പി ബാലചന്ദ്രന് അന്ത്യാഞ്ജലി

നടനും നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ(69) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു. സംസ്കാരം വൈക്കത്തെ വസതിയിൽ വൈകീട്ട് 3 മണിക്ക് നടക്കും. ട്രിവാൻഡ്രം ലോഡ്ജ്, അന്നയും റസൂലും, ബ്യൂട്ടിഫുൾ, കടൽകടന്നൊരു മാത്തുക്കുട്ടി, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, നത്തോലി ഒരു ചെറിയ മീനല്ല, അഗ്നിദേവൻ, മലയാളി മാമന് വണക്കം, വക്കാലത്ത് നാരായണൻ കുട്ടി തുടങ്ങി നാൽപതിലേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2012-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച More
 

നടനും നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ(69) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു. സംസ്കാരം വൈക്കത്തെ വസതിയിൽ വൈകീട്ട് 3 മണിക്ക് നടക്കും.

ട്രിവാൻഡ്രം ലോഡ്ജ്, അന്നയും റസൂലും, ബ്യൂട്ടിഫുൾ, കടൽകടന്നൊരു മാത്തുക്കുട്ടി, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, നത്തോലി ഒരു ചെറിയ മീനല്ല, അഗ്നിദേവൻ, മലയാളി മാമന് വണക്കം, വക്കാലത്ത് നാരായണൻ കുട്ടി തുടങ്ങി നാൽപതിലേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2012-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജീവിതമാണ് ചിത്രത്തിന് ആസ്പദമായത്.

ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവർ, അഗ്നിദേവൻ
(വേണു നാഗവള്ളിക്കൊപ്പം), പുനരധിവാസം, മാനസം, പോലീസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് പി ബാലചന്ദ്രൻ്റെ തിരക്കഥയിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പാവം ഉസ്മാൻ, മകുടി, കല്യാണ സൗഗന്ധികം, മായാസീതാങ്കം, പ്രതിരൂപങ്ങൾ, മാറാമറയാട്ടം, നാടകോത്സവം തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. പാവം ഉസ്മാൻ കേരള സാഹിത്യ അക്കാദമി അവാർഡും പ്രതിരൂപങ്ങൾ പ്രൊഫഷണൽ നാടക അവാർഡും നേടി.

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. വൈക്കത്തെ മുൻ നഗരസഭ അധ്യക്ഷ കൂടിയായ ശ്രീലതാ ചന്ദ്രനാണ് ഭാര്യ. ശ്രീകാന്ത് ചന്ദ്രൻ, പാർവതി ചന്ദ്രൻ എന്നിവരാണ് മക്കൾ.