രാജ്യത്തിൻ്റെ പേര് മാറ്റണം; ‘ഇന്ത്യ’ വേണ്ട, ‘ഭാരത് ‘ മതി – ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അസുഖകരമായ ഭാരം പേറുന്നതാണെന്നും സാംസ്കാരികമായ ഔന്നത്യം ഉയർത്തിക്കാട്ടുന്ന ഭാരതം എന്ന പേരാണ് രാജ്യത്തിന് അനുയോജ്യമെന്നും ചൂണ്ടിക്കാണിച്ചുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഞങ്ങൾക്കത് ചെയ്യാനാവില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഭാരത് എന്ന പേര് ഭരണഘടനയിൽ തന്നെ ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു. നമഹ എന്നയാളാണ് രാജ്യത്തിൻ്റെ പേര് ഭാരതം എന്നാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വ. അശ്വിൻ വൈഷ് ആണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഇന്ത്യ ഗ്രീക്ക് പദമായ More
 

ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അസുഖകരമായ ഭാരം പേറുന്നതാണെന്നും സാംസ്കാരികമായ ഔന്നത്യം ഉയർത്തിക്കാട്ടുന്ന ഭാരതം എന്ന പേരാണ് രാജ്യത്തിന് അനുയോജ്യമെന്നും ചൂണ്ടിക്കാണിച്ചുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ഞങ്ങൾക്കത് ചെയ്യാനാവില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഭാരത്‌ എന്ന പേര് ഭരണഘടനയിൽ തന്നെ ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

നമഹ എന്നയാളാണ് രാജ്യത്തിൻ്റെ പേര് ഭാരതം എന്നാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വ. അശ്വിൻ വൈഷ് ആണ് പരാതിക്കാരനു വേണ്ടി ഹാജരായത്.

ഇന്ത്യ ഗ്രീക്ക് പദമായ ഇൻഡിക്കയിൽ നിന്ന് ഉദ്ഭവിച്ചതാണ്. അത് കൊളോണിയൽ ഭാരം പേറുന്ന പദമാണ്. രാജ്യത്തിൻ്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ അത് പ്രതിഫലിപ്പിക്കുന്നില്ല.

രാജ്യത്തിൻ്റെ മൗലികവും ആധികാരികവും ആയ പേര് ‘ഭാരതം’ എന്നതാണ്. ആ പേരിലേക്ക് മാറാൻ അനുയോജ്യമായ സമയമാണിത്. നമ്മുടെ നഗരങ്ങൾ പലതും അവയുടെ മൗലികമായ പേരിലേക്ക് മടങ്ങുകയാണ്. നമ്മുടെ പൂർവ്വികർ പോരാടി നേടിയ സ്വാതന്ത്ര്യത്തെ നീതീകരിക്കാനും ഭാരതം എന്ന അതിൻ്റെ പഴയ പേരിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും ഹർജിക്കാരൻ വാദിച്ചു.

അനുകൂലമായ എന്തെങ്കിലും ഇടപെടലുകൾക്ക് വിസമ്മതിച്ചെങ്കിലും, പ്രസ്തുത ആവശ്യം കേന്ദ്ര സർക്കാറിനു മുന്നിൽ ഒരു നിവേദനമായി സമർപ്പിക്കാൻ ഹർജിക്കാരന് കോടതി അനുമതി നല്കി. 2016-ലും സമാനമായ ആവശ്യം മുൻനിർത്തി പരിഗണനയ്ക്കു വന്ന ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു.