പുതിയ കാലത്ത് സാഹിത്യ അക്കാദമി ചെയ്യേണ്ടത്

അക്കാദമികൾ എന്നും മാറ്റത്തിന് ചുക്കാൻ പിടിക്കണം എന്ന് കരുതുന്നവർ അനേകമാണ്. ഈ മാസം ആദ്യത്തിൽ തൃശ്ശൂരിൽ കേരള സാഹിത്യ അക്കാദമി സന്ദർശിക്കാനുള്ള ഒരവസരം എനിക്കുണ്ടായി. കുറെ ഏറെ വർഷങ്ങൾക്കു ശേഷമാണ് എനിക്കിതു സാധ്യമായത്. ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു… പക്ഷെ തികഞ്ഞ നിരാശ തോന്നി! വൈലോപ്പിള്ളി ഹാളിൽ ഒരു അവാർഡുദാനം, കൂടെ കവിയരങ്ങും. അവിടെ കണ്ട പ്ലാസ്റ്റിക്ക് കസേരകൾ തീരെ അരോചകമായി തോന്നി… അതൊക്കെ ഒന്ന് മാറ്റണം. മുളയുടെ കസേരകൾ പണിയിപ്പിക്കാൻ പറ്റില്ലേ? അതും പുതിയ രൂപകൽപ്പനയിൽ തന്നെ More
 

അക്കാദമികൾ എന്നും മാറ്റത്തിന് ചുക്കാൻ പിടിക്കണം എന്ന് കരുതുന്നവർ അനേകമാണ്. ഈ മാസം ആദ്യത്തിൽ തൃശ്ശൂരിൽ കേരള സാഹിത്യ അക്കാദമി സന്ദർശിക്കാനുള്ള ഒരവസരം എനിക്കുണ്ടായി. കുറെ ഏറെ വർഷങ്ങൾക്കു ശേഷമാണ് എനിക്കിതു സാധ്യമായത്. ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു… പക്ഷെ തികഞ്ഞ നിരാശ തോന്നി!

ഷാജൻ സി കുമാർ

വൈലോപ്പിള്ളി ഹാളിൽ ഒരു അവാർഡുദാനം, കൂടെ കവിയരങ്ങും. അവിടെ കണ്ട പ്ലാസ്റ്റിക്ക് കസേരകൾ തീരെ അരോചകമായി തോന്നി… അതൊക്കെ ഒന്ന് മാറ്റണം. മുളയുടെ കസേരകൾ പണിയിപ്പിക്കാൻ പറ്റില്ലേ? അതും പുതിയ രൂപകൽപ്പനയിൽ തന്നെ വേണം. കേരളത്തിൽ ഒരുപാട് യുവാക്കൾ ഉണ്ട് ഇതൊക്കെ ചെയ്യാൻ പഠിച്ചവരായി! ഒന്ന് പരതിയാൽ കണ്ടെത്താൻ ആകും.

വലിയ മുറിയിൽ പുസ്തക പ്രദർശനം നടക്കുന്നുണ്ടായിരുന്നു. വായിക്കാൻ ഏറെ താൽപ്പര്യം ഉള്ളവരെ കൂടി മടുപ്പിക്കുന്ന തരത്തിലുള്ള പ്രദർശനം. ഒന്ന് തരം തിരിച്ചു പോലും വെച്ചിട്ടില്ല. പുതിയ തലമുറയെ ആകർഷിക്കാൻ തക്ക എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റു. വൈശാഖൻ മാഷ് വിചാരിച്ചാൽ അത് സാധിക്കും എന്ന് എനിക്ക് ഉറപ്പാണ്.കേരള സാഹിത്യ അക്കാദമി പരിസരം ഒന്ന് വൃത്തിയാക്കണം. ചുറ്റും പ്രകൃതിയോട് ഇണങ്ങിക്കിടക്കുന്ന തരത്തിലുള്ള ഇരിപ്പിടങ്ങളും കമാനങ്ങളും പണിയണം.

അക്കാദമി പരിസരം WiFi ബന്ധിതമാകണം. ഡിജിറ്റൽ മലയാളം പ്രചരിപ്പിക്കണം. യുവാക്കൾക്കു ഗവേഷണ സൗകര്യങ്ങൾ ഒരുക്കണം.എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഡോക്യൂമെന്ററി പ്രദർശന സൗകര്യം, ഡിജിറ്റൽ മീഡിയ ഇന്നോവേഷൻ ലാബുകൾ തുടങ്ങിയവ ഉണ്ടാവണം. മലയാള സാഹിത്യം പഠിക്കാൻ താല്പര്യമുള്ളവർക്കായി വാരാന്ത്യ ക്ലാസ്സുകൾ ഒരുക്കണം.

കവിയരങ്ങുകൾ, കഥയരങ്ങുകൾ, ശില്പശാലകൾ എല്ലാം നടത്താൻ പറ്റുന്ന തരത്തിൽ, താമസ സൗകര്യത്തോടെ കേരള സാഹിത്യ അക്കാദമി വളർന്നു വരണം.

ഇതൊക്കെ ചെയ്യാൻ പറ്റില്ല എന്ന് പറയരുത്! പറ്റും. പറ്റണം. എങ്കിലേ കേരള സാഹിത്യ അക്കാദമി പുതിയ തലമുറ ഏറ്റെടുക്കുകയുള്ളു.സാഹിത്യ അക്കാദമികൾ പുതിയ തലമുറയെ ആകർഷിക്കാത്തിടത്തോളം കാലം അതിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്.

അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഇനി മുതൽ യൂവാക്കളെ കൂടി ഉൾപ്പെടുത്തണം. കമ്മിറ്റികളിൽ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പ്രതിനിധികൾ ഉറപ്പായും ഉണ്ടായിരിക്കണം.