ഋഷി കപൂർ വിടവാങ്ങി

വിഖ്യാതമായ ഒട്ടേറെ ചിത്രങ്ങളിലൂടെ ബോളിവുഡിൽ താരമായി തിളങ്ങിയ പ്രശസ്ത അഭിനേതാവ് ഋഷി കപൂർ ഇനി ദീപ്തമായ ഓർമ. അർബുദ രോഗബാധയെ തുടർന്നാണ് അന്ത്യം. 67 വയസ്സായിരുന്നു. രണ്ടു വർഷം മുമ്പാണ് കാൻസർ സ്ഥിരീകരിച്ചത്. ഒരു വർഷത്തോളം ന്യൂയോർക്കിലായിരുന്നു ചികിത്സ. പിന്നീട് ഇന്ത്യയിൽ മടങ്ങിയെത്തി ചികിത്സ തുടർന്നു. എച്ച് എൻ റിലയൻസ് ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം. 1952-ൽ നടനും സംവിധായകനുമായ രാജ് കപൂറിൻ്റെയും കൃഷ്ണ രാജ് കപൂറിൻ്റെയും രണ്ടാമത്തെ മകനായി മുംബൈയിലാണ് ജനനം. നീതു സിങ്ങാണ് ഭാര്യ. പ്രശസ്ത More
 

വിഖ്യാതമായ ഒട്ടേറെ ചിത്രങ്ങളിലൂടെ ബോളിവുഡിൽ താരമായി തിളങ്ങിയ പ്രശസ്ത അഭിനേതാവ് ഋഷി കപൂർ ഇനി ദീപ്തമായ ഓർമ. അർബുദ രോഗബാധയെ തുടർന്നാണ് അന്ത്യം. 67 വയസ്സായിരുന്നു. രണ്ടു വർഷം മുമ്പാണ് കാൻസർ സ്ഥിരീകരിച്ചത്. ഒരു വർഷത്തോളം ന്യൂയോർക്കിലായിരുന്നു ചികിത്സ. പിന്നീട് ഇന്ത്യയിൽ മടങ്ങിയെത്തി ചികിത്സ തുടർന്നു. എച്ച് എൻ റിലയൻസ് ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.

1952-ൽ നടനും സംവിധായകനുമായ രാജ് കപൂറിൻ്റെയും കൃഷ്ണ രാജ് കപൂറിൻ്റെയും രണ്ടാമത്തെ മകനായി മുംബൈയിലാണ് ജനനം. നീതു സിങ്ങാണ് ഭാര്യ. പ്രശസ്ത നടൻ രൺബീർ സിങ്ങ്, റിദ്ദിമ കപൂർ സഹാനി എന്നിവരാണ് മക്കൾ. സഹോദരൻ രൺധീർ കപൂറിൻ്റെ മക്കളാണ് ബോളിവുഡിലെ സൂപ്പർ താരങ്ങളായ കരിഷ്മ കപൂറും കരീന കപൂറും.

ബാലതാരമായാണ് ഋഷി കപൂർ അഭിനയ രംഗത്തെത്തുന്നത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത മേരാ നാം ജോക്കർ (1970) മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിക്കൊടുത്തു. 1973-ൽ പുറത്തിറങ്ങിയ ബോബിയാണ് കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രം. ബോബിയിലെ മികച്ച പ്രകടനം ഫിലിം ഫെയർ അവാർഡുൾപ്പെടെ നേടിക്കൊടുത്തു.

ദീവാന, ലൈല മജ്നു, റഫു ചക്കർ, സർഗം, പ്രേം രോഗ്, ഹണിമൂൺ, ചാന്ദ്നി, ഹീന, ബോൽ രാധ ബോൽ, യേ വാദ രാഹ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

പ്രതിഭയുടെ പവർഹൗസായിരുന്നു ഋഷി കപൂറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു.

“ഋഷികപൂർ വിടവാങ്ങി. ഞാനാകെ തകർന്നു പോയി” എന്നാണ് അമിതാഭ് ബച്ചൻ്റെ ട്വിറ്റർ സന്ദേശം. 2018-ൽ 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെ 27 വർഷത്തിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

വിമർശനങ്ങളെയും വിവാദങ്ങളെയും ഭയക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഋഷി കപൂർ. സ്വന്തം അഭിപ്രായവും നിലപാടുകളും തുറന്നു പറയാൻ അദ്ദേഹം മടിച്ചില്ല. മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നപ്പോൾ അതിനെതിരെ വന്ന ശ്രദ്ധേയമായ ആദ്യ പ്രതികരണം ഋഷി കപൂറിൻ്റേതായിരുന്നു. ഞാൻ ബീഫ് കഴിക്കുന്ന ഹിന്ദുവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

മതത്തേയും ഭക്ഷണത്തേയും കൂട്ടിക്കുഴയ്ക്കുന്നതിലുള്ള അതൃപ്തിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ബീഫ് വിവാദത്തിൽ പ്രകോപനപരമായ വെല്ലുവിളികളുമായി ഹിന്ദു വർഗീയ വാദികൾ രംഗത്തു വന്നെങ്കിലും സ്വന്തം നിലപാടിൽ ഉറച്ചു നില്ക്കുകയായിരുന്നു അദ്ദേഹം.