'അവയവ വിച്ഛേദനരഹിത കേരളം' പ്രചാരണം തുടങ്ങി

 

രക്തക്കുഴല്‍ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രാരംഭത്തില്‍ തിരിച്ചറിഞ്ഞ് അതിവേഗം ഉചിതമായ ചികിത്സ ലഭ്യമാക്കിയാല്‍ 80 ശതമാനം അവയവ വിച്ഛേദനങ്ങളും ഒഴിവാക്കാനാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്ക്) 'അവയവ വിച്ഛേദനരഹിത കേരളം' പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.

പ്രമേഹത്താലുണ്ടാകുന്ന സങ്കീര്‍ണതകളാണ് രക്തക്കുഴല്‍ സംബന്ധമായ രോഗങ്ങളുടെ മുഖ്യകാരണം. വിദ്യാസമ്പന്നര്‍ക്കുപോലും ഇക്കാര്യത്തില്‍ അവബോധമില്ല. ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പ്രമേഹ രോഗികളാണ് രാജ്യത്തുള്ളത്. കേരളത്തിലും പ്രമേഹ ബാധിതര്‍ കൂടുതലാണ്. ഇത് പ്രമേഹ സംബന്ധമായ പാദരോഗങ്ങളിലേക്കും അവയവ വിച്ഛേദനത്തിലേക്കും നയിക്കുന്നു. സംസ്ഥാനത്ത് മുപ്പതു മുതല്‍ അന്‍പതോളം പേരുടെ കാലുകളാണ് പ്രതിദിനം മുറിച്ചുമാറ്റപ്പെടുന്നത്. അംഗപരിമിതരുടെ ജീവിതത്തേയും ആരോഗ്യത്തേയും ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എല്ലാവരും പ്രചാരണത്തിന്‍റെ ഭാഗമാകണമെന്ന് ഗവര്‍ണര്‍ അഹ്വാനം ചെയ്തു.  പ്രമേഹത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കുന്നതിലൂടെ പ്രമേഹത്തിന്‍റെ ദൂഷ്യവശങ്ങളാലോ പുകവലിയാലോ ആരുടേയും കാല്‍ മുറിച്ചു മാറ്റപ്പെടില്ലെന്ന് ഉറപ്പുവരുത്താനാകുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

'അവയവ വിച്ഛേദനരഹിത കേരളം' എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നു വാസ്ക് പ്രസിഡന്‍റും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാസ്കുലര്‍ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആര്‍.സി.ശ്രീകുമാര്‍ പറഞ്ഞു. പ്രമേഹ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതു കാരണം പ്രമേഹ സംബന്ധമായ പാദരോഗങ്ങളും കാല്‍മുറിക്കലും വര്‍ദ്ധിച്ചുവരികയാണ്. അവബോധത്തിന്‍റെ അഭാവമാണ് ഈ ദുരിതത്തിന് കാരണം.   ഇതിലേക്കായി പ്രമേഹ സംബന്ധമായ സങ്കീര്‍ണതകളേയും സംസ്ഥാനത്തെ ചികിത്സാമാര്‍ഗങ്ങളേയും കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് പ്രചാരണ ലക്ഷ്യം. 'അവയവ വിച്ഛേദനരഹിത കേരളം' സാധ്യമാക്കാനായി ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടിക്കാണ് വാസ്ക് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്തക്കുഴല്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പ്രാരംഭത്തില്‍ തന്നെ പ്രത്യേക ചികിത്സ തേടാന്‍ പ്രേരിപ്പിക്കുന്നതിനും കാല്‍മുറിക്കല്‍ പോലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാനുമാണ് വാസ്ക് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. ശ്രീകുമാറും വാസ്കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്‍റ് പ്രൊഫ. ഡോ എം ഉണ്ണിക്കൃഷ്ണനും വാസ്കിന്‍റെ ഉപഹാരം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി  വാസ്കുലര്‍ സര്‍ജറി വിഭാഗം മേധാവി ഡോ.പി ശിവനേശന്‍ നന്ദി പറഞ്ഞു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വാസ്കുലര്‍ സര്‍ജന്‍  ഡോ. ശ്രീറാമും ചടങ്ങില്‍ പങ്കെടുത്തു.