തുമ്പപ്പൂക്കാലം

 

കടുവകളി ഓണക്കാലത്ത് ഹരമായിരുന്നു. സദ്യ കഴിഞ്ഞ് ഞങ്ങൾ കുട്ടികൾ തെക്കടത്തയ്യത്തെത്തും. അപ്പോഴേക്കും സ്ഥലത്തെ പ്രധാന ദിവ്യന്മാർ ചീട്ടുകളി തുടങ്ങിയിരിക്കും. സ്ത്രീജനം തിരുവാതിരകളി തുടങ്ങും.

ഇട്ടമാല അഴകുമാല മാലയിങ്ങു താഴെ വീണാൽ ബാലനെന്നെ കൈവെടിയും...

ഇങ്ങനെ ഗംഭീരമായ തിരുവാതിരപ്പാട്ടുകൾ അന്ന് കേട്ടിരുന്നു. അവിടവിടെ ചില വരികൾ മാത്രമേ ഇന്ന് ഓർമ്മയുള്ളു.

അതൊക്കെ ഓർമ്മയുള്ളവർ ആരെങ്കിലുമുണ്ടാകുമോ ഇന്ന്?

ഓർക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവ എഴുതി സൂക്ഷിക്കേണ്ടതാണ്. വലിയ നിക്ഷേപങ്ങളാകും അത് ഭാവിയിൽ .

കടുവ കെട്ടിനുള്ള ഒരുക്കം രാവിലെ തന്നെ തുടങ്ങും. കടുവ ആരാകുമെന്ന് തീരുമാനിക്കുന്നത് മിക്കപ്പോഴും നറുക്കിട്ടാണ്.

മദ്യത്തിന്റെ വിസ്മയക്കെട്ടിൽ ചില വല്യേട്ടന്മാർ ചീട്ടുകളിസ്ഥലത്തും തിരുവാതിരയിലുമൊക്കെ ആടിയുലഞ്ഞ് നൃത്തം ചെയ്യും.

കുട്ടികൾ കടുവ കെട്ടിനൊപ്പം തലപ്പന്ത് കളി, ഫുഡ്ബോൾ, സാറ്റ് കളി - എന്നിങ്ങനെ പല സംഘങ്ങളായി തിരിയും.

കടുവക്കെട്ടിനുള്ള പാള, പുല്ല്, വാഴവള്ളി - കൊട്ടനൂൽ എന്നിവ നേരത്തേ കരുതിയിട്ടുണ്ടാകും.

ആദ്യ പന്തിയിൽ തന്നെ സദ്യയുണ്ട് ഞങ്ങൾ കടുവ കെട്ടുതുടങ്ങും. നറുക്കു വീഴുന്നവർക്ക് കടുവയാകാം. രാത്രിവരെ വി.ഐ.പി പരിഗണന ലഭിക്കും.

തുള്ളി വെള്ളം കുടിക്കാനാവില്ല രാത്രി വരെ. കടുവയെന്നു പേരുണ്ടെങ്കിലും വിധിയെ തടുക്കാനാവില്ലെല്ലോ.

അന്നൊരു നാൾ; 35 വർഷങ്ങൾക്കപ്പുറം ഒരോണക്കാലം. കടുവ കെട്ടുതുടങ്ങി. ഞങ്ങൾ അതിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങി.

പ്രസന്നനായിരുന്നു അന്നത്തെ കടുവ. തിരുവോണമാണ്. ആർപ്പുവിളിയും കുരവയും നിറഞ്ഞ അന്തരീക്ഷം, പൂക്കളം ഓരോ മുറ്റത്തും. വാഴപിണ്ടിയിൽ മരോട്ടി വിളക്ക്.

എങ്ങും ഓണത്തിന്റെ വെട്ടവും വെളിച്ചവും.

പ്രസന്നൻ എന്റെ സഹപാഠിയായിരുന്നു. ക്ഷിപ്രകോപി. കലി വന്നാൽ സർവ്വ നിയന്ത്രണവും പോകും. ഒരിക്കൽ സ്കൂളിലെ ഉപ്പുമാവുപുരയിൽ വച്ച് എന്തോ അനിഷ്ടമുണ്ടായി. പ്രതിയോഗിയെ ചവിട്ടി അടുപ്പിലേക്കിട്ടു. മുതിർന്നവർ ഓടി വന്നിട്ടും, കെ.സി. നായർ സാർ ചൂരലുമായി വന്നിട്ടും പ്രസന്നൻ അടങ്ങിയില്ല.

പിന്നെ ചന്തിക്കും കയ്യിലും ഹെഡ്മാസ്റ്റർ നൽകിയ നല്ല തല്ലു കൊണ്ടിട്ടും കരഞ്ഞില്ല -

കടുവ കെട്ടാൻ പലതരം പുല്ലുകൾ ഉപയോഗിക്കും. നേരത്തെ തന്നെ ഊണു കഴിച്ച് പ്രസന്നൻ വീട്ടിൽ വന്നതാണ്. ഞങ്ങൾ ഒന്നിച്ചവിടെ നിന്ന് കടുവ കെട്ടുന്നിടത്തേക്ക് നടന്നു.

സംഗതി ഗംഭീരമായി. കടുവ തിരുവാതിരകളിയിലെത്തി. അവർക്കൊപ്പം കടുവ കളിക്കേണ്ടതാണ്. പക്ഷെ നിയന്ത്രണമില്ലാതെ പ്രസന്നൻകടുവ നിലത്തു കിടന്നുരുണ്ടു. വെപ്രാളം കാട്ടി. വായ മൂടി വലിച്ചു മാറ്റി തന്റെ ശരീരമാകെ ചൊറിഞ്ഞു.- ഉഷ്ണിക്കുന്നു എന്നൊക്കെ പ്രസന്നൻ പറഞ്ഞു പക്ഷെ സംഘാടകക്കുട്ടികൾ സാരമില്ല നീ, കളിക്ക് - എന്നൊക്കെ പറഞ്ഞ് അവനെ മുന്നോട്ടു നയിച്ചു. അവൻ കൂട്ടുകാരുടെ കയ്യിൽ മുറുകെ പിടിച്ച് മുരുപ്പ് കയറി. വീടുകൾ കയറിയിറങ്ങി ഓണം പൊലിപ്പിച്ചു.

സന്ധ്യയായി. രാത്രിയായി. മറ്റു കൂട്ടുകാരൊക്കെ പിരിഞ്ഞു പോയി. കടുവ കെട്ടഴിച്ചു. പ്രസന്നൻ മതിയാവോളം വെള്ളം കുടിച്ചു. ഉപ്പേരി തിന്നു. പിന്നെ വയൽ വരമ്പും കുളക്കരയും കടന്ന് വീടെത്തി. വെളിച്ചത്തിൽ അവൻ കാലുയർത്തി കാണിച്ചു. അവിടമാകെ തിണർത്തു കിടക്കുന്നു.കാര്യം മനസ്സിലായില്ല. അപ്പോഴാണ് അവൻ ഉണ്ടായ കാര്യം പറഞ്ഞത്:

പ്രസന്നനുമായി കലഹിച്ച ഒരു വിരുതൻ കടുവകെട്ടു സ്ഥലത്ത് വന്നിരുന്നൂ. അയാൾ കയ്യിൽ കരുതിയിരുന്നത്. സാധാരണ പുല്ലായിരുന്നില്ല ചൊറിതനമായിരുന്നു.

കടുവ കെട്ടു സംഘത്തിനൊപ്പം നിന്ന് തക്കവും തായവും നോക്കി പ്രതിയോഗി ചൊറിതനം പ്രസന്നന്റെ ശരീരത്തോട് ചേർത്ത് വെച്ചുകെട്ടി.ആദ്യമൊന്നും അത് കടുവ കാര്യമാക്കിയില്ല. വിയർത്തുതുടങ്ങിയപ്പോഴാണ് കളി കാര്യമായി.

"ഓണം കഴിയട്ടെ അവന് ഞാൻ വെച്ചിട്ടുണ്ട്." ക്ഷുഭിതനായി പ്രസന്നൻ പറഞ്ഞു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. തനിക്കിട്ട് പണിഞ്ഞ പഹയന് എട്ടിന്റെ പണി പ്രസന്നൻ നൽകിയിട്ടുണ്ടാകുമോ? അറിയില്ല.

ഓണക്കാലങ്ങളിൽ ഇങ്ങനെ പല പല ഓർമ്മകൾ പതുങ്ങി വരും. അവയിൽ പലതും ഇനി ഒരിയ്ക്കലും തിരിച്ചു വരാത്തവയാണ്. പ്രസന്നൻ ഇന്ന് ഓർമ്മയായിരിക്കുന്നു.

അങ്ങനെ കാലങ്ങൾക്കപ്പുറത്തെ ഓണക്കാലം കുടഞ്ഞിട്ടുന്നത് പലതരം ചോനലുറുമ്പുകളെ !!!