ബഹിരാകാശ സാങ്കേതികവിദ്യയില്‍ കോവളത്ത് ആഗോള ഉച്ചകോടി

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെ ഉണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും സാമൂഹിക സാമ്പത്തിക വികസനത്തിന് ഇവ എങ്ങനെ കരുത്തു പകരുമെന്ന് ചര്ച്ച ചെയ്യുന്നതിനെക്കുറിച്ചുമുള്ള ദ്വിദ്വിന ആഗോള ഉച്ചകോടിക്ക് തലസ്ഥാനം വേദിയാകുന്നു. ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് കോവളം റാവിസ് ബീച്ച് റിസോര്ട്ടില് ജനുവരി 31 ന് ആരംഭിക്കുന്ന സമ്മേളനത്തില് പങ്കെടുക്കുന്നത്. ഇന്ത്യന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്ഒ ഉള്പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സര്ക്കാര് തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്പെയ്സ് പാര്ക്കിന്റെ ആഭിമുഖ്യത്തിലാണ് ‘നവ ബഹിരാകാശം More
 

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെ ഉണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും സാമൂഹിക സാമ്പത്തിക വികസനത്തിന് ഇവ എങ്ങനെ കരുത്തു പകരുമെന്ന് ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചുമുള്ള ദ്വിദ്വിന ആഗോള ഉച്ചകോടിക്ക് തലസ്ഥാനം വേദിയാകുന്നു. ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് കോവളം റാവിസ് ബീച്ച് റിസോര്‍ട്ടില്‍ ജനുവരി 31 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്പെയ്സ് പാര്‍ക്കിന്‍റെ ആഭിമുഖ്യത്തിലാണ് ‘നവ ബഹിരാകാശം – അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന പ്രമേയത്തിലൂന്നിയ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ), കൊളറാഡോയിലെ ലബോറട്ടറീസ് ഫോര്‍ അറ്റ്മോസ്ഫെറിക് സ്പെയിസ് ഫിസിക്സ് (എല്‍എഎസ് പി), ഓസ്ട്രിയയിലെ സ്പെയിസ് ജനറേഷന്‍ അഡ്വൈസറി കൗണ്‍സില്‍ (എസ് ജി എസി) എന്നീ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രങ്ങള്‍ ഉദ്ഘാടനത്തില്‍ കൈമാറും.

ഇരുപത്തയ്യായിരം മുതല്‍ മൂപ്പതിനായിരം കോടി വരെ ഡോളര്‍ മൂല്യമുള്ള ഇന്നത്തെ ബഹിരാകാശ വ്യവസായ മേഖലയിലെ മാറ്റങ്ങള്‍ ഉച്ചകോടി ചര്‍ച്ചചെയ്യും. വന്‍ദൗത്യങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടിരിക്കുന്ന ഈ മേഖലയില്‍ വമ്പന്‍ സ്വകാര്യനിക്ഷേപകരും കടന്നുവരുന്നുണ്ട്. നൂതനാശയകര്‍ത്താക്കളും ഗവേഷകരും തങ്ങളുടെ ആശയങ്ങളും ധ്രുതഗതിയിലുളള വാണിജ്യവല്‍ക്കരണത്തിനായി നിക്ഷേപിക്കുന്നുണ്ട്.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വിഎസ് എസ് സി ഡയറക്ടര്‍ എസ് സോംനാഥ്, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവും വിഎസ് എസ് സി മുന്‍ ഡയറക്ടറുമായ എം സി ദത്തന്‍, കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അര്‍ബിന്ദ മിത്ര, സിഎന്‍ഇഎസ് കണക്റ്റ് ഇന്നൊവേഷന്‍സ് ഡയറക്ടര്‍ ഡോ. ഗില്ലസ് റാബിന്‍, ആന്‍ട്രിക്സ് സിഎംഡി രാകേഷ് ശശിഭൂഷന്‍, കൊളറാഡോ സര്‍വകലാശാലയിലെ പ്രൊഫ. ഡാനിയേല്‍ ബേക്കര്‍, യുഎഇ തിരുവനന്തപുരം കോണ്‍സല്‍ ജനറല്‍ ജാസ്മല്‍ ഹുസൈന്‍ അല്‍ സാബാല്‍, ഫ്രഞ്ച് കോണ്‍സല്‍ കാതറിന്‍ സുവാര്‍ഡ്, ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ സയന്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ മേധാവി സാറാ ഫാലോണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

ബഹിരാകാശ മേഖലയിലുള്ള സംസ്ഥാനത്തിന്‍റെ സാധ്യത കണക്കിലെടുത്താണ് സ്പെയ്സ് പാര്‍ക്ക് ആവിഷ്കരിക്കുന്നതെന്ന് സംസ്ഥാന ഐടി, ഇലക്ട്രോണിക്സ് സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ നാല്‍പതുശതമാനവും നടക്കുന്നത് തിരുവനന്തപുരത്താണ്. കൂടാതെ രാജ്യത്തെ ഏക ബഹിരാകാശ സര്‍വ്വകലാശാലയുടെ സാന്നിധ്യവും ഇവിടെയുണ്ട്. തലസ്ഥാനത്തെ രാജ്യത്തിന്‍റെ ബഹിരാകാശനഗരമായി ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബഹിരാകാശ മേഖലയും മുന്നിലുള്ള അവസരങ്ങളും’, ‘ബഹിരാകാശ നിക്ഷേപം’, ‘പുതിയ ബഹിരാകാശ നിയമ-നിയന്ത്രണ വെല്ലുവിളികള്‍’, ‘ബഹിരാകാശ ഡേറ്റ: മുന്നിലുള്ള അവസരങ്ങള്‍’, ശാസ്ത്രത്തിനും അക്കാദമിക ദൗത്യങ്ങള്‍ക്കുമുള്ള ബഹിരാകാശ സാങ്കേതികവിദ്യ’ എന്നീ സുപ്രധാന വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക. മേഖലയിലെ വിദഗ്ധരുടേയും സ്റ്റര്‍ട്ടപ് പ്രോത്സാഹകരുടേയും അവതരണങ്ങളും ചര്‍ച്ചകളും ആശയവിനിമയങ്ങളും നടക്കും.

ഐഎസ്ആര്‍ഒ, എയര്‍ബസ്, സിഎന്‍ഇഎസ്, എല്‍എഎസ്പി, സ്പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രതിനിധികളായെത്തും. വിശദവിവരങ്ങള്‍ക്ക്: www.spacepark, Kerala.gov.in/stc. എന്നീ വെബ്സൈറ്റുകളില്‍നിന്നു ലഭിക്കും.

ബഹിരാകാശവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയ്ക്കുള്ള സുപ്രധാന നിര്‍മാണ കേന്ദ്രമായാണ് അത്യാധുനിക സ്പെയ്സ്പാര്‍ക്ക് നോളജ് സിറ്റിയില്‍ യാഥാര്‍ത്ഥ്യമാക്കുക. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമുണ്ട്.

സ്പെയ്സ് പാര്‍ക്കില്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം നോളജ് സെന്‍ററും ബഹിരാകാശ മ്യൂസിയവും വിഎസ്എസ്എസി-യാണ് വികസിപ്പിക്കുന്നത്. മുന്‍ രാഷ്ട്രപതിയും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ അബ്ദുള്‍ കലാമിന്‍റെ സ്മാരകമായി നോളജ് സെന്‍റര്‍ നിലകൊള്ളും.