സംശയിക്കുന്ന എല്ലാവരിലും ടെസ്റ്റുകൾ നടത്തണമെന്ന് ലോകാരോഗ്യ സംഘടന; നിർദേശം യുക്തിസഹമല്ലെന്ന് ഇന്ത്യ

മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനും സംശയിക്കുന്ന മുഴുവൻ രോഗികളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ സംഘടനയുടെ നിർദേശം യുക്തിസഹമല്ലെന്ന നിലപാടിലാണ് ഇന്ത്യ. ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ ഡബ്ള്യു എച്ച് ഒ ഡയറക്ടർ തെദ്രോസ് ഗബ്രിയേസസ് ആണ് ലോകരാജ്യങ്ങളോട് കൊറോണ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംശയിക്കുന്ന മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടത്. അതീവ നിർണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന മുഴുവൻ പേരെയും More
 

മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനും സംശയിക്കുന്ന മുഴുവൻ രോഗികളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ സംഘടനയുടെ നിർദേശം യുക്തിസഹമല്ലെന്ന നിലപാടിലാണ് ഇന്ത്യ.
ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ ഡബ്ള്യു എച്ച് ഒ ഡയറക്ടർ തെദ്രോസ്‌ ഗബ്രിയേസസ് ആണ് ലോകരാജ്യങ്ങളോട് കൊറോണ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംശയിക്കുന്ന മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടത്.

അതീവ നിർണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന മുഴുവൻ പേരെയും എത്രയും വേഗം കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ചൈനയിലും ദക്ഷിണ കൊറിയയിലും സിംഗപ്പൂരിലും ഈ തന്ത്രമാണ് വിജയിച്ചത്. സംശയിക്കുന്ന എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കിയേ മതിയാവൂ എന്നും അന്ധരായി നിന്ന് ഈ മഹാമാരിക്കെതിരെയുള്ള യുദ്ധം വിജയിക്കാനാവില്ലെന്നും തെദ്രോസ്‌ ഗബ്രിയേസസ് പറഞ്ഞു.

നിലവിൽ പ്രതിദിനം ആറായിരത്തോളം ടെസ്റ്റുകൾ നടത്താനുള്ള ശേഷിയേ രാജ്യത്തിന് ഉള്ളൂവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ വൈറോളജിരോഗ വിഭാഗം ശാസ്ത്രജ്ഞയായ നിവേദിത ഗുപ്ത പറഞ്ഞു. ഒന്നര ലക്ഷം ടെസ്റ്റ് കിറ്റുകൾ രാജ്യത്ത് സ്റ്റോക്കുണ്ട്. പത്ത് ലക്ഷം കിറ്റുകൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്.

കൊറോണ വൈറസിനെ നേരിടാൻ രാജ്യം പിന്തുടരുന്നത് നിയന്ത്രിത ടെസ്റ്റിംഗ് ആണ്. നിലവിൽ ലോകത്ത് ഏറ്റവും കുറവ് ടെസ്റ്റുകൾ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. മാർച്ച് പതിമൂന്നുവരെ ആറായിരത്തിൽ താഴെ മാത്രം ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്.

ആഗോളതലത്തിൽ ഇതേവരെ 1,82,406 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 7,154 പേർ ഇതേവരെ മരണമടഞ്ഞു. 125 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യയിൽ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുള്ള ഔദ്യോഗിക കണക്കുകളിൽ പറയുന്നതിനേക്കാൾ അധികമാളുകളിൽ രോഗബാധ ഉള്ളതായി ഈ രംഗത്തെ വിദഗ്‌ധർ സംശയിക്കുന്നു.

ബാധിക്കപ്പെട്ട രാജ്യങ്ങളിൽ യാത്രകൾ നടത്തി തിരികെ വന്നവർ, രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എന്നിവർക്ക് മാത്രമേ നിലവിൽ രാജ്യത്ത് കൊറോണ ടെസ്റ്റുകൾ നടത്തുന്നുള്ളൂ. ഇത്തരം ടെസ്റ്റിംഗ് വേണ്ടത്ര ഫലപ്രദമല്ലെന്നും ഒരു സമൂഹമാകെ രോഗവാഹകരാവാനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ടെന്നുമാണ് വിദഗ്ധമതം.