡൂഡ്ൽ. മുംബൈ ആസ്ഥാനമായ പ്രശസ്ത ചിത്രകാരൻ പവൻ രജുർക്കറാണ് മനോഹരമായ ഡൂഡ്ൽ ഡിസൈൻ ചെയ്തത്. നീലയും വെള്ളയും നിറത്തിലുള്ള പോർട്രെയ്റ്റിൽ ചന്ദ്രനും നക്ഷത്രങ്ങളും റോക്കറ്റുമുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തെ പ്രഗത്ഭ വ്യക്തിത്വത്തിന്റെ തലയെടുപ്പും മഹത്വവും ഉചിതമായി വെളിപ്പെടും വിധത്തിലാണ് ഡൂഡ്ൽ ഡിസൈൻ ചെയ്തിട്ടുള്ളത്.

1962 ലാണ് വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐ എസ് ആർ ഒ) തുടക്കം കുറിക്കുന്നത്. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യം ബഹിരാകാശ രംഗത്ത് നൽകേണ്ട സവിശേഷമായ പ്രാധാന്യത്തെപ്പറ്റി ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്നതും പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതും സ്ഥാപനങ്ങൾ രൂപീകരിക്കുന്നതുമുൾപ്പെടെ ഒട്ടേറെ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. സാരാഭായിയുടെ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് തിരുവനന്തപുരത്തെ ഇസ്രോ കേന്ദ്രത്തിന് വിക്രം സാരാഭായ് സ്പേസ് സെന്റർ എന്ന് പേര് നൽകിയത്.

ജന്മശതാബ്ദി ദിനത്തിൽ വിക്രം സാരാഭായിയുടെ മഹത്തായ സംഭാവനകളെ രാഷ്ട്രം ഏറെ ആദരവോടെ അനുസ്മരിക്കുന്നതായി പ്രസിഡണ്ട് രാംനാഥ്‌ കോവിന്ദ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ശാസ്ത്രരംഗത്തെ അതുല്യ പ്രതിഭയായിരുന്നു വിക്രം സാരാഭായ്. ഒട്ടേറെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. തലമുറകൾക്ക് പ്രചോദനമായി. അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങളെയും ഉന്നതമായ പാരമ്പര്യത്തെയും ആദരവോടെ അനുസ്മരിക്കുന്നു- രാഷ്ട്രപതിയുടെ ട്വിറ്റർ സന്ദേശം പറയുന്നു.

1919 ആഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് വിക്രം സാരാഭായിയുടെ ജനനം. പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ശാന്തി സ്വരൂപ് ഭട്നഗർ പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. 1971 ഡിസംബർ 30 നാണ് മരണം. പരേതയായ പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയാണ് ഭാര്യ. മല്ലിക സാരാഭായ്, കാർത്തികേയ സാരാഭായ് എന്നിവർ മക്കൾ.