സര്‍വകലാശാല പരീക്ഷ മാറ്റിവെയ്ക്കണം: കെ സുധാകരന്‍ 

 

കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്കിയിട്ടില്ല.ഇത് സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ന്യായമാണ്.വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ വന്ന് ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യര്‍ത്ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്നു നടിച്ചാണ് സര്‍വകലാശാലാ പരീക്ഷകള്‍ക്ക് പച്ചക്കൊടി കാട്ടുന്നത്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ഉയര്‍ന്നിരിക്കുകയും കോവിഡ് ഡെല്‍റ്റാ വകഭേദം പടരുകയും  ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍. ലോക്ക് ഡൗണ്‍ നിയന്ത്രണം തുടരുന്നതിനാല്‍  യാത്രാസൗകര്യവും നിലവിലില്ല.എന്നിട്ടും കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 30 മുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.കോഴിക്കോട് സര്‍വകലാശാല നാലും അഞ്ചും സെമസ്റ്റര്‍  പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിക്കാതെ ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ ഒരുങ്ങുന്നു.  എന്നാല്‍,  സര്‍ക്കാരും സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

മഹാരാഷ്ട്ര,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.അതേമാതൃക പിന്തുടര്‍ന്ന് പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.