ദളിത് വിവേചനം: കോഴിക്കോട് സർവകലാശാലയിൽ രണ്ട് അധ്യാപകർക്കെതിരെ അച്ചടക്ക നടപടി

ദളിത് ഗവേഷക വിദ്യാർഥിനി ഉന്നയിച്ച വിവേചന വിഷയത്തിൽ രണ്ട് അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനിച്ചു. മലയാളം വകുപ്പ് മേധാവിയായ ഡോ. എൽ തോമസ്കുട്ടിയെ തൽ സ്ഥാനത്തുനിന്നും നീക്കും. ആരോപണ വിധേയയായ ജീവശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ. എം ഷാമിനയുടെ ഗൈഡ് പദവി നീക്കം ചെയ്യാനും തീരുമാനിച്ചു. തന്റെ ഗവേഷണ പഠനം മനഃപൂർവം വൈകിപ്പിക്കാൻ അധ്യാപകരായ ഇരുവരും ശ്രമിച്ചു എന്ന് ദളിത് വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡോ. ഷാമിനക്കെതിരെ ഒന്നിലേറെ More
 

ദളിത് ഗവേഷക വിദ്യാർഥിനി ഉന്നയിച്ച വിവേചന വിഷയത്തിൽ രണ്ട് അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനിച്ചു. മലയാളം വകുപ്പ് മേധാവിയായ ഡോ. എൽ തോമസ്കുട്ടിയെ തൽ സ്ഥാനത്തുനിന്നും നീക്കും. ആരോപണ വിധേയയായ ജീവശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ. എം ഷാമിനയുടെ ഗൈഡ് പദവി നീക്കം ചെയ്യാനും തീരുമാനിച്ചു. തന്റെ ഗവേഷണ പഠനം മനഃപൂർവം വൈകിപ്പിക്കാൻ അധ്യാപകരായ ഇരുവരും ശ്രമിച്ചു എന്ന് ദളിത് വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഡോ. ഷാമിനക്കെതിരെ ഒന്നിലേറെ പരാതികൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദളിത് വിദ്യാർഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നത് ഇവരുടെ സ്ഥിരം സ്വഭാവമാണെന്നാണ് ജീവശാസ്ത്ര വിഭാഗത്തിലെ വിദ്യാർഥികളുടെ പരാതി. നാലു ഗവേഷണ വിദ്യാർഥികൾ ഷാമിനക്കെതിരെ പരാതികൾ നൽകിയിട്ടുണ്ട്. ഷാമിനയുടെ കീഴിൽ ഗവേഷണം നടത്തുന്നവരാണ് പരാതി നൽകിയ നാലുപേരും.

ആരോപണവിധേയരായ അധ്യാപകരെ രണ്ടുപേരെയും രണ്ടാഴ്ചയായി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ് എഫ് ഐ, ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ(എ കെ ആർ എസ് എ ) എന്നീ സംഘടനകൾ പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല വൈസ് ചാൻസലറെ ഘെരാവോ ചെയ്തിരുന്നു.

വിദ്യാർഥി സമരം ശക്തമായതിനെ തുടർന്ന് സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇരുവരെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം എടുത്തത്. വിശദമായ അന്വേഷണത്തിനായി ഭാഷാ വിഭാഗം ഡീനായ ഡോ. കെ കെ ഗീതാകുമാരിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതിക്കും രൂപം കൊടുത്തിട്ടുണ്ട്. സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം.