കോവിഡ്- 19 തെറ്റിദ്ധാരണകൾ നീക്കാം; ലോകാരോഗ്യ സംഘടന പറയുന്നത്

covid- 19 രാജ്യത്ത് ഏതാനും ദിവസമായി കോവിഡ് വൈറസ് വ്യാപനത്തിൽ കുറവു വന്നതായി കണക്കുകൾ കാണിക്കുന്നു. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്ന നിലയിലാണ്. മൂന്നു ലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. 3,14,000-ത്തിലേറെ രോഗികളുള്ള ഡൽഹി മാത്രമാണ് കേരളത്തിനു മുന്നിലുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിൽ എത്തിയിരിക്കുന്നു. ദേശീയ ശരാശരി 10 ശതമാനം ആയിരിക്കുമ്പോൾ വളരെ ഉയർന്ന തോതിലുള്ള സംസ്ഥാനത്തെ ടിപിആർ വ്യത്യസ്തമായ ചിത്രമാണ് മുന്നിൽ വെയ്ക്കുന്നത്. covid- 19 തുടക്കത്തിൽ More
 

covid- 19
രാജ്യത്ത് ഏതാനും ദിവസമായി കോവിഡ് വൈറസ് വ്യാപനത്തിൽ കുറവു വന്നതായി കണക്കുകൾ കാണിക്കുന്നു. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്ന നിലയിലാണ്. മൂന്നു ലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. 3,14,000-ത്തിലേറെ രോഗികളുള്ള ഡൽഹി മാത്രമാണ് കേരളത്തിനു മുന്നിലുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിൽ എത്തിയിരിക്കുന്നു. ദേശീയ ശരാശരി 10 ശതമാനം ആയിരിക്കുമ്പോൾ വളരെ ഉയർന്ന തോതിലുള്ള സംസ്ഥാനത്തെ ടിപിആർ വ്യത്യസ്തമായ ചിത്രമാണ് മുന്നിൽ വെയ്ക്കുന്നത്. covid- 19

തുടക്കത്തിൽ ഉണ്ടായിരുന്ന കരുതലും ജാഗ്രതയും കൈവിട്ട അവസ്ഥയാണ് രോഗവ്യാപനത്തിൽ ആശങ്കാജനകമായ സ്ഥിതിവിശേഷം സംജാതമാവാൻ കാരണമെന്ന് വിദഗ്ധർ കരുതുന്നു. ആൾക്കൂട്ടങ്ങൾ എങ്ങുമുണ്ട്. കൈകൾ വൃത്തിയാക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കാണിക്കുന്ന ഉപേക്ഷയും അനാസ്ഥയും വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. കോവിഡ് മൂലം ദിനം പ്രതി ആളുകൾ മരിച്ചുവീഴുമ്പോഴും തുടരുന്ന അനാസ്ഥ അപകടകരമെന്നേ പറയാനാവൂ.

കോവിഡ് വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റാൻ
ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച ചില പൊതു മുന്നറിയിപ്പുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. വൈറസിനെപ്പറ്റി ലോകമെമ്പാടും പല തരത്തിലുള്ള കെട്ടുകഥകളും തെറ്റിദ്ധാരണകളുമാണ് ഇപ്പോഴും പ്രചരിക്കുന്നത്. അസത്യങ്ങളും അർധസത്യങ്ങളും അബദ്ധങ്ങളും മേൽക്കൈ നേടുമ്പോൾ കോവിഡ് പ്രതിരോധ സംവിധാനമാണ് പാളുന്നതെന്ന് ഡബ്ല്യു എച്ച് ഒ പറയുന്നു. വികസിത, വികസ്വര ഭേദമന്യേ ലോകരാജ്യങ്ങളെ കീഴടക്കി, പിടികിട്ടാ സ്വഭാവം വെളിവാക്കി വൈറസ് മുന്നേറുമ്പോൾ ഹെർഡ് ഇമ്മ്യൂണിറ്റി പോലും നമ്മുടെ വലിയൊരു തെറ്റിദ്ധാരണയാണെന്ന് സംഘടന ഇന്നലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ തെറ്റായ ധാരണകളെ പൂർണമായും തൂത്തെറിഞ്ഞാലേ മനുഷ്യവംശത്തിൻ്റെ പോരാട്ടം അതിൻ്റെ അന്തിമ ലക്ഷ്യം കാണുകയുള്ളൂ എന്നാണ് ഡബ്ല്യു എച്ച് ഒ പറയുന്നത്.

1.മാസ്കുകൾ ധരിച്ചാൽ ശരിയാംവണ്ണം ശ്വസിക്കാൻ കഴിയില്ല എന്നത് തെറ്റായ ധാരണയാണ്. ഏറെ നേരം ധരിക്കുമ്പോൾ അസ്വസ്ഥത തോന്നിപ്പിക്കുമെങ്കിലും ശ്വസന പ്രക്രിയയ്ക്ക് അവ തടസ്സം നില്ക്കുന്നു എന്ന പ്രചാരണം തെറ്റാണ്.

2. മദ്യം കഴിച്ച് കോവിഡിനെ പ്രതിരോധിക്കാം എന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മറ്റു പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്ന മദ്യപാനം കോവിഡിൻ്റെ കാര്യത്തിലും അപകടകരമാണ്.

3. ബ്ലീച്ചിങ്ങ് പൗഡർ, അണുനാശിനികൾ എന്നിവ വിഷപദാർഥങ്ങളാണ്. അത് ശരീരത്തിൽ സ്പ്രേ ചെയ്യുന്നതും കുടിക്കുന്നതും അപകടകരമാണ്.

4. മെഥനോളും എഥനോളും കുടിച്ച് വൈറസിനെ തടുക്കാനാവില്ല. അണുനാശിനികളിൽ ഉപയോഗിക്കുന്ന ഇത്തരം രാസവസ്തുക്കൾ ശരീരത്തിനുള്ളിൽ ചെന്നാൽ ജീവഹാനി തന്നെ സംഭവിച്ചേക്കാം.

5. പത്തുസെക്കൻ്റ് നേരം ശ്വാസം അടക്കിപ്പിടിക്കാൻ കഴിഞ്ഞാൽ, അതിനിടയിൽ ചുമ തുടങ്ങിയ അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടാതിരുന്നാൽ, നിങ്ങൾ വൈറസ്
ബാധിതനല്ല എന്ന പ്രചാരണം തെറ്റാണ്. കോവിഡ് രോഗിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ലബോറട്ടറി പരിശോധന മാത്രമാണ് ആശ്രയം.

6. വെളുത്തുള്ളി തിന്നാൽ കോവിഡിനെ ചെറുക്കാം എന്നത് തെറ്റിദ്ധാരണയാണ്. ചില സൂക്ഷ്മ ജീവികളെ നശിപ്പിക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. എന്നാൽ കോവിഡിനെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്കാവും എന്ന വാദത്തിന് ശാസ്ത്രീയ പിൻബലം ഒട്ടുമില്ല.

7. യുവാക്കളെ കോവിഡ് ബാധിക്കുകയില്ല എന്നത് തെറ്റിദ്ധാരണയാണ്. ഏതു പ്രായക്കാർക്കും രോഗം വരാം.

8. ചൂട് കൂടിയ പ്രദേശങ്ങൾ സുരക്ഷിതമാണ് എന്ന ധാരണ തെറ്റാണ്. കോവിഡ് വ്യാപനത്തിൽ കാലാവസ്ഥസ്വാധീനം ചെലുത്തുന്നു എന്നതിന് തെളിവുകളില്ല.

9. കുരുമുളക് ചൂടാക്കി കഴിച്ചാൽ കോവിഡിനെ തടയാം എന്നത് തെറ്റിദ്ധാരണയാണ്. വൈറസിനെ നിർവീര്യമാക്കാനോ പ്രതിരോധിക്കാനോ ഉള്ള കഴിവ് കുരുമുളകിനില്ല.

10. നിലവിൽ ഒരു മരുന്നും കോവിഡ് രോഗത്തെ സുഖപ്പെടുത്തിയതായി തെളിയിക്കപ്പെട്ടിട്ടില്ല. ലോകത്ത് വൈറസിനെതിരെ പല മരുന്നുകളും പരീക്ഷിക്കുന്നുണ്ട്. ഒറ്റ മരുന്നും ഫലപ്രാപ്തി തെളിയിച്ചിട്ടില്ല.

12. ആൻ്റിബയോട്ടിക്കുകൾ കോവിഡ് ചികിത്സയിൽ ഫലപ്രദമാണ് എന്ന തെറ്റായ പ്രചരണത്തിൽ പലരും വീണുപോയിട്ടുണ്ട്. ബാക്റ്റീരിയയെ ചെറുക്കാനാണ്
ആൻ്റിബയോട്ടിക്കുകൾ വികസിപ്പിച്ചിട്ടുള്ളത്. അവ വൈറസ് രോഗ ചികിത്സയിൽ ഫലപ്രദമല്ല. കോവിഡ് രോഗികൾക്ക് ആൻ്റിബയോട്ടിക്കുകൾ നൽകുന്നത് അനുബന്ധ പ്രശ്നമായി കണ്ടുവരുന്ന ബാക്റ്റീരിയൽ ഇൻഫെക്ഷനെ ചെറുക്കാനാണ്. ചില രോഗികളിൽ വൈറസ് ഇൻഫെക്ഷനൊപ്പം ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൂടി വരാറുണ്ട്.

13. ചൂടുവെള്ളത്തിൽ കുളിക്കുന്നത് പൊതുവെ ഗുണകരമാണെങ്കിലും കോവിഡ് വൈറസിനെ കൊല്ലാൻ അതുമതി എന്ന പ്രചാരണം അസംബന്ധമാണ്.

14. തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപനം കാര്യമായി ഉണ്ടാകില്ല എന്നത് തെറ്റായ പ്രചാരണമാണ്.

15. ന്യൂമോണിയ വാക്സിനുകൾ കോവിഡിനെ പ്രതിരോധിക്കില്ല.
കോവിഡ്- 19 പുതിയ ഇനം വൈറസാണ്. അതിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ തന്നെ വേണം. ഫലപ്രദമായ കോവിഡ് വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ലോകം.

16. ഹാൻ്റ് ഡ്രൈയറുകൾ വൈറസിനെ നശിപ്പിക്കില്ല. വൈറസിനെ കൊല്ലാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയുമാണ് അഭികാമ്യം.

17. സലൈൻ ലായനി ഉപയോഗിച്ച് നിത്യവും മൂക്ക് വൃത്തിയാക്കിയതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവില്ല. ജലദോഷം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് സലൈൻ ചികിത്സ ആശ്വാസമാണെങ്കിലും കോവിഡിനെ ചെറുക്കാൻ അതിനാവില്ല.

18. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ശരീരമോ കൈകളോ അണുവിമുക്തമാക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ഗുരുതര രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്.

19. കൊതുക് കടിയിലൂടെ കോവിഡ് രോഗം പകരില്ല. കൊതുക് കടിച്ചാൽ കോവിഡ് പകരുമെന്ന ഭയം ഉണ്ടാകുന്നത് തെറ്റിദ്ധാരണയിലൂടെയാണ്. രോഗബാധിതനായ ഒരാൾ സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ പുറത്തു വരുന്ന ജലകണികകൾ ആണ് കോവിഡ് വൈറസിൻ്റെ വാഹകർ. രോഗി സ്പർശിക്കുന്ന ഇടങ്ങളിലും വൈറസ് പറ്റിപ്പിടിക്കാൻ ഇടയുണ്ട്. അതിനാൽ കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് കോവിഡിനെ ചെറുക്കാൻ ഫലപ്രദമായ മാർഗം.

20. ഈച്ച വഴി കോവിഡ് പകരാനുള്ള സാധ്യതയില്ല.

21. റേഡിയോ തരംഗങ്ങൾ വഴിയും മൊബൈൽ നെറ്റ് വർക്കുകൾ വഴിയും കോവിഡ് പകരും എന്നത് അസംബന്ധമാണ്.

22. ധരിക്കുന്ന ഷൂസ് വഴി കോവിഡ് പകരാനുള്ള സാധ്യത വിരളമാണ്.

23. കോവിഡ്- 19 കോറോണവിറിഡെ (coronaviridae) എന്ന വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. ബാക്റ്റീരിയ അല്ല വൈറസ് ആണ് രോഗകാരി.

24. തെർമൽ സ്കാനർ വഴി ടെസ്റ്റ് ചെയ്യുന്നത് പനിയുണ്ടോ ഇല്ലയോ എന്നറിയാനാണ്. കോവിഡിനെ ടെസ്റ്റ് ചെയ്യാൻ തെർമൽ സ്കാനറിനാവില്ല. കോവിഡുള്ള എല്ലാവർക്കും പനി ഉണ്ടാവണമെന്നില്ല. തെർമൽ സ്കാനർ ഉപയോഗിച്ച് പനി ഇല്ല എന്ന് ഉറപ്പു വരുത്തുന്ന ആൾക്കും കോവിഡ് ഉണ്ടായേക്കാം, അയാൾ അസിംപ്റ്റോമാറ്റിക് പേഷ്യൻ്റ് ആണെങ്കിൽ. അതായത് ലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് രോഗിയാണെങ്കിൽ അയാളിലൂടെ മറ്റുള്ളവർക്ക് വൈറസ് പകർന്നു കിട്ടാനുള്ള സാധ്യതയുണ്ട്.

25. പ്രായം ചെന്നവർക്ക് മാത്രമേ കോവിഡ് ഗുരുതരമാകൂ എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. ഏത് പ്രായക്കാരിലും ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവർക്ക് വൈറസ് ബാധിച്ചാൽ അത് ഗുരുതരമായേക്കാം.
ആസ്ത് മ, പ്രമേഹം, കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ
എന്നിവയുള്ളവർ ഏത് പ്രായക്കാരായാലും അവർ ഹൈ റിസ്ക് വിഭാഗക്കാരാണ്.