കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകനെ ഭർത്താവ് പിടികൂടി

പ്രണയത്തിലും യുദ്ധത്തിലും എന്തുമാവാം എന്നാണ് പഴമൊഴി. അതിൽ എത്രത്തോളം ശരിയുണ്ട്, തെറ്റുണ്ട് എന്നതൊക്കെ അവിടെ നില്ക്കട്ടെ. കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിൽ കാമുകീകാമുകന്മാർ എന്തെല്ലാം ചെയ്തുകൂട്ടും എന്നതിന് ഒരു പിടിയുമില്ല. അത്തരം ഒരു കൗതുക വാർത്തയാണ് മെക്സിക്കോയിൽ നിന്നും വരുന്നത്. ആൽബർട്ടോ എന്നു പേരുള്ള രഹസ്യ കാമുകനാണ് ഈ കഥയിലെ ഹീറോ. വില്ലാസ് ഡെൽ പ്രാഡോയിലെ ടിജുവാനയിലുളള തൻ്റെ കാമുകിയുടെ വീട്ടിലേക്കാണ് ആൽബർട്ടോ പണിപ്പെട്ട് ഒരു നീണ്ട തുരങ്കം നിർമിച്ചത്. ആൽബർട്ടോയുടെ കാമുകിയുടെ ഭർത്താവിന് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി More
 

പ്രണയത്തിലും യുദ്ധത്തിലും എന്തുമാവാം എന്നാണ് പഴമൊഴി. അതിൽ എത്രത്തോളം ശരിയുണ്ട്, തെറ്റുണ്ട് എന്നതൊക്കെ അവിടെ നില്ക്കട്ടെ. കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിൽ കാമുകീകാമുകന്മാർ എന്തെല്ലാം ചെയ്തുകൂട്ടും എന്നതിന് ഒരു പിടിയുമില്ല. അത്തരം ഒരു കൗതുക വാർത്തയാണ് മെക്സിക്കോയിൽ നിന്നും വരുന്നത്.

ആൽബർട്ടോ എന്നു പേരുള്ള രഹസ്യ കാമുകനാണ് ഈ കഥയിലെ ഹീറോ. വില്ലാസ് ഡെൽ പ്രാഡോയിലെ ടിജുവാനയിലുളള തൻ്റെ കാമുകിയുടെ വീട്ടിലേക്കാണ് ആൽബർട്ടോ പണിപ്പെട്ട് ഒരു നീണ്ട തുരങ്കം നിർമിച്ചത്. ആൽബർട്ടോയുടെ കാമുകിയുടെ ഭർത്താവിന് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിയാണ്. ഭർത്താവറിയാതെ കാമുകിയുമായി കണ്ടു മുട്ടാനുള്ള രഹസ്യ പാതയായിരുന്നു ഈ തുരങ്കം.

ഒരു ദിവസം അപ്രതീക്ഷിതമായി ജോലി കഴിഞ്ഞ് നേരത്തേ വീട്ടിലെത്തിയ ഭർത്താവ് ജോർജ് ഇരുവരേയും കൈയോടെ പിടികൂടി. ആൽബർട്ടോ എന്ന കള്ളക്കാമുകൻ ഒരു സോഫയുടെ പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. അയാളെ പിടികൂടിയ ഭർത്താവ് വീടിനടിയിലേക്കുള്ള ദ്വാരം കണ്ടെത്തി. അതൊരു തുരങ്കമാണെന്നും തിരിച്ചറിഞ്ഞു. അതിലൂടെ പോയി നോക്കിയപ്പോൾ ചെന്നെത്തിയത് ആ കള്ളക്കാമുകൻ്റെ വീട്ടിലും!

ടണൽ വഴി ജോർജ് വീട്ടിലെത്തിയപ്പോൾ, സ്വന്തം ഭാര്യയിൽനിന്ന് ഇക്കാര്യം മറച്ചുവെയ്ക്കാൻ ആൽബർട്ടോ പാടുപെട്ടു. വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ആൽബർട്ടോ അദ്ദേഹത്തോട് അഭ്യർഥിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കാര്യങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. വാക്കേറ്റം കയ്യേറ്റമായി.

ഒടുവിൽ അതൊരു മല്ലയുദ്ധത്തിൽ തന്നെ കലാശിച്ചു. ഭർത്താക്കന്മാരെ പിടിച്ചു മാറ്റാൻ നാട്ടുകാർക്ക് പൊലീസുകാരുടെ സഹായം തേടേണ്ടിവന്നു. അതോടെ അരമന രഹസ്യം അങ്ങാടിപ്പാട്ടായി. തുരങ്കത്തിന്റെ വലിപ്പമോ നീളമോ സംബന്ധിച്ച വിശദാംശങ്ങൾ മെക്സിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രവേശന കവാടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്.