Movie prime

ഇതാ ഒരു നടൻ

 

സിനിമയില്‍ ഏറ്റവും പ്രയാസമായ കാര്യങ്ങളില്‍ ഒന്നാണ് പ്രേക്ഷകനെ മനം മറന്ന് ചിരിപ്പിക്കുക എന്നത്. തമാശ രംഗങ്ങളില്‍ സംഭാഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ പലപ്പോഴും ആളുകള്‍ ചിരിക്കാന്‍ പാടാണ് അപ്പോഴാണ് തന്റെ ആദ്യ ചിത്രത്തില്‍ തന്നെ വെറും ആക്ഷന്‍ കൊണ്ട് മാത്രം ചിരിയുടെ മാലപ്പടക്കം തീര്‍ത്ത്  നസ്ലന്‍ കെ ഗഫൂര്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.

ഒരുപക്ഷെ നസ്ലന്‍ എന്ന പേര് പലര്‍ക്കും അറിവുണ്ടാകില്ല. എന്നാല്‍ തലയില്‍ നിറച്ചു  ബുദ്ധിയുള്ള റിച്ച് അച്ഛനുള്ള തണ്ണീര്‍  മത്തന്‍ ദിനങ്ങളിലെ മെല്‍വിനെ അറിയാത്തവര്‍ ഉണ്ടാവില്ല. അത്രമേല്‍ ആ കഥാപാത്രം മലയാളി മനസ്സില്‍ കയറിക്കൂടിയിട്ടുണ്ട്്. തുടര്‍ച്ചയായ നാലു സിനിമകളും വിജയം നേടി വിജയപഥത്തിലാണ് നസ്ലന്‍ ഇപ്പോള്‍.

തന്റെ സ്വതസിദ്ധമായ സംസാരശൈലിയും അതിഭാവുകത്വമില്ലാത്ത അഭിനയവും കൊണ്ട് വളരെ പെട്ടന്നാണ് നസ്ലന്‍  മലയാളികളുടെ മനം കവര്‍ന്നത്. സീനിയര്‍താരങ്ങള്‍ ഒക്കെ ഒരേ സ്വരത്തില്‍ ശോഭനമായ ഭാവി പ്രവചിക്കുന്ന രീതിയില്‍ നസ്ലന്‍ വളര്‍ന്നു.തന്റെ സീരിയസ് ഫെയ്‌സ്  കൊണ്ട്  ഡയലോഗ് അടിച്ചു മറ്റുള്ളവരെ ചിരിപ്പിക്കുക എന്നുള്ളത് വളരെ കഴിവുള്ള കാര്യമാണ് .സീരിയസ് ആയി പറയുന്ന കാര്യങ്ങള്‍ പോലും തമാശ ആയി തോന്നുന്ന രീതിയില്‍ ഉള്ള കഥാപാത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലേത്.

കുരുതിയിലേക്കെത്തുമ്പോള്‍ ചെറുപ്രായത്തില്‍ തന്നെ ഗൗരവക്കാരനായി മാറേണ്ടി വന്ന, രക്തം തിളച്ചു നില്‍ക്കുന്ന കൗമാരക്കാരനായ റസൂലായി നസ്ലന്‍ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ച വച്ചിരിക്കുന്നത്. റസൂലിന്റെ ഓരോ ഡയലോഗുകളും സിനിമയുടെ ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ ഭാഗമായിരുന്നു. ഒരു തീവ്രവാദ ഗ്രൂപ്പിന്റെ കണ്ണിലൂടെ മാത്രം ചുറ്റുമുള്ളവരെയും ലോകത്തെയും കാണാന്‍ ശ്രമിക്കുന്ന റസൂലിനെയാണ്  പ്രേക്ഷകര്‍ക്ക് സിനിമ ആദ്യം പരിചയപ്പെടുത്തിയത്. എന്നാല്‍ അതേ സമയം, കഥാപാത്രത്തിനുള്ളില്‍ പ്രായത്തിന്റെതായ  സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ട്. ഈ രണ്ട് വികാരങ്ങള്‍ സൃഷ്ടിച്ച സങ്കീര്‍ണ്ണത, യാതൊരു കൃത്രിമത്വവുമില്ലാതെ നസ്ലന്‍ അവതരിപ്പിച്ചു.

കഥ പുരോഗമിക്കുമ്പോള്‍ റസൂലിന്റെയുള്ളിലെ വെറുപ്പും ദേഷ്യവും ശക്തമാവുന്നതൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച നസ്ലന്റെ  പ്രകടനം പ്രേക്ഷകരെ തെല്ലും മടുപ്പിക്കുന്നില്ല. നസ്ലന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് #ഹോം .മലയാളത്തില്‍ സമീപകാലത്ത് ഒടിടി റിലീസായി പുറത്തിറങ്ങിയ സിനിമകളില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലെത്തിയ ചിത്രമാണ് 'ഹോം'. ഈ ചിത്രത്തില്‍ ഇന്‍ന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റിന്റെ രണ്ടാമത്തെ മകനായ  ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് എന്ന യൂട്യൂബറായി  ചിരിപ്പിച്ചും, തഗ് ഡയലോഗുകള്‍ അടിച്ചും നസ്ലന്‍ നമ്മെ വിസ്മയിപ്പിക്കുന്നു. ലോകത്തില്‍ ജീവിതം എങ്ങനെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളാക്കി നാട്ടുകാരെ അറിയിക്കാം എന്നതില്‍ കവിഞ്ഞ് ലക്ഷ്യങ്ങളൊന്നും തല്‍ക്കാലമില്ലത്ത ആളാണ് ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ. 

BLive News Video

ക്ലൈമാക്സില്‍ അമ്മയുടെ വഴക്ക് കേട്ട് ശേഷം തന്റെ തെറ്റുകള്‍ക്ക് മനസിലാക്കി  പശ്ചാത്താപത്തോടെ അമ്മയെ നോക്കി അമ്മയുടെ ഒരു ചിരിക്ക് വേണ്ടി അവന്‍ കാത്ത് നില്‍ക്കുന്ന  ഒരുസീനുണ്ട്.. തമ്മില്‍ ഭംഗിയുള്ള രണ്ടു ചിരികള്‍ നല്‍കിയാണ് ആ രംഗം അവസാനിക്കുന്നത്.. എത്ര മനോഹരമായാണ് നസ്ലന്‍ അത് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ചെഗ്വേര അരാണെന്ന് ഒളിവര്‍ ട്വിസ്റ്റിനു പറഞ്ഞു കൊടുക്കുന്ന രംഗങ്ങള്‍ ഒക്കെ അത്രയുംപെര്‍ഫെക്റ്റ് ആണ് . അതുകൊണ്ടാണ് മലയാള സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ പ്രാപ്തനായ അഭിനേതാവാണ് നസ്ലനെന്ന്   വിജയ് ബാബു അഭിപ്രായപ്പെട്ടത്. 
നസ്ലന്‍ ഇന്നുള്ള യുവനടന്മാരില്‍ ഏറ്റവും ഭാവിയുള്ള അഭിനേതാക്കളിലൊരാളാണ്. കുരുതിയിലും തണ്ണീര്‍മത്തനിലും നമ്മള്‍ അത് കണ്ടു. ഇപ്പോള്‍ ഹോമിലും അത്രയും മികച്ച പെര്‍ഫോമന്‍സാണ് നസ്ലന്‍ നല്‍കിയിരിക്കുന്നത്.

മികച്ച ഭാവിയാണ്  നസ്ലനെ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല,ഒരു അഭിമുഖത്തിനിടെ' വിജയ് ബാബു പറഞ്ഞ വാക്കുകളാണിത്. അതുപോലെ തന്നെ മലയാള സിനിമയിലെ പ്രെസന്‍സ് ആയിമാറേണ്ട താരമാണ്  നസ്ലന്‍  എന്നും അവന്‍ ശെരിയായ പാത  കണ്ടെത്തും എന്നെനിക്ക് വിശ്വാസം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. കുരുതിയിലെ  നസ്ലന്റെ  അഭിനയത്തെ വാനോളം പുകഴ്ത്തി റോഷന്‍ മാത്യുവും രംഗത്ത് വന്നിരുന്നു.മലയാള സിനിമയില്‍ ഇനിയും വേരുറപ്പിച്ചു തഴച്ചുവളരാന്‍ കഴിയുന്ന ഒന്നാന്തരം നടനാണ്  നസ്ലന്‍.

ഏത് സിനിമയില്‍ ആയാലും അതിലെ നടനെ സൈഡ് ആക്കിയുള്ള  പെര്‍ഫോമെന്‍സ് കാഴ്ചവയ്ക്കാനുള്ള കഴിവ്   നസ്ലനുണ്ട് . ഓരോ ചിത്രങ്ങള്‍ കഴിയുമ്പോഴും മലയാള സിനിമയിലെ മികച്ച നടന്‍ എന്നപദം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് നസ്ലന്‍  .ഇനിയും നിരവധി ചിത്രങ്ങള്‍ നസ്ലന്റെതായി പുറത്തുവരാനുണ്ട്. അവയിലും മികച്ച പ്രകടനം പ്രതീക്ഷിക്കാം...