പ്രതിസന്ധിയിലകപ്പെട്ട ജനങ്ങൾക്കു മുമ്പിൽ പ്രയാസങ്ങളകറ്റുന്ന പാക്കേജുകളുടെ രൂപത്തിലാണ് പ്രധാനമന്ത്രി പ്രത്യക്ഷപ്പെടേണ്ടത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മെയ് 3 വരെ വീട്ടിലിരിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചു. കേവലം നാലു മണിക്കൂർ നേരത്തെ ഷോർട്ട് നോട്ടീസിൽ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ചെയ്തത് മാർച്ച് 25-നാണ്. ജനങ്ങൾ ആ തീരുമാനത്തിനൊപ്പം നിന്നു. ഏപ്രിൽ 20 വരെ കർശനമായ നിയന്ത്രണങ്ങളോടെയും അതിനു ശേഷം മേഖലകൾ തിരിച്ച് ചില ഇളവുകളോടെയും മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടാനാണ് പുതിയ തീരുമാനം. ഇതും ജനം അനുസരിക്കും. More
 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മെയ് 3 വരെ വീട്ടിലിരിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചു. കേവലം നാലു മണിക്കൂർ നേരത്തെ ഷോർട്ട് നോട്ടീസിൽ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ചെയ്തത് മാർച്ച് 25-നാണ്. ജനങ്ങൾ ആ തീരുമാനത്തിനൊപ്പം നിന്നു. ഏപ്രിൽ 20 വരെ കർശനമായ നിയന്ത്രണങ്ങളോടെയും അതിനു ശേഷം മേഖലകൾ തിരിച്ച് ചില ഇളവുകളോടെയും മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടാനാണ് പുതിയ തീരുമാനം. ഇതും ജനം അനുസരിക്കും. 

കഴിഞ്ഞ നാലാഴ്ചകൾക്കുള്ളിൽ ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നമ്മുടെ പ്രധാനമന്ത്രി നമ്മോട് പല തവണ സംവദിച്ചിട്ടുണ്ട്. ജനങ്ങൾ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് പറയാനാണ് മോദി മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ജനങ്ങൾക്കു വേണ്ടി സർക്കാർ എന്ത് ചെയ്യുമെന്ന് പറയാനായിരുന്നില്ല.
ലോക്ക് ഡൗൺ മൂലം ജനങ്ങൾ അനുഭവിക്കുന്ന യാതനകളെപ്പറ്റി അറിവില്ലാത്തയാളല്ല നമ്മുടെ പ്രധാനമന്ത്രി. 130 കോടി ജനങ്ങളുള്ള രാജ്യം ഭരിക്കുന്നയാളാണ്. തൊഴിലും ഉപജീവനോപാധികളും നഷ്ടമായവരെപ്പറ്റി, ഉറ്റവരും ഉടയവരും അടുത്തെങ്ങുമില്ലാതെ ഒറ്റപ്പെട്ടുപോയവരെപ്പറ്റി, ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ മേശപ്പുറത്ത് തത്സമയം എത്തിച്ചേരുന്നുണ്ടാകും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തങ്ങൾ നേരിടുന്ന കടുത്ത പ്രതിസന്ധികളെപ്പറ്റി സംസ്ഥാന മുഖ്യമന്ത്രിമാർ അടിക്കടി അദ്ദേഹത്തിന് കത്തെഴുതുന്നുണ്ട്. ഫോണിലൂടെ നേരിട്ട് സംസാരിക്കുന്നുണ്ട്.

അതിനാൽ രാജ്യത്തെ സ്ഥിതിഗതികളെപ്പറ്റി  നരേന്ദ്രമോദിയെന്ന ഭരണാധികാരി നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട് എന്ന് തന്നെ ന്യായമായും കരുതാം. 

എന്നിട്ടും ജനങ്ങൾ എന്തു ചെയ്യണം എന്നല്ലാതെ സർക്കാർ ജനങ്ങൾക്കു വേണ്ടി എന്തു ചെയ്യുമെന്ന് മോദി ഇതേവരെ പറയാത്തത് എന്തുകൊണ്ടാവും?  പല തവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിട്ടും, ഈ മഹാമാരിയെ നേരിടാൻ, കോടാനുകോടി മനുഷ്യരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ എന്തു ചെയ്യും എന്നതിനെപ്പറ്റി അദ്ദേഹം സംസാരിക്കാതിരിക്കുന്നത് എന്തുകൊണ്ടാവും? ജനങ്ങൾ മാത്രമാണോ എന്തെങ്കിലും ചെയ്യേണ്ടത്? സർക്കാറിന് ഒന്നുംതന്നെ ചെയ്യാനില്ലേ?

ലോക്ക് ഡൗൺ പിരീഡ് ഏതാണ്ട്  പാതി പിന്നിട്ട സമയം. തൊഴിലും കിടപ്പാടവും ഭക്ഷണവുമില്ലാതെ പൊറുതി മുട്ടിയ കുടിയേറ്റ തൊഴിലാളികൾ രാജ്യ തലസ്ഥാനത്തു നിന്ന് കൂട്ട പലായനത്തിന് ഒരുമ്പെട്ട നാളുകൾ. ആ ദിവസങ്ങളിലൊന്നിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നു. ജനങ്ങൾ  ആകാംക്ഷാഭരിതരായി. രാജ്യം മുഴുവൻ ടെലിവിഷനു മുന്നിൽ കുത്തിയിരുന്നു. ബീഹാറിലെയും യു പി യിലെയും അടക്കം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾ, തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റി പറയാനാണ് പ്രധാനമന്ത്രി ടി വി യിൽ വരുന്നതെന്ന് കരുതി. തൊഴിൽ നഷ്ടമായവർക്കും പട്ടിണി കിടക്കുന്നവർക്കും കിടപ്പാടം പോയവർക്കുമുള്ള പദ്ധതികൾ പ്രഖ്യാപിക്കാനാണ് മോദി ഒരുങ്ങുന്നതെന്ന് രാജ്യം മുഴുവൻ പ്രതീക്ഷിച്ചു. പ്രതീക്ഷകൾ വാനോളം ഉയർന്ന സമയം. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിരുദ്ധമായി രാജ്യത്തെ മുഴുവൻ ലൈറ്റുകളും അണച്ച് ടോർച്ചുകൾ കത്തിക്കാനുള്ള വിചിത്രമായ ആവശ്യവുമായാണ് രാജ്യത്തിൻ്റെ തലവൻ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി സംസാരിക്കാൻ ഒരുങ്ങുന്നു എന്ന് കേട്ടതോടെ മനസിൽ പ്രത്യാശയുടെ ദീപങ്ങൾ തെളിയിച്ച് കാത്തിരുന്ന ജനങ്ങളുടെ മുമ്പിൽ ഇരുട്ടിൻ്റെ സന്ദേശവുമായാണ്  മോദി അവതരിച്ചത്. പ്രായോഗികമായ ആവശ്യങ്ങളെ  പ്രതീകാത്മകത കൊണ്ട് പകരം വയ്ക്കാനാവുമോ? 

ഏതു കാലത്തും, ഏതു രാജ്യത്തും പ്രതിസന്ധി ഘട്ടങ്ങൾ ഉടലെടുക്കുമ്പോൾ ജനങ്ങളോട് ഒന്നിച്ചു നില്ക്കണമെന്ന സന്ദേശം നല്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കാറുണ്ട്. ഒരുമയുടെ അത്തരം സന്ദേശങ്ങൾ ജനങ്ങൾക്ക് പകർന്നു നല്‌കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ കണ്ണടച്ച് ഇരുട്ടാക്കുന്ന ഭാവനാശൂന്യനായ നേതാവിനെയല്ല കടുത്ത പ്രതിസന്ധികളുടെ കാലത്ത് ജനം ആഗ്രഹിക്കുന്നത്. മറിച്ച് പ്രയാസങ്ങൾക്ക് പ്രായോഗിക പരിഹാരം മുന്നോട്ടുവയ്ക്കുന്ന കാര്യക്ഷമതയുള്ള ഭരണാധികാരിയെ ആണ്. അതിജീവനത്തിനായി പെടാപ്പാട് പെടുന്ന ജനതയ്ക്കു മുന്നിൽ പ്രയാസങ്ങളകറ്റുന്ന പാക്കേജുകളുടെ രൂപത്തിലായിരുന്നു പ്രധാനമന്ത്രി പ്രത്യക്ഷപ്പെടേണ്ടിയിരുന്നത്. 

എന്തു ചെയ്യണം എന്ന് ജനങ്ങൾക്കറിയാം. എന്നാൽ എന്തു ചെയ്യണം എന്ന ധാരണ സർക്കാറിനുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. റേഷൻ പദ്ധതി സാർവത്രികമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാണോ? ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ദശലക്ഷണക്കണക്കിന്  ടൺ ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണോ? ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനങ്ങളെ ശാക്തീകരിക്കാൻ സർക്കാർ തയ്യാറാണോ? സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള പതിനായിരക്കണക്കിന് കോടി രൂപയുടെ കുടിശ്ശിക  തീർത്തു കൊടുക്കാൻ  കേന്ദ്ര സർക്കാർ സന്നദ്ധമാണോ? ആവർത്തിച്ചുള്ള പ്രളയവും മറ്റനേകം പ്രതിസന്ധികളും മൂലം കടക്കെണിയിൽ പെട്ട് കിടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടക്കേണ്ടാത്ത ഗ്രാൻ്റുകൾ നല്കി സഹായിക്കാൻ കേന്ദ്രം തയ്യാറാകുമോ?

പ്രളയകാലത്ത് വിദേശ സഹായം സ്വീകരിക്കാൻ ശ്രമിച്ച കേരളത്തിൻ്റെ വഴി മുടക്കിയത് മോദി സർക്കാറാണ്. ഇപ്പോൾ പി എം കെയേഴ്സ് വഴി സ്വന്തം നിലയ്ക്ക്  ഫണ്ടുകൾ സ്വരുക്കൂട്ടുന്ന കേന്ദ്രം അങ്ങിനെ ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നല്കുമോ? ആരോഗ്യ മേഖലയെ സുശക്തമാക്കാൻ എന്തെങ്കിലും പ്രത്യേക പദ്ധതികൾ സർക്കാറിൻ്റെ പക്കലുണ്ടോ? ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പി പി ഇ കിറ്റുകൾ ആവശ്യത്തിന് സ്റ്റോക്കുണ്ടോ? സാമൂഹ്യ വ്യാപനം ഉണ്ടായാൽ നേരിടാൻ രാജ്യം സുസജ്ജമാണോ? പി സി ആർ ടെസ്റ്റുകളും റാപ്പിഡ് ടെസ്റ്റുകളുമടക്കം ആവശ്യത്തിന് ടെസ്റ്റിങ്ങ് കിറ്റുകൾ രാജ്യത്തുണ്ടോ? ഇക്കാര്യത്തിൽ ഏതു തരത്തിലുള്ള അത്യാപത്തിനെയും നേരിടാനുള്ള ത്രാണിയും കെല്പും രാജ്യത്തിനുണ്ടോ? ആവശ്യത്തിന് വെൻ്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും രാജ്യത്തുണ്ടോ? ഇല്ലെങ്കിൽ അവ സജ്ജമാക്കാൻ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്? കൊറോണ പ്രതിസന്ധിയിൽ അടച്ചു പൂട്ടുന്ന സ്ഥാപനങ്ങളെ രക്ഷിക്കാൻ എന്ത് പദ്ധതിയാണ് സർക്കാറിൻ്റെ പക്കലുള്ളത്? അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ രാജ്യം എങ്ങിനെയാണ് മറികടക്കാൻ പോകുന്നത്? പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന കാർഷിക- വ്യാവസായിക മേഖലക്ക് ആശ്വാസം പകരുന്ന നടപടികൾ സർക്കാർ അടിയന്തിരമായി കൈക്കൊള്ളുമോ? രാജ്യത്തെ കോടിക്കണക്കായ നിത്യ വേലക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന എന്തെങ്കിലും പദ്ധതികൾ കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്ക്കുമോ? 

28 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ 130 കോടിയിലേറെ വരുന്ന ജനങ്ങളുടെ ആശങ്കകളാണ് മേൽപ്പറഞ്ഞവയെല്ലാം. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്ന് ഇന്ത്യൻ ജനത കേൾക്കാൻ ആഗ്രഹിക്കുന്നത്. പിച്ചച്ചട്ടി കയ്യിലെടുത്തു നില്ക്കുന്നവരോട് പാട്ട കൊട്ടാനും ടോർച്ചടിക്കാനും ആവശ്യപ്പെടുന്ന പൊറാട്ട് നാടകങ്ങൾ കണ്ട് മടുത്തു കഴിഞ്ഞു. വിശക്കുന്നവനു മുന്നിൽ ദൈവം പോലും അപ്പത്തിൻ്റെ രൂപത്തിലേ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കൂ എന്നാണ്. വിശ്വാസിയായ മോദി അതും അറിഞ്ഞിരിക്കേണ്ടതാണ്.