‘പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം’

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി എം എൽ എ. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിക്കരുത് എന്ന അഭ്യർഥനയുമായി താനിട്ട ഫേസ് ബുക്ക് പോസ്റ്റ് പിണറായി വിജയനെ വിറളിപിടിപ്പിച്ചു. വകമാറ്റി ചിലവഴിച്ച ചരിത്രമുള്ളതിനാലാണ് വകമാറ്റരുതെന്ന് താൻ അപേക്ഷിച്ചത്. കാശ് കൊടുക്കുന്നവർ കണക്ക് ചോദിക്കും. തന്നെ ആരും ചോദ്യം ചെയ്യരുത്, തന്നോട് ചോദ്യങ്ങൾ വേണ്ട, താൻ പറയുന്നത് കേട്ടാൽ മതി എന്ന നിലപാട് ആർക്കും നല്ലതല്ല. ഇത് ജനാധിപത്യ രാജ്യമാണ്. പിണറായി വിജയൻ മഴുവെറിഞ്ഞ് More
 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി എം എൽ എ. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിക്കരുത് എന്ന അഭ്യർഥനയുമായി താനിട്ട ഫേസ് ബുക്ക് പോസ്റ്റ് പിണറായി വിജയനെ വിറളിപിടിപ്പിച്ചു. വകമാറ്റി ചിലവഴിച്ച ചരിത്രമുള്ളതിനാലാണ് വകമാറ്റരുതെന്ന് താൻ അപേക്ഷിച്ചത്. കാശ് കൊടുക്കുന്നവർ കണക്ക് ചോദിക്കും. തന്നെ ആരും ചോദ്യം ചെയ്യരുത്, തന്നോട് ചോദ്യങ്ങൾ വേണ്ട, താൻ പറയുന്നത് കേട്ടാൽ മതി എന്ന നിലപാട് ആർക്കും നല്ലതല്ല. ഇത് ജനാധിപത്യ രാജ്യമാണ്. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം.

ഫണ്ട് വകമാറ്റിയ ചരിത്രം ഉള്ളതിനാലാണ് അങ്ങനെ ചെയ്യല്ലേ എന്ന് താൻ അഭ്യർഥിച്ചത്. ഒരു ഇടതു പക്ഷ എംഎൽഎ യ്ക്കും ഒരു സിപിഎം നേതാവിനും ബാങ്കിലെ കടം തീർക്കാൻ 35 ലക്ഷവും 25 ലക്ഷവും എടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. ഗ്രാമീണ റോഡ് നന്നാക്കാൻ 1000 കോടി രൂപ വകമാറ്റി ചെലവഴിച്ചു.

ഷുഹൈബിൻ്റെയും ഷുക്കൂറിൻ്റെയും കേസ് വാദിക്കാനുള്ള വക്കീൽ ഫീസ് എവിടെ നിന്നെടുത്തതാണെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. മണിക്കൂറിന് 25 ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലിന് ആ ഇനത്തിൽ 2 കോടി രൂപ നൽകിയിട്ടുണ്ട്. കെ എം ഷാജിയുടെയോ പിണറായി വിജയൻ്റെയോ വീട്ടിൽ നിന്ന് കൊണ്ടുവന്ന കാശല്ല ഇത്. അപ്പോൾ പിന്നെ ദുരിതാശ്വാസ നിധിയിൽ നിന്നെടുത്തതാണോ, അതോ വേറേതെങ്കിലും ഫണ്ടിൽ നിന്നെടുത്തതാണോ എന്ന് പിണറായി വ്യക്തമാക്കണം. ഏത് ഫണ്ടായാലും സർക്കാറിൻ്റെ ഫണ്ടാണ്. ജനങ്ങളുടെ നികുതിപ്പണമാണ്. സഖാക്കളുടെ ചോരയുടെ കണക്കു തീർക്കാൻ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കരുത്. അതിനുള്ള പണം പാർടി തന്നെ കണ്ടെത്തണം.

പിണറായിയുടെ പഴയ മുഖം ആരും മറന്നിട്ടില്ല. മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച കാർ പരിസരത്തെവിടെയെങ്കിലും ഉണ്ടോ എന്ന് താൻ നോക്കുന്നുണ്ട്. തൻ്റേത് വികൃത മനസ്സാണ് എന്നാണ് പിണറായി വിശേഷിപ്പിച്ചത്. കുലംകുത്തി, പരനാറി, നികൃഷ്ട ജീവി തുടങ്ങി അദ്ദേഹം ആക്ഷേപിച്ച വ്യക്തികളെയെല്ലാം മഹത്വമുള്ള ആളുകളാണ്. അതിനാൽ വികൃത മനസ്സ് എന്ന ആക്ഷേപത്തോട് നന്ദിയുണ്ട്. തൻ്റെ വികൃത മനസ്സുകൊണ്ട് ഒരു സ്ത്രീക്കും സ്വന്തം ഭർത്താവിനെയും ഒരു മകനും തൻ്റെ അച്ഛനേയും നഷ്ടമായിട്ടില്ല.

അന്യനിലെ വിക്രമിനെ പോലെയാണ് പിണറായിയുടെ ഭാവങ്ങൾ മാറുന്നത്. ജനങ്ങളോട് സഹായം ചെയ്യാൻ അഭ്യർഥിക്കുമ്പോൾ ചിരിച്ചു കാണിക്കും. സൗഹൃദം നടിക്കും. എന്നാൽ ചോദ്യം ചെയ്താൽ അസ്വസ്ഥനാകും. ദേഷ്യപ്പെടും. തന്നെ ആരും ചോദ്യം ചെയ്യരുതെന്നാണ് പിണറായിയുടെ ആഗ്രഹം. ജനാധിപത്യ രാജ്യത്ത് അത് നടക്കില്ല. രാഷ്ട്രീയമായാൽ ചോദ്യം ചോദിക്കുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിന് മൊറൊട്ടോറിയം പ്രഖ്യാപിച്ച സ്ഥലമല്ല കേരളം.

അടിയന്തിര സഹായം ചെയ്യാൻ എന്ന പേരിൽ പ്രളയകാലത്ത് പിരിച്ചെടുത്ത 8000 കോടി രൂപയിൽ 20.07.2019 വരെ ചിലവാക്കിയത് 2000 കോടിയാണ്. 10,000 രൂപ അടിയന്തിര സഹായം കിട്ടാത്തതിനാൽ പാവങ്ങൾ ആത്മഹത്യ ചെയ്ത നാട്ടിലാണ് പ്രളയം കഴിഞ്ഞിട്ട് 2 വർഷമായിട്ടും 5000 കോടി രൂപ ചെലവാക്കാതെ കിടക്കുന്നത്.