“ഇന്ത്യ-പാകിസ്ഥാൻ പരമ്പരയിലൂടെ ഫണ്ട്‌ കണ്ടെത്തിക്കൂടേ”? നിർദേശവുമായി ഷോയ്ബ് അക്തർ

കൊറോണയെ തുടർന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നിൽ പണം കണ്ടെത്താൻ മാർഗം നിർദ്ദേശിച്ച് മുൻ പാക്കിസ്ഥാൻ താരം കൂടിയായ ഷോയ്ബ് അക്തർ രംഗത്ത്. കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഫണ്ട് കണ്ടെത്തുന്നതിന് മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഇന്ത്യ–പാക്ക് പോരാട്ടങ്ങൾ എക്കാലത്തും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാകയാൽ ഇതിലൂടെ വൻ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ ദുബായ് പോലുള്ള നിഷ്പക്ഷ വേദിയിൽ More
 

കൊറോണയെ തുടർന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നിൽ പണം കണ്ടെത്താൻ മാർഗം നിർദ്ദേശിച്ച് മുൻ പാക്കിസ്ഥാൻ താരം കൂടിയായ ഷോയ്ബ് അക്തർ രംഗത്ത്. കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഫണ്ട് കണ്ടെത്തുന്നതിന് മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഇന്ത്യ–പാക്ക് പോരാട്ടങ്ങൾ എക്കാലത്തും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാകയാൽ ഇതിലൂടെ വൻ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ ദുബായ് പോലുള്ള നിഷ്പക്ഷ വേദിയിൽ അടച്ചിട്ട വേദിയിൽ മത്സരം നടത്താമെന്നും അക്തർ നിർദ്ദേശിച്ചു. ഇത് ഒരു അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളുടെയും രാഷ്ട്ര തലവൻമാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീർ വിഷയത്തിലുള്ള വിരുദ്ധ നിലപാടുകളെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾ നിർത്തലാക്കിയിട്ട് പതിമൂന്നു വർഷം പിന്നിട്ടു. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് 2007നു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ നടന്നിട്ടില്ല. നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കാറുള്ളൂ. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ഏകദിന പരമ്പരയിലാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തിയത്.

‘ഈ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു പരമ്പര കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തിൽ മത്സരഫലം ആരാധകർക്ക് വിഷമമുണ്ടാക്കാനുള്ള സാധ്യത വിരളം. ഈ പരമ്പരയിൽ വിരാട് കോലി സെഞ്ചുറി നേടിയാൽ ഞങ്ങൾ പാകിസ്ഥാൻക്കാർ സന്തോഷിക്കും. ബാബർ അസം സെഞ്ചുറി നേടിയാൽ നിങ്ങൾ ഇന്ത്യക്കാർക്കും സന്തോഷിക്കാം. കളത്തിൽ എന്തു സംഭവിച്ചാലും ഇരു ടീമുകളും ഒരുപോലെ വിജയികളാകും’ – അക്തർ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാവുന്നതേ ഉള്ളൂവെന്നും അക്തർ അഭിപ്രായപ്പെട്ടു.

‘ഈ മത്സരം ടെലിവിഷനിൽ മാത്രം സംപ്രേക്ഷണം ചെയ്താൽ മതിയാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ വെറുതെയിരിക്കുന്നതിനാൽ ടിവിയിൽപ്പോലും മത്സരം കാണാൻ ഇഷ്ടം പോലെ ആളുണ്ടാകും. ചരിത്രത്തിൽ ആദ്യമായി ഇരു രാജ്യങ്ങൾക്കും ക്രിക്കറ്റിലൂടെ പരസ്പരം സഹായിക്കാനും ഒരവസരമാകും. ഈ മത്സരത്തിൽനിന്ന് ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് ഇന്ത്യ, പാക്കിസ്ഥാൻ സർക്കാരുകൾക്കായി തുല്യമായി വീതിക്കാവുന്നതേയുള്ളൂ’ – അക്തർ ചൂണ്ടിക്കാട്ടി.

‘നിലവിൽ എല്ലാവരും വീടുകളിൽ തന്നെയാണല്ലോ. അതുകൊണ്ടുതന്നെ മത്സരം കാണാൻ നിറയെ പ്രേക്ഷകർ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴല്ലെങ്കിലും സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ദുബായ് പോലുള്ള ഏതെങ്കിലും നിഷ്പക്ഷ വേദിയിൽ മത്സരം നടത്തുന്ന കാര്യം പരിഗണിക്കാം. താരങ്ങള്‍ക്ക് അവിടേക്കു പോകാൻ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്താവുന്നതല്ലേയുള്ളൂ’ – അക്തർ ചോദിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടാനും ഇത്തരമൊരു പരമ്പര വഴിതെളിക്കുമെന്ന് അക്തർ ചൂണ്ടിക്കാട്ടി. ‘നിലവിൽ നിശ്ചലാവസ്ഥയിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും ഇതുവഴി കഴിയും. മാത്രമല്ല, രാഷ്ട്രീയ–നയതന്ത്ര ബന്ധവും മെച്ചപ്പെട്ടാല്ലോ. ആർക്കറിയാം’ – അക്തർ ചൂണ്ടിക്കാട്ടി. ഒരിടത്തും മത്സരങ്ങൾ നടക്കാത്തതിനാൽ ലോകം മുഴുവൻ ഈ പരമ്പര ശ്രദ്ധിക്കുമെന്നും അക്തർ ചൂണ്ടിക്കാട്ടി. ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിലല്ലെങ്കിൽപ്പിന്നെ എപ്പോഴാണ് ക്രിക്കറ്റ് മത്സരങ്ങൾ മനുഷ്യർക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതെന്നും അക്തർ ചോദിച്ചു. ഇത്രയേറെ വെല്ലുവിളി നിറഞ്ഞ സമയത്ത് പരസ്പരം താങ്ങാകാൻ ഇരു രാജ്യങ്ങളും തയാറാകണമെന്നും അക്തർ അഭ്യർഥിച്ചു.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനായി 10,000 വെന്റിലേറ്ററുകൾ നിർമിച്ച് നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൽ ഞങ്ങൾ എക്കാലവും അത് നന്ദിയോടെ സ്മരിക്കും. എന്തായാലും മത്സരം നടത്തുകയെന്ന ആശയം കൈമാറാനേ ഞങ്ങൾക്ക് കഴിയൂ” അക്തർ പറഞ്ഞു.