ഗവർണറുടെ പ്രവർത്തികൾ പദവിയുടെ അന്തസ്സിനു നിരക്കാത്തത്: സുധീരൻ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ വഹിക്കുന്ന ഗവർണർ പദവിയുടെ അന്തസ്സിനും ഔചിത്യ മര്യാദകൾക്കും നിരക്കാത്ത പ്രവർത്തികൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് ആ മഹനീയ പദവിക്ക് തീരാകളങ്കമാണ് എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് ഭരണഘടനാപരമായ സാധുതയില്ലെന്ന പുത്തൻ വ്യാഖ്യാനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ള ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിനെ വെള്ളപൂശാനുള്ള വ്യഗ്രതയിൽ പാർലമെൻററി തത്വങ്ങളുടെ പ്രാഥമിക പാഠങ്ങൾ പോലും വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാന നിയമസഭയ്ക്ക് ഏതൊരു More
 

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ വഹിക്കുന്ന ഗവർണർ പദവിയുടെ അന്തസ്സിനും ഔചിത്യ മര്യാദകൾക്കും നിരക്കാത്ത പ്രവർത്തികൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് ആ മഹനീയ പദവിക്ക് തീരാകളങ്കമാണ് എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് ഭരണഘടനാപരമായ സാധുതയില്ലെന്ന പുത്തൻ വ്യാഖ്യാനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ള ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിനെ വെള്ളപൂശാനുള്ള വ്യഗ്രതയിൽ പാർലമെൻററി തത്വങ്ങളുടെ പ്രാഥമിക പാഠങ്ങൾ പോലും വിസ്മരിച്ചിരിക്കുകയാണ്.

സംസ്ഥാന നിയമസഭയ്ക്ക് ഏതൊരു പ്രശ്നത്തിനും പ്രമേയത്തിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. കേന്ദ്ര സർക്കാരിന്റെ പല തീരുമാനങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് നേരത്തെയും പ്രമേയങ്ങൾ പാസാക്കിയിട്ടുള്ളതാണ്.

പാർലമൻ്റേറിയനായി പ്രവർത്തന പാരമ്പര്യമുള്ള ആരിഫ് മുഹമ്മദ് ഖാന് ഇതൊക്കെ തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഉണ്ടെന്നാണ് ഏവരും വിശ്വസിക്കുന്നത്. പക്ഷേ മോഡി-അമിത് ഷാ ടീമിനെ പ്രീണിപ്പിക്കാനുള്ള അമിത ആവേശത്തിൽ ഇതൊക്കെ കണക്കിലെടുക്കാൻ തയ്യാറാകാതെ പോയി, സുധീരൻ പറഞ്ഞു.

ഓരോ നിയമനിർമ്മാണ സഭയ്ക്കും അതിന്റെതായ സ്വാതന്ത്ര്യവും അവകാശങ്ങളും ഭരണഘടനാപരമായി തന്നെ ഉണ്ടെന്നത് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതൊക്കെ അവഗണിച്ചു കൊണ്ടുള്ള ഗവർണറുടെ നടപടി ആ പദവിയുടെ നിലവാര തകർച്ചയാണ് കാണിക്കുന്നത്.

ചരിത്രത്തിൽ ഇന്നേവരെ ഒരു ഗവർണറും ചെയ്യാത്ത തെറ്റായ രീതിയിൽ ബിജെപിയുടെ വക്താവായി മാറി താൻ വഹിക്കുന്ന അത്യുന്നത പദവിയുടെ സർവ്വ അന്തസ്സും കളഞ്ഞു കുളിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇനിയെങ്കിലും ഗവർണർ പദവി ഒഴിഞ്ഞ് രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിന് മുതിരുന്നതാണ് ഉചിതമായിട്ടുള്ളത്, അദ്ദേഹം അഭിപ്രായപ്പെട്ടു.