സി.ഡി.എം.ആര്‍.പി.ക്ക് യുനെസ്‌കോ ചെയര്‍ അംഗീകാരം

ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യനീതി വകുപ്പിന് കീഴില് കാലിക്കറ്റ് സര്വകലാശാല മനശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജന്റ് ആന്റ് റീഹാബിലിറ്റേഷന് പ്രോഗ്രാമിന് (സി.ഡി.എം.ആര്.പി) ഐക്യരാഷ്ട്ര സഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയുടെ യുനെസ്കോ ചെയര് പദവി ലഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. സാമൂഹ്യ അധിഷഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില് യുനെസ്കോ ചെയര് പദവി ലഭിക്കുന്ന ലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആര്.പി. സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയിലെ കാര്യക്ഷമവും More
 

ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്‍.പി) ഐക്യരാഷ്ട്ര സഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനെസ്‌കോ ചെയര്‍ പദവി ലഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സാമൂഹ്യ അധിഷഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്‌കോ ചെയര്‍ പദവി ലഭിക്കുന്ന ലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആര്‍.പി. സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയിലെ കാര്യക്ഷമവും മികവുറ്റതുമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഡി.എം.ആര്‍.പി.യെ ചെയര്‍ അംഗീകരിച്ചത്. സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സാ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികവിന്റെ കേന്ദ്രമായി ഈ യുനസ്‌കോ ചെയര്‍ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാരുടെ പരിപാലന പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവയുടെ പരസ്പര സഹകരണം ഈ കേന്ദ്രത്തിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.

കോഴിക്കോട് മലപ്പുറം കണ്ണൂര്‍ ജില്ലകളിലായി പത്തോളം കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകളും സര്‍വകലാശാല മനശാസ്ത്ര വിഭാഗത്തിലെ അഡ്വാന്‍സ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കും കഴിഞ്ഞ 4 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ 8200ത്തോളം ഗുണഭോക്താക്കളാണ് ഈ പദ്ധതിക്ക് കീഴിലുള്ളത്. ബുദ്ധിവികാസ വൈകല്യം സംഭവിച്ച പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്കുളള സമഗ്രവും സുസ്ഥിരവുമായ തെറാപ്പി സംവിധാനങ്ങളും മുതിര്‍ന്ന ഭിന്നശേഷി ക്കാര്‍ക്കുള്ള ലൈഫ് സ്‌കില്‍ ടെയിനിംഗും കൂടാതെ അധ്യാപകര്‍, മറ്റ് പ്രൊഫഷണലുകള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ഭിന്നശേഷി മേഖലയിലെ ഗവേഷണവും നടന്നു വരുന്നു. കോവിഡ് 19ന്റെ കാലത്ത് ഭിന്നശേഷിക്കാര്‍ക്കായി ടെലി റിഹാബിലിറ്റേഷന്‍ പദ്ധതി ഉള്‍പ്പെടെ വ്യത്യസ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടന്നുവരുന്നു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനായിരുന്നു. ഇതുകൂടാതെ കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന് എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ 2018ലും ദേശീയ പുരസ്‌കാരം ലഭിച്ചു.