എതിർ സ്ഥാനാർഥി ആരെന്ന് അറിഞ്ഞിരുന്നെങ്കിൽ സണ്ണി ഡിയോളിനെ പിന്തിരിപ്പിക്കുമായിരുന്നെന്ന് ധർമേന്ദ്ര

കോൺഗ്രസ് എം പി സുനിൽ ഝാക്കർ ആണ് എതിർ സ്ഥാനാർഥിയെന്ന് അറിഞ്ഞിരുന്നെങ്കിൽ മകൻ സണ്ണി ഡിയോളിന്റെ മത്സരിക്കാനുള്ള തീരുമാനത്തിന് താൻ പച്ചക്കൊടി കാണിക്കില്ലായിരുന്നെന്ന് പ്രമുഖ നടനും മുൻ ബി ജെ പി നേതാവുമായ ധർമേന്ദ്ര. “ബൽറാം ഝാക്കർ എനിക്കെന്റെ സഹോദരനെപ്പോലെയായിരുന്നു. ഗുരുദാസ്പൂരിൽ അദ്ദേഹത്തിന്റെ മകൻ സുനിൽ ഝക്കർ ആണ് സണ്ണിയുടെ എതിരാളി എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഈ വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മത്സരിക്കുന്നതിൽ നിന്ന് സണ്ണിയെ ഞാൻ തടയുമായിരുന്നു,” ധർമേന്ദ്ര പറഞ്ഞു. സിനിമാ മേഖലയിൽ നിന്ന് വരുന്ന സണ്ണി ഡിയോളിന് More
 

കോൺഗ്രസ് എം പി സുനിൽ ഝാക്കർ ആണ് എതിർ സ്ഥാനാർഥിയെന്ന് അറിഞ്ഞിരുന്നെങ്കിൽ മകൻ സണ്ണി ഡിയോളിന്റെ മത്സരിക്കാനുള്ള തീരുമാനത്തിന് താൻ പച്ചക്കൊടി കാണിക്കില്ലായിരുന്നെന്ന് പ്രമുഖ നടനും മുൻ ബി ജെ പി നേതാവുമായ ധർമേന്ദ്ര.

“ബൽറാം ഝാക്കർ എനിക്കെന്റെ സഹോദരനെപ്പോലെയായിരുന്നു. ഗുരുദാസ്പൂരിൽ അദ്ദേഹത്തിന്റെ മകൻ സുനിൽ ഝക്കർ ആണ് സണ്ണിയുടെ എതിരാളി എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഈ വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മത്സരിക്കുന്നതിൽ നിന്ന് സണ്ണിയെ ഞാൻ തടയുമായിരുന്നു,” ധർമേന്ദ്ര പറഞ്ഞു. സിനിമാ മേഖലയിൽ നിന്ന് വരുന്ന സണ്ണി ഡിയോളിന് സുനിൽ ഝാക്കറിനെപ്പോലെ രാഷ്ട്രീയത്തിൽ അനുഭവസമ്പത്തുള്ള ആളുമായി സംവാദത്തിൽ ഏർപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“സുനിലും എനിക്കെന്റെ മകനെപ്പോലെയാണ്. അദ്ദേഹത്തിന്റെ പിതാവ് ബൽറാം ഝാക്കറുമായി വളരേ അടുത്ത ബന്ധം ഉണ്ടായിരുന്നു. ഞങ്ങൾ വരുന്നത് സിനിമാ മേഖലയിൽ നിന്നാണ്. രാഷ്ട്രീയത്തിൽ ഏറെ അനുഭവ സമ്പത്തുള്ള ആളാണ് സുനിൽ ഝാക്കർ. അദ്ദേഹത്തിന്റെ പിതാവും അങ്ങിനെയായിരുന്നു,” ധർമേന്ദ്ര പറഞ്ഞു.

നാമ നിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം നടത്തിയ റോഡ് ഷോയിൽ സണ്ണി ഡിയോളിന് ജനങ്ങൾ നൽകിയ സ്വീകരണം കണ്ടപ്പോൾ താൻ വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവേശവും സ്നേഹവായ്‌പും മനസിനെ സ്പർശിച്ചു, എൺപത്തിമൂന്നുകാരനായ ധർമേന്ദ്ര പറഞ്ഞു.

ബി ജെ പിയുടെ കരുത്തുറ്റ മണ്ഡലമായ ഗുരുദാസ്പൂരിൽ 2017 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത് സുനിൽ ഝാക്കറാണ്. മെയ് 19 നാണ് ഗുരുദാസ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 ന് ഫലം പുറത്തുവരും.