കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശ്വാസമായി സാന്ത്വന സംഘം

കേരളത്തില് നോവല് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രശ്നബാധിത പ്രദേശങ്ങളില് നിന്ന് തിരിച്ചെത്തിയ 80ലധികം പേര് ആശുപത്രിയില് ചികിത്സയിലും രണ്ടായിരത്തിലധികം പേര് വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തില് ആരോഗ്യ വകുപ്പ് ഇവര്ക്കായി മാനസികാരോഗ്യ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്ക്കും അവരുടെ ബന്ധുക്കള്ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്ത്തനങ്ങള് നടത്തുന്നത്. 2018 ലെ പ്രളയത്തിലും 2019ലെ ഉരുള്പ്പൊട്ടലിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്ത്തനങ്ങളാണ് പുതിയ More
 

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 80ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും രണ്ടായിരത്തിലധികം പേര്‍ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഇവര്‍ക്കായി മാനസികാരോഗ്യ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2018 ലെ പ്രളയത്തിലും 2019ലെ ഉരുള്‍പ്പൊട്ടലിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും ഉരുള്‍പ്പൊട്ടലില്‍ അരലക്ഷത്തിലധികം പേര്‍ക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വശത്ത് നിരീക്ഷണത്തിലുള്ളയാളുടെ മാനസികാവസ്ഥ മറുവശത്ത് പ്രിയപ്പെട്ടവരുടെ മാനസികാവസ്ഥ… ഇതാണ് കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അവസ്ഥ. ഇങ്ങനെയൊരവസ്ഥയില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുകയാണ് ഈ മാനസികാരോഗ്യ പരിപാടിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 178 മാനസികോരോഗ്യ വിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടുവാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യും.

കേരളത്തെ സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിനാലാണ് കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നത്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും. വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. ഇതിലൂടെ സ്വന്തം സുരക്ഷയും നാടിന്റെ സുരക്ഷയുമാണ് നിര്‍വഹിക്കുന്നത്. എന്നുകരുതി ആ കുടുംബത്തെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ പാടില്ല. അവര്‍ നാടിനും കൂടിയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതോര്‍ക്കുക. ആ കുടുംബത്തിന്റേയും നിരീക്ഷണത്തിലുള്ളയാളിന്റേയും മാനസികാവസ്ഥ നമ്മളറിയണം. ഒരുതരത്തിലും വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കൊറോണ വൈറസ് ബാധിച്ചയുടനെ ആരും മരിച്ച് പോകില്ല. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞാല്‍ അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഇതെല്ലാം മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ബോധവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ജില്ലയിലും ഇതിനായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും ലഭ്യമാണ്.