in

അനിൽ പി നെടുമങ്ങാട് എന്ന അഭിനയപ്രതിഭ

Anil P Nedumangad
നാടക, സിനിമാ ലോകത്തെ അമ്പരിപ്പിക്കുന്ന വാർത്തയായി അനിൽ പി നെടുമങ്ങാട് എന്ന അഭിനയപ്രതിഭയുടെ അപ്രതീക്ഷിത വിടവാങ്ങൽ. സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ, മലങ്കര ഡാം സൈറ്റിൽ ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം മുങ്ങിമരിച്ചത്. ജോജു ജോർജ് നായകനാവുന്ന സൻഫീർ കെ യുടെ ‘പീസ് ‘ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തൊടുപുഴയിൽ നടക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അനിൽ  ക്രിസ്മസിന് ഒഴിവു ദിവസമായതിനാൽ ഷൂട്ടിങ്ങ് സെറ്റ് കാണാനായാണ് തൊടുപുഴയിൽ എത്തിയത് എന്നറിയുന്നു. ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെടുകയായിരുന്നു.Anil P Nedumangad

പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരനിലൂടെ  അഭിനയ രംഗത്തെത്തിയ അനിൽ, രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ ചെയ്ത വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷവും അദ്ദേഹം അവിസ്മരണീയമാക്കി. പാവാട, ഞാൻ സ്റ്റീവ് ലോപ്പസ്, കിസ്മത്ത്, പരോൾ, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ‘ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

ജൂണിലാണ് സംവിധായകൻ സച്ചി നമ്മെ വിട്ടുപിരിഞ്ഞത്. തൻ്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായി അനിൽ തൻ്റെ ഫേസ്ബുക്കിൽ എഴുതിയ സച്ചിയെപ്പറ്റിയുള്ള കുറിപ്പിൽ സ്വന്തം മരണത്തെക്കുറിച്ചും പറയുന്നതാണ് അവിശ്വസനീയമായത്. ”ഈ ദിവസം ഞാൻ അദ്ദേഹത്തെ കുറിച്ചാണ് എഴുതേണ്ടത്. പക്ഷേ ഒന്നും എഴുതാൻ കഴിയുന്നില്ല. മരിക്കുന്നതുവരെ എൻ്റെ കവർചിത്രം
നിങ്ങളായിരിക്കും, സച്ചി.” തികച്ചും യാദൃശ്ചികവും ഹൃദയസ്പർശിയുമായ ആ ഓർമക്കുറിപ്പെഴുതി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനിലും നമ്മെ
വിട്ടുപിരിഞ്ഞു. തൻ്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രത്തെ സമ്മാനിച്ച സച്ചിയെ മരണത്തിന് ഏതാനും നിമിഷം മുമ്പുവരെ അദ്ദേഹം ഓർമിച്ചു.

അടുത്തടുത്ത ദിവസങ്ങളിലായി ‘ഷോക്കിങ്ങ് ‘ വാർത്തകളിലാണ്മലയാള സിനിമാ ലോകം.   രണ്ടുദിവസം മുമ്പാണ് സംവിധായകൻ ഷാനവാസ് നരണിപ്പുഴ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ജാതി രാഷ്ട്രീയം ചർച്ച ചെയ്ത
‘കരി’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷാനവാസിൻ്റെ ‘സൂഫിയും സുജാതയും’ എന്ന ചിത്രം വലിയ വിജയമായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. ഡിസംബർ 20-ന് ക്രിസ്മസ് നക്ഷത്രം തൂക്കിയിടാൻ ഒരു മരത്തിൽ കയറുന്നതിനിടെ വീണുമരിച്ച ഷാബു പുൽപ്പള്ളി എന്ന മേക്കപ്പ്മാൻ്റെ മരണമാണ് ചലച്ചിത്ര ലോകത്തെ ദു:ഖത്തിലാഴ്ത്തിയ മറ്റൊരു വിയോഗം. നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാൻ ആയിരുന്നു ഷാബു പുൽപ്പള്ളി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വൈറലായി ‘കോബ്ര’യിലെ വിക്രമിൻ്റെ സെക്കൻ്റ് ലുക്ക്

പാലക്കാട്ടെ ദുരഭിമാനക്കൊല, യുവാവിനെ വെട്ടിക്കൊന്നത് പെൺകുട്ടിയുടെ പിതാവ്